ചുരുങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയ നടനാണ് അനു മോഹന്‍. ചട്ടമ്പിനാട് എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അദ്ദേഹം കരിയര്‍ തുടങ്ങുന്നത്. സഹതാരമായും പ്രതിനായകനായും നിരവധി മലയാള ചിത്രങ്ങളില്‍ അനു മോഹന്‍ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.
മഞ്ജു വാര്യരെ കുറിച്ചും ലളിതം സുന്ദരം എന്ന സിനിമയെ കുറിച്ചും സംസാരിക്കുകയാണ് അനു മോഹന്‍. മഞ്ജു വാര്യരുടെ ഒപ്പം അഭിനയിക്കണമെന്നത് തന്റെ വലിയ ആഗ്രഹമായിരുന്നുവെന്നും അനു മോഹന്‍ പറയുന്നു. ലളിതം സുന്ദരം എന്ന സിനിമ ചെയ്യാന്‍ പോകുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ ചിത്രത്തിന്റെ സംവിധായകന്‍ മധു വാര്യരെ വിളിച്ച് അവസരം ചോദിച്ചെന്ന് അനു മോഹന്‍ പറഞ്ഞു.
ജെറി എന്ന അനിയന്‍ കഥാപാത്രമുണ്ടെങ്കിലും താന്‍ അതിന് പറ്റില്ലെന്നും പ്രായം കൂടുതലാണെന്ന് അദ്ദേഹം പറഞ്ഞെന്നും അനു മോഹന്‍ കൂട്ടിച്ചേര്‍ത്തു. അപ്പോള്‍ തന്നെ താന്‍ ക്ലീന്‍ഷേവ് ചെയ്ത ഫോട്ടോസ് അയച്ചുകൊടുത്തെന്നും അതോടെ കഥാപാത്രത്തിന്റെ ലുക്ക് സംബന്ധിച്ച കണ്‍ഫ്യൂഷന്‍ മാറിയെന്നും അനു മോഹന്‍ പറഞ്ഞു. ആ ചിത്രത്തിലെ ജെറി എന്ന കഥാപാത്രം തന്റെ കരിയറിലെ തന്നെ മികച്ച അവസരങ്ങളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു.
‘മഞ്ജു ചേച്ചിയോടൊപ്പം അഭിനയിക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. ‘ലളിതം സുന്ദരം’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ മധുചേട്ടനെ വിളിച്ച് അവസരം ചോദിച്ചു. അയ്യപ്പനും കോശിയിലെ എന്റെ രൂപമായിരുന്നു ചേട്ടന്റെ മനസില്‍. ‘ജെറി എന്ന അനിയന്‍ കഥാപാത്രമുണ്ടെങ്കിലും നീ പറ്റില്ല. നല്ല ചെറുപ്പം വേണം മോനെ, രണ്ടു കാലഘട്ടമുണ്ട്’ എന്ന് ചേട്ടന്‍ പറഞ്ഞു.
ഫോണ്‍ കട്ട് ചെയ്ത ഉടനേ തന്നെ ക്ലീന്‍ഷേവ് ചെയ്ത ഫോട്ടോസ് അയച്ചു കൊടുത്തു. അതോടെ കഥാപാത്രത്തിന്റെ ലുക്ക് സംബന്ധിച്ച കണ്‍ഫ്യൂഷന്‍ മാറി. ജെറി എന്ന കഥാപാത്രം എന്റെ കരിയറിലെ തന്നെ മികച്ച അവസരങ്ങളിലൊന്നാണ്,’ അനു മോഹന്‍ പറയുന്നു.