ആദ്യം നസ്രിയയെ ആ കഥാപാത്രത്തിലേക്ക് ആലോചിച്ചു; ദൈവനിയോഗം പോലെ എനിക്ക് ചെയ്യാനായി: അനു ഇമാനുവല്‍
Entertainment
ആദ്യം നസ്രിയയെ ആ കഥാപാത്രത്തിലേക്ക് ആലോചിച്ചു; ദൈവനിയോഗം പോലെ എനിക്ക് ചെയ്യാനായി: അനു ഇമാനുവല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 14th June 2025, 5:01 pm

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് അനു ഇമാനുവല്‍. 2011ല്‍ സ്വപ്‌ന സഞ്ചാരി എന്ന കമല്‍ – ജയറാം ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് അനു തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. സിനിമയിലെ നടിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പിന്നീട് 2016ല്‍ ആക്ഷന്‍ ഹീറോ ബിജുവെന്ന എബ്രിഡ് ഷൈന്‍ – നിവിന്‍ പോളി ചിത്രത്തിലൂടെ അനു ഇമാനുവല്‍ ആദ്യമായി നായികയായി. അതേ വര്‍ഷം തന്നെ മജ്‌നുവെന്ന സിനിമയിലൂടെ അനു തെലുങ്കിലും അഭിനയിച്ചു.

2017ല്‍ തുപ്പരിവാലന്‍ എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്രരംഗത്തും അനു തന്റെ സാന്നിധ്യം അറിയിച്ചു. പ്രശസ്ത മലയാള ചലച്ചിത്ര നിര്‍മാതാവായ തങ്കച്ചന്‍ ഇമാനുവലാണ് അനുവിന്റെ പിതാവ്. അദ്ദേഹമാണ് സ്വപ്‌ന സഞ്ചാരി സിനിമ നിര്‍മിച്ചത്.

ഇപ്പോള്‍ താന്‍ സ്വപ്‌ന സഞ്ചാരിയിലേക്ക് എത്തിയതിനെ കുറിച്ച് പറയുകയാണ് അനു. സിനിമ തന്റെ സ്വപ്‌നത്തില്‍ ഉണ്ടായിരുന്നുവെന്നും എട്ടാം വയസ് മുതല്‍ തന്റെ മോഹങ്ങളില്‍ സിനിമ കടന്നുകൂടിയിരുന്നുവെന്നും നടി പറയുന്നു.

അപ്രതീക്ഷിതമായിട്ടാണ് തന്റെ അച്ഛന്‍ സ്വപ്‌ന സഞ്ചാരിയുടെ നിര്‍മാണത്തിലേക്ക് എത്തിയതെന്നും നസ്രിയക്ക് വേണ്ടിയായിരുന്നു ആ വേഷം ആദ്യം ആലോചിച്ചിരുന്നതെന്നും അനു ഇമാനുവല്‍ കൂട്ടിച്ചേര്‍ത്തു.

‘എന്റെ സ്വപ്നത്തില്‍ സിനിമ ഉണ്ടായിരുന്നോയെന്ന് ചോദിച്ചാല്‍, ഉണ്ടായിരുന്നു. എട്ടാം വയസ് മുതല്‍ മോഹങ്ങളില്‍ സിനിമ കടന്നുകൂടിയിരുന്നു. കുട്ടിക്കാലത്ത് ഭരതനാട്യം പഠിച്ചു. പിന്നീട് ഞാന്‍ ആഗ്രഹിച്ചതും ദൈവം വിധിച്ചതും ഒരുപോലെയായിരുന്നു.

തികച്ചും അപ്രതീക്ഷിതമായാണ് അച്ഛന്‍ സ്വപ്ന സഞ്ചാരി എന്ന ചിത്രം നിര്‍മിച്ചത്. ദൈവനിയോഗം പോലെ അതിലൊരു വേഷം ചെയ്യാന്‍ കഴിഞ്ഞു. നസ്രിയയെ ആയിരുന്നു ആ കഥാപാത്രത്തിന് വേണ്ടി ആദ്യം ആലോചിച്ചത്.

അത് നടക്കാതെ വന്നപ്പോള്‍ മറ്റു പലരെയും ചിന്തിച്ചു. ആ അന്വേഷത്തിനിടയിലാണ് എന്റെ ഫോട്ടോ അച്ഛന്‍ കമല്‍ സാറിന്റെ ശ്രദ്ധയില്‍ പെടുത്തിയത്. അദ്ദേഹം ഓക്കെ പറഞ്ഞതോടെ എന്നെ അമേരിക്കയില്‍ നിന്ന് വിളിച്ചുവരുത്തി. അങ്ങനെ ആ മോഹം സഫലമായി,’ അനു ഇമാനുവല്‍ പറയുന്നു.

Content Highlight: Anu Emmanuel Talks About Nazriya And Swapna Sanchari Movie