ആന്റി റോമിയോ സ്‌ക്വാഡ്; ബുള്‍ഡോസര്‍ രാജ്; യോഗിയെ അനുകരിച്ച് പുതിയ ബീഹാര്‍ സര്‍ക്കാര്‍
India
ആന്റി റോമിയോ സ്‌ക്വാഡ്; ബുള്‍ഡോസര്‍ രാജ്; യോഗിയെ അനുകരിച്ച് പുതിയ ബീഹാര്‍ സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th November 2025, 3:46 pm

പാട്‌ന: ബീഹാറില്‍ മൃഗീയ ഭൂരിപക്ഷത്തില്‍ ഭരണത്തിലേറിയ എന്‍.ഡി.എ സര്‍ക്കാര്‍ അനുകരിക്കുന്നത് യു.പിയിലെ യോഗി സര്‍ക്കാരിനെ ബീഹാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം ബി.ജെ.പിയുടെ കൈകളില്‍ കിട്ടിയതോടെയാണ് യോഗി മോഡല്‍ നിയമങ്ങള്‍ നടപ്പാക്കാന്‍ ബീഹാറിലും ശ്രമങ്ങളാരംഭിച്ചത്.

ഉപമുഖ്യമന്ത്രിമാരിലൊരാളായി സാമ്രാട്ട് ചൗധരി അധികാരമേറ്റ ഉടനെ തന്നെ പൂവാലശല്യം തടയുന്നതിനായി ആന്റി റോമിയോ സ്‌ക്വാഡുകള്‍ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

യു.പിയിലെ ആന്റി റോമിയോ സ്‌ക്വാഡുകള്‍ സാദാചാര ഗുണ്ടായിസം കാണിച്ച് ഒട്ടേറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഈ മോഡല്‍ ബീഹാറും സ്വീകരിക്കുന്നത് ആശങ്കയോടെയാണ് ജനാധിപത്യവാദികള്‍ കാണുന്നത്.

ആന്റി റോമിയോ സ്‌ക്വാഡ് രൂപീകരിച്ച് സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും സമീപത്ത് വിന്യസിക്കാനാണ് നീക്കം.

ഇതിന് പുറമെ സുപ്രീം കോടതിയുടെയടക്കം വിമര്‍ശനങ്ങള്‍ക്ക് കാരണമായ ബുള്‍ഡോസര്‍ രാജ് നടപ്പാക്കാനും ബീഹാര്‍ തയ്യാറെടുക്കുന്നുണ്ട്. കുറ്റവാളികളെന്ന് ആരോപിക്കപ്പെടുന്നവരുടെ വീടുകള്‍ തകര്‍ക്കാന്‍ സര്‍ക്കാര്‍ ബുള്‍ഡോസറുകള്‍ ഏര്‍പ്പാടാക്കുമെന്ന് ചൗധരി അറിയിച്ചിട്ടുണ്ട്.

ബീഹാറില്‍ ഇതുവരെയുള്ള 400 മാഫിയ സംഘങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും ബി.ജെ.പി അറിയിച്ചു. എന്നാല്‍, തീരുമാനത്തെ  പ്രതിപക്ഷമായ കോണ്‍ഗ്രസും ആര്‍.ജെ.ഡിയും അപലപിച്ചു.

ഇതിനിടെ, രാജവംശങ്ങളില്‍ നിന്നുള്ളവരെ സംസ്ഥാനത്തിന്റെ പ്രധാനപ്പെട്ട അധികാര സ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതും വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മിക്ക സീറ്റുകളും ജാതി രാഷ്ട്രീയവും രാജവംശ ബന്ധങ്ങളും നോക്കിയാണ് വീതം വെച്ചത്. ഇതില്‍ പലരും വിജയിച്ചതോടെ മന്ത്രി സ്ഥാനങ്ങളും രാജവംശങ്ങളിലേക്ക് ചുരുക്കപ്പെടുന്ന ആശങ്കയുമുണ്ട്.

രാജ്യസഭാംഗമായ രാഷ്ട്രീയ ലോക് മോര്‍ച്ച അധ്യക്ഷന്‍ ഉപേന്ദ്ര കുശ്‌വാഹയുടെ മകന്‍ ദീപക് പ്രകാശ് സര്‍പ്രൈസ് മന്ത്രിയായിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ദീപക് പ്രകാശിന് മന്ത്രിസ്ഥാനം നല്‍കിയത് സംസ്ഥാനത്തെ അധികാര കേന്ദ്രങ്ങളില്‍ രാജവംശങ്ങള്‍ പിടിമുറുക്കുന്നതിന്റെ സൂചനയായാണ് കണക്കാക്കുന്നത്.

Content Highlight: Anti-Romeo Squad; Bulldozer Raj; New Bihar Government Imitates Yogi