തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പുതിയ തൊഴിൽ നയത്തിലെ മനുസ്മൃതി സൂചനകൾ തൊഴിലാളി വിരുദ്ധവും ഫെഡറൽ വിരുദ്ധവുമാണ് വിമർശിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി.
കേന്ദ്ര തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ ‘ശ്രം ശക്തി നീതി 2025’ എന്ന പുതിയ കരടിലുള്ള തൊഴിലാളി നയങ്ങൾ ഭരണഘടനാപരമായ തൊഴിലാളികളുടെ അവകാശങ്ങളെയും സാമൂഹ്യനീതി സങ്കൽപ്പത്തെയും അടിച്ചമർത്തുമെന്ന് മന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ വിമർശനം.
‘ഭരണഘടനയ്ക്ക് പകരം മനുസ്മൃതി പോലുള്ള പ്രാചീന ഗ്രന്ഥങ്ങളെയും രാജധർമ്മം, ശ്രമം ധർമം തുടങ്ങിയ സങ്കല്പങ്ങളെയും ഉദ്ധരിക്കുന്നത് അങ്ങേയറ്റം അപലപനീയവും പിന്തിരിപ്പനുമാണ്. ഇത് തൊഴിലാളികളെ അവകാശമുള്ള പൗരന്മാർ എന്ന നിലയിൽ നിന്നും വിധേയത്വമുള്ള അടിയാളർ എന്ന നിലയിലേക്ക് താഴ്ത്താനുള്ള ഗൂഢശ്രമമാണ്,’ ശിവൻകുട്ടി പറഞ്ഞു.
ഈ നയത്തെ കേരളം സർക്കാർ ശക്തമായി എതിർക്കുന്നുവെന്നും മന്ത്രി അറിയിച്ചു. തൊഴിലും തൊഴിൽ ക്ഷേമവും ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽപ്പെട്ട വിഷയമാണെന്നും ഈ കരട് നയം സംസ്ഥാനങ്ങളെ പൂർണമായും നോക്കുകുത്തികളാക്കുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രത്തിന്റെ കോർപ്പറേറ്റ് അനുകൂല നയങ്ങൾ അടിച്ചേൽപ്പിക്കാനാണ് പുതിയ നയത്തിലൂടെ ശ്രമിക്കുന്നതെന്നും .ഇത് ഫെഡറൽ തത്വങ്ങളുടെ നഗ്നമായ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലാളികളുടെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യങ്ങളായ തൊഴിൽ സുരക്ഷ, മാന്യമായ വേതനം, സ്ഥിരം തൊഴിൽ എന്നിവയെക്കുറിച്ച് ഈ നയത്തിൽ പറയുന്നില്ലെന്നും തൊഴിൽ നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട മന്ത്രാലയത്തിന്റെ ഉത്തരവാദിത്തം ഈ നയത്തിലൂടെ സാധ്യമാകില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി.
തൊഴിലാളി വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ പുതിയ നയം ഉടനടി പിൻവലിക്കണമെന്നും ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും ചർച്ച ചെയ്ത് പുതിയ നയം രൂപീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഫേസ്ബുക്കിന്റെ പൂർണരൂപം
കേന്ദ്ര സർക്കാരിന്റെ പുതിയ കരട് തൊഴിൽ നയം: തൊഴിലാളി വിരുദ്ധവും ഫെഡറൽ വിരുദ്ധവും..
കേന്ദ്ര തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ “ശ്രം ശക്തി നീതി 2025” എന്ന പുതിയ കരട് തൊഴിൽ നയം അങ്ങേയറ്റം തൊഴിലാളി വിരുദ്ധവും സംസ്ഥാനങ്ങളുടെ അവകാശങ്ങളെ കവർന്നെടുക്കുന്നതുമാണ്. ഭരണഘടനാപരമായ തൊഴിലാളി അവകാശങ്ങളെയും സാമൂഹ്യനീതി എന്ന സങ്കൽപ്പത്തെയും പൂർണ്ണമായും നിരാകരിക്കുന്ന ഈ നയത്തെ കേരള സർക്കാർ ശക്തമായി എതിർക്കുന്നു.
ഈ നയം അപകടകരമാവുന്നത് എന്തുകൊണ്ട്?
– ഭരണഘടനയ്ക്ക് പകരം മനുസ്മൃതി: തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്ന ഒരു നയരേഖയ്ക്ക് ആധാരമായി ഇന്ത്യൻ ഭരണഘടനയ്ക്ക് പകരം ‘മനുസ്മൃതി’ പോലുള്ള പ്രാചീന ഗ്രന്ഥങ്ങളെയും ‘രാജധർമ്മം’, ‘ശ്രമ ധർമ്മം’ തുടങ്ങിയ സങ്കൽപ്പങ്ങളെയും ഉദ്ധരിക്കുന്നത് അങ്ങേയറ്റം അപലപനീയവും പിന്തിരിപ്പനുമാണ്. ഇത് തൊഴിലാളികളെ ‘അവകാശങ്ങളുള്ള പൗരന്മാർ’ എന്ന നിലയിൽ നിന്ന് ‘വിധേയത്വമുള്ള അടിയാളർ’ എന്ന നിലയിലേക്ക് താഴ്ത്താനുള്ള ഗൂഢശ്രമമാണ്.
– ഫെഡറൽ തത്വങ്ങളുടെ ലംഘനം: തൊഴിലും തൊഴിൽ ക്ഷേമവും ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽ പെട്ട വിഷയമാണ്. എന്നാൽ ഈ കരട് നയം സംസ്ഥാനങ്ങളെ പൂർണ്ണമായും നോക്കുകുത്തികളാക്കുന്നു. ‘ലേബർ & എംപ്ലോയ്‌മെന്റ് പോളിസി ഇവാലുവേഷൻ ഇൻഡക്സ്’ പോലുള്ള സംവിധാനങ്ങളിലൂടെ സംസ്ഥാനങ്ങളെ റാങ്ക് ചെയ്യാനും, കേന്ദ്രത്തിന്റെ കോർപ്പറേറ്റ് അനുകൂല നയങ്ങൾ അടിച്ചേൽപ്പിക്കാനും ഇത് വഴിവെക്കും. ഇത് ഫെഡറൽ തത്വങ്ങളുടെ നഗ്നമായ ലംഘനമാണ്.
– തൊഴിലാളി അവകാശങ്ങളെ അവഗണിക്കുന്നു: തൊഴിലാളികളുടെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യങ്ങളായ തൊഴിൽ സുരക്ഷ, മാന്യമായ മിനിമം വേതനം, സ്ഥിരം തൊഴിൽ എന്നിവയെക്കുറിച്ച് ഈ നയം പൂർണ്ണമായും മൗനം പാലിക്കുന്നു. തൊഴിൽ നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട മന്ത്രാലയത്തിന്റെ ഉത്തരവാദിത്തത്തെ ലഘൂകരിക്കുന്നത് തൊഴിൽ ചൂഷണം വർദ്ധിപ്പിക്കാൻ മാത്രമേ സഹായിക്കൂ.
തൊഴിലാളികളുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കുന്നതിൽ കേരളം രാജ്യത്തിന് തന്നെ മാതൃകയാണ്. കേന്ദ്ര സർക്കാരിന്റെ ഈ തൊഴിലാളി വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ കരട് നയം ഉടനടി പിൻവലിക്കണമെന്നും, ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും ചർച്ച ചെയ്ത് പുതിയ നയം രൂപീകരിക്കണമെന്നും ശക്തമായി ആവശ്യപ്പെടുന്നു.
Content Highlight: Anti-labor and anti-federal; V. Sivankutty against the Center’s new draft labor policy