ന്യൂയോര്‍ക് ടൈംസിന്റെ ഏറ്റവും പുതിയ സര്‍വേ പ്രകാരം അമേരിക്കന്‍ ജനത ഇസ്രഈലിനെ തള്ളിപ്പറയകയും ഫലസ്തീനൊപ്പം നില്‍ക്കുകയുമാണ്. ലോകത്ത് ഇസ്രഈലിനെയും അവരുടെ നയങ്ങളെയും ഏറ്റവുമധികം പിന്തുണച്ചിരുന്ന ജനവിഭാഗമാണ് അമേരിക്കന്‍ ജനത എന്നത് നമ്മളോര്‍ക്കണം.
ആളുകളെ സ്വാധീനിക്കാന്‍ പോന്ന വലത് മാധ്യമങ്ങളും സയണിസ്റ്റുകളും അവരെ ഫണ്ട് ചെയ്യുന്നവരും ഇവാഞ്ചലിസ്റ്റുകളുമുള്ള അതേ അമേരിക്ക തന്നെയാണ് ഒരു തിരിഞ്ഞുനടപ്പിനൊരുങ്ങുന്നത്. യു.എന്നില്‍ ഫലസ്തീനിനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാതിരുന്നത് അര്‍ജന്റീനയടക്കം പത്ത് രാജ്യങ്ങളാണ്, അതും അമേരിക്കയുടെ സ്വാധീനത്താല്‍.
എന്നാലിപ്പോള്‍ അതേ അമേരിക്കയില്‍ ഫലസ്തീനിന് പിന്തുണയേറുകയും ഇസ്രഈലിന് പിന്തുണ കുറയുകയാണ്. ഇത് വെറുതെ പറയുന്നതല്ല, ന്യൂയോര്‍ക് ടൈംസിന്റെ സര്‍വേകള്‍ കണക്കുനിരത്തി വ്യക്തമാക്കുന്നതാണ്.
ഗസയിലെ സാധാരണക്കാരെ ഇസ്രഈല്‍ കൊന്നൊടുക്കുന്നത് മനപ്പൂര്‍വമാണോ അല്ലയോ എന്ന ചോദ്യത്തിന് അവര്‍ മനപ്പൂര്‍വം സാധാരണക്കാരെ കൊന്നൊടുക്കുന്നു എന്ന മറുപടിയാണ് 40 ശതമാനം ആളുകളും നല്‍കിയത്. 2023 ഡിസംബറില്‍ 22 ശതമാനം മാത്രം ആളുകള്‍ക്ക് മാത്രമാണ് ഈ അഭിപ്രായമുണ്ടായിരുന്നത്.
മാന്‍ഹാട്ടനില്‍ നടന്ന ഫലസ്തീന്‍ അനുകൂല റാലിയില്‍ നിന്നും
ഫലസ്തീനിയന്‍ ജനത അവിചാരിതമായി കൊല്ലപ്പെടുകയാണെന്ന അമേരിക്കന്‍ മനോഭാവത്തിലും മാറ്റമുണ്ടായി. 2023 ഡിസംബറില്‍ ഇത് 21 ശതമാനമുണ്ടായിരുന്നത് 2025 സെപ്റ്റംബറിലേക്കെത്തുമ്പോള്‍ 16 ശതമാനമായി കുറഞ്ഞു.
സര്‍വേ പ്രകാരം 2023 ഡിസംബറില്‍ 30 ശതമാനം ആളുകളും വിശ്വസിച്ചിരുന്നത് സിവിലിയന്‍മാര്‍ക്ക് അപകടമുണ്ടാകാതിരിക്കാന്‍ ഇസ്രഈല്‍ വേണ്ട കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നു എന്നാണ്. എന്നാല്‍ 2025ലേക്കെത്തിയപ്പോള്‍ അത് 25 ശതമാനമായും കുറഞ്ഞിരിക്കുകയാണ്.
2025 സെപ്റ്റംബറില്‍ ഫലസ്തീനൊപ്പം 35 ശതമാനം ആളുകളും ഇസ്രഈലിനൊപ്പം 34 ശതമാനം ആളുകളുമൊണ് നിലകൊണ്ടത്. രണ്ടുപക്ഷത്തിനൊപ്പം 19 ശതമാനമാളുകളും നിന്നപ്പോള്‍ 12 ശതമാനം പേര്‍ക്ക് അഭിപ്രായമുണ്ടായിരുന്നില്ല.
പൂര്‍ണമായും ബന്ദിമോചനം സാധ്യമായില്ലെങ്കിലും സിവിലിയന്‍മാരുടെ മരണമൊഴിവാക്കാന്‍ ഇസ്രഈല്‍ യുദ്ധം നിര്‍ത്തണമെന്നാണ് സര്‍വേയുടെ ഭാഗമായ 58 ശതമാനം ആളുകളും അഭിപ്രായപ്പെട്ടത്. 30 ശതമാനമാളുകള്‍ ബന്ദിമോചനം പൂര്‍ണമാകും വരെ ഇസ്രഈല്‍ സൈനിക നടപടി തുടരണമെന്ന അഭിപ്രായക്കാരാണ്.
കാലങ്ങളായുള്ള യു.എസ് – ഇസ്രഈല്‍ ബന്ധത്തിലുണ്ടാകാന്‍ സാധ്യതയുള്ള വെല്ലുവിളികളെ കുറിച്ചുള്ള സൂചനയും സര്‍വേ നല്‍കുന്നുണ്ട്. അമേരിക്ക ഇസ്രഈലിന് സൈനികമായും സാമ്പത്തികമായും സഹായിക്കുന്നതിനെ ഭൂരിഭാഗം യുവാക്കളും എതിര്‍ക്കുന്നുണ്ട്. 30 വയസില്‍ താഴെയുള്ള പത്തില്‍ ഏഴ് പേരും രാഷ്ട്രീയ ഭേദമന്യേ ഇസ്രഈലിനുള്ള സഹായം നല്‍കുന്നത് അവസാനിപ്പിക്കണമെന്ന അഭിപ്രായക്കാരാണ്.
ന്യൂയോര്‍ക് ടൈംസിന്റെ മാത്രമല്ല, സമീപകാലത്ത് അമേരിക്കയില്‍ നടന്നിട്ടുള്ള മിക്ക സര്‍വേ ഫലങ്ങളും അമേരിക്കന്‍ ജനതയ്ക്കിടയില്‍ വര്‍ധിച്ചുവരുന്ന ഇസ്രഈല്‍ വിരുദ്ധ വികാരത്തെ അടിവരയിടുന്നതാണ്.
ക്വിന്നിപിയാക് സര്‍വകലാശാലയുടെ സര്‍വേ പ്രകാരം, 60 ശതമാനം പേര്‍ ഇസ്രഈലിന് സൈനിക സഹായം നല്‍കുന്നത് എതിര്‍ക്കുകയാണെന്നും 32 ശതമാനം ആളുകള്‍ മാത്രമാണ് ഇതിനെ പിന്തുണക്കുന്നതെന്നും കണ്ടെത്തി.
ഗസയില്‍ വെടിനിർത്തല്‍ ആവശ്യപ്പെട്ട് വാഷിങ്ടണ്‍ ഡി.സിയില്‍ നടന്ന പ്രതിഷേധം
സര്‍വേയില്‍ വോട്ട് രേഖപ്പെടുത്തിയ 75 ശതമാനം ഡെമോക്രാറ്റുകളും ഇസ്രഈലിന് സൈനിക സഹായം നല്‍കുന്നത് എതിര്‍ക്കുന്നുണ്ട്. സ്വതന്ത്രര്‍ക്കിടയില്‍ 66 ശതമാനമായിരുന്നു എതിര്‍പ്പ്.
എന്നാല്‍ റിപ്പബ്ലിക്കന്മാരില്‍ 56 ശതമാനവും ഇസ്രഈലിന് സൈനിക സഹായം നല്‍കുന്നതിനെ പിന്തുണയ്ക്കുമ്പോള്‍ 36 ശതമാനം മറിച്ചുള്ള അഭിപ്രായവും രേഖപ്പെടുത്തി. അതേസമയം, യുവാക്കളായ റിപ്പബ്ലിക്കന്‍ വോട്ടര്‍മാര്‍ ഇസ്രഈലിനുള്ള പിന്തുണയില്‍ നിന്നും പിന്നോട്ട് വലിയുന്ന നിലപാടാണ് സ്വീകരിച്ചത്.
ഇസ്രഈലിനോടാണോ ഫലസ്തീനിനോടാണോ അനുഭാവമെന്ന ചോദ്യത്തിന് 37 ശതമാനം അമേരിക്കക്കാര്‍ ഫലസ്തീനികളെ തെരഞ്ഞെടുത്തപ്പോള്‍ 36 ശതമാനം പേരാണ് ഇസ്രഈലിനെ പിന്തുണച്ചത്. 27 ശതമാനം പേര്‍ അഭിപ്രായം രേഖപ്പെടുത്തിയില്ല. 2001 ഡിസംബറിന് ശേഷമുള്ള ഏറ്റവും വലിയ ഫലസ്തീന്‍ പിന്തുണയാണിതെന്നാണ് ക്വിന്നിപിയാക്കിന്റെ വിലയിരുത്തല്‍.
വൈറ്റ് ഹൗസിന് മുമ്പില്‍ നടന്ന പ്രതിഷേധം
ഇസ്രഈല്‍ ഗസയില്‍ വംശഹത്യ നടത്തുകയാണെന്നാണ് 50 ശതമാനം പേര്‍ അഭിപ്രായം രേഖപ്പെടുത്തി. 35 ശതമാനം ഇതിനെ എതിര്‍ക്കുകയും ചെയ്യുന്നുണ്ട്.
ഡെമോക്രാറ്റുകള്‍ക്കിടയില്‍ 77 ശതമാനം പേര്‍ ഇസ്രഈലിന്റെത് വംശഹത്യയാണെന്ന് കരുതുമ്പോള്‍ റിപ്പബ്ലിക്കന്മാരില്‍ 20 ശതമാനം പേര്‍ക്കാണ് ഈ അഭിപ്രായമുള്ളത്. സ്വതന്ത്രരില്‍ 51 ശതമാനവും ഇസ്രഈലിന്റെ വംശഹത്യയെ തിരിച്ചറിയുന്നുണ്ട്.
ഹാര്‍വാര്‍ഡ് സര്‍വകലാശാല ഹാരിസ് പോള്‍, ഹാരിസ് എക്‌സ് എന്നിവരുമായി ചേര്‍ന്ന് നടത്തിയ സര്‍വേ ഫലവും മറ്റൊന്നായിരുന്നില്ല. 18നും 24നും ഇടയിലുള്ളവരില്‍ ഭൂരിഭാഗവും ഫലസ്തീനെ അനുകൂലിച്ചുകൊണ്ട് തന്നെയാണ് അഭിപ്രായം രേഖപ്പെടുത്തിയത്.
ഈ സര്‍വേ ഫലങ്ങളെല്ലാം വ്യക്തമാക്കുന്നതെന്താണ്? പതിറ്റാണ്ടുകളായി അമേരിക്ക – ഇസ്രഈല്‍ ബന്ധത്തെ പിന്തുണക്കുന്ന അമേരിക്കന്‍ ജനതയില്‍ ഈ വികാരത്തിന് ഇടിവ് സംഭവിച്ചു എന്ന് തന്നെയാണ്.
Content Highlight: Anti-Israel sentiment growing in America, survey reports show