തീ പടര്‍ന്നാടിയ ബൊളീവിയന്‍ കാടുകളിലെ അധികാര കേന്ദ്രത്തില്‍ നിന്നും ചുവപ്പ് പടിയിറങ്ങി. രണ്ട് പതിറ്റാണ്ട് നീണ്ട ഇടത്-സോഷ്യലിസ്റ്റ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് ബൊളീവിയയില്‍ മധ്യവലത്-മിതവാദി നേതാവ് റോഡ്രിഗോ പാസ് അധികാരത്തിലേറിയിരിക്കുന്നത്.
തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ 54.6 ശതമാനം വോട്ടുകള്‍ നേടിയാണ് ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായ റോഡ്രിഗോ പാസ് ബൊളീവിയയുടെ അമരത്തേക്കെത്തുന്നത്. തീവ്ര വലത് നേതാവും മുന്‍ പ്രസിഡന്റും ലീബ്ര അലയന്‍സിനെ പ്രതിനിധീകരിക്കുന്നതുമായ ജോര്‍ജ് ക്വിറോയെ പരാജയപ്പെടുത്തിക്കൊണ്ടാണ് പാസിന്റെ വിജയം.

റോഡ്രിഗോ പാസ്
തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ രാജ്യത്തെ ഇടത്-സോഷ്യലിസ്റ്റ് പാര്‍ട്ടിയായ മൂവ്മെന്റ് ഫോര്‍ സോഷ്യലിസം അഥവാ മാസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ ഡെല്‍ കാസ്റ്റിലോ പരാജയപ്പെട്ടിരുന്നു. 3.2 ശതമാനം വോട്ട് മാത്രമാണ് കാസ്റ്റിലോയ്ക്ക് നേടാന്‍ സാധിച്ചത്.
നിശ്ചിത ശതമാനം വോട്ട് നേടാന്‍ സാധിക്കാതെ പോയതോടെ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ യോഗ്യത നേടാനും കാസ്റ്റിലോയ്ക്കും മാസ് പാര്‍ട്ടിക്കും സാധിച്ചില്ല. ഇതോടെ വോട്ടെടുപ്പ് പൂര്‍ത്തിയാകും മുമ്പ് തന്നെ ഇടതുപക്ഷം അധികാരത്തില്‍ നിന്നും പുറത്താവുകയും ചെയ്തു.

എഡ്വാര്‍ഡോ ഡെല്‍ കാസ്റ്റിലോ
2006 മുതലുള്ള ഇടത് ഭരണത്തിനാണ് ഇതോടെ ബൊളീവിയയില്‍ അന്ത്യമായിരിക്കുന്നത്. ലാറ്റിനമേരിക്കയുടെ ഹൃദയമെന്ന് സാക്ഷാല്‍ ചെ ഗുവേര വിശേഷിപ്പിച്ച ബൊളീവിയ എന്തുകൊണ്ട് ഇടതുപക്ഷത്തെ കൈവിട്ടു എന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്.
രണ്ട് പതിറ്റാണ്ടോളം നീണ്ടുനിന്ന തുടര്‍ച്ചയായ ഭരണം ബൊളീവിയയിലെ ജനങ്ങള്‍ക്ക് ഇടതുപക്ഷത്തോട് മടുപ്പുണ്ടാക്കാന്‍ കാരണമായെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ മടുപ്പ് തന്നെയായിരുന്നു ആദ്യ ഘട്ട തെരഞ്ഞെടുപ്പില്‍ മാസ് പാര്‍ട്ടിയുടെ ജനപിന്തുണ വെറും മൂന്ന് ശതമാനത്തിലേക്ക് കൂപ്പുകുത്താന്‍ കാരണമായതും.
ഭരണത്തുടര്‍ച്ചയ്ക്കൊപ്പം തന്നെ പാര്‍ട്ടിക്കുള്ളില്‍ നിലനിന്നിരുന്ന അസ്വാരസ്യങ്ങളും തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് തിരിച്ചടിയായി.
സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ സ്വീകരിച്ച സാമ്പത്തിക നയമാണ് രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണമായതെന്ന് ചില വോട്ടര്‍മാര്‍ വിശ്വസിച്ചു. തുടര്‍ച്ചയായ സബ്സിഡികളും മറ്റു ആനുകൂല്യങ്ങളും നല്‍കിപ്പോന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിച്ചെന്നും വിമര്‍ശകര്‍ കരുതുന്നു.
ബൊളീവിയന്‍ സെന്‍ട്രല്‍ ബാങ്കിലെ കരുതല്‍ ശേഖരം കുറഞ്ഞു. ഇന്ധനക്ഷാമം രൂക്ഷമായി, ഇന്ധനത്തിനായി ആളുകള്‍ പമ്പുകള്‍ക്ക് മുമ്പില്‍ കാത്തുകെട്ടിക്കിടക്കേണ്ട സ്ഥിതിവിശേഷത്തിലേക്ക് കാര്യങ്ങളെത്തി.

ഇന്ധന പ്രതിസന്ധി
സബ്സിഡികളും ആനുകൂല്യങ്ങളും നല്‍കിയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തിയുമുള്ള ഇടത് പാര്‍ട്ടിയുടെ ഭരണ രീതി സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കി. ഇടതുപക്ഷത്തെ കൈവിട്ട് ബൊളീവിയന്‍ ജനത ഇത്തവണ മുതലാളികള്‍ക്കും മുതലാളിത്തപാര്‍ട്ടിക്കും കൈകൊടുക്കാനുള്ള കാരണങ്ങളിലൊന്നും ഇത്തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധികള്‍ കൂടിയാണ്.
നയപരമായ കാരണങ്ങള്‍ക്ക് പുറമെ പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളും തെരഞ്ഞെടുപ്പില്‍ മാസ് പാര്‍ട്ടിയെ ബാക്ക്ഫൂട്ടിലേക്കിറക്കി. പാര്‍ട്ടി സ്ഥാപകനും മുന്‍ ബൊളീവിയന്‍ പ്രസിഡന്റുമായ ഇവോ മൊറേലസും തൊട്ടുമുമ്പുണ്ടായിരുന്ന പ്രസിഡന്റ് ലൂയി ആര്‍സും തമ്മില്‍കടുത്ത ഭിന്നതയിലായിരുന്നു.

ഇവോ മൊറേലസ്
ഇത് കേവലം ഉള്‍പ്പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്നും പാര്‍ട്ടിയെ രണ്ട് ഭാഗങ്ങളായി, രണ്ട് ധ്രുവങ്ങളിലേക്ക് കൊണ്ടുപോകുന്നതിലേക്ക് വരെ കാര്യങ്ങളെത്തിച്ചു. എവോ മൊറേലസിനെ പിന്തുണയ്ക്കുന്ന എവിസ്റ്റാസ്, ലൂയി ആര്‍സിനെ പിന്തുണയ്ക്കുന്ന ആര്‍സിസ്റ്റാസ് എന്നിങ്ങനെ പാര്‍ട്ടി രണ്ടായി പിളര്‍ന്നു. ഈ പിളര്‍പ്പ് രാജ്യത്തെ ഇടതുപക്ഷത്തെ ഒന്നാകെ ദുര്‍ബലമാക്കുകയും ചെയ്തു.

ലൂയി ആര്‍സ്
മൊറേലസിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കാതെ പോയതും ലൂയി ആര്‍സിന്റെ ജനപിന്തുണ ഇടിഞ്ഞതും ബൊളീവിവന്‍ രാഷ്ട്രീയ ഭൂമികയില്‍ ചുവപ്പിന് തിളക്കം കുറയാന്‍ കാരണമായി.
2006 മുതല്‍ 2019 നവംബര്‍ വരെ മൊറേലസായിരുന്നു ബൊളീവിയയുടെ പ്രസിഡന്റ്. 2020ല്‍ ആര്‍സും അധികാരത്തിലെത്തി. ഈ തെരഞ്ഞെടുപ്പില്‍ തനിക്ക് മത്സരിക്കണമെന്ന് മൊറേലസ് പറഞ്ഞെങ്കിലും രാജ്യത്തെ കോടതിയും പാര്‍ട്ടിയും ഇതിന് അനുവദിച്ചില്ല. ഭരണഘടന ഇത്രയധികം കാലം പ്രസിഡന്റായിരിക്കാന്‍ ഒരാളെ അനുവദിക്കുന്നില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.
ഈ ഘടകങ്ങളെല്ലാം തന്നെ ബൊളീവിയയില്‍ ഇടതുപക്ഷത്തിന്റെ പരാജയത്തിലേക്ക് കാര്യങ്ങളെത്തിച്ചു.
നിലവിലെ സോഷ്യലിസ്റ്റ് മോഡലിന്റെ പരാജയത്തില്‍ നിന്നാണ് ബൊളീവിയയില്‍ വലതുകക്ഷികള്‍ അധികാരത്തില്‍ വരുന്നതെന്നാണ് വിദഗ്ധരുടെ വാദം. ലാറ്റിന്‍ അമേരിക്കയില്‍ വളരുന്ന വിശാലമായ വലതുപക്ഷ പ്രവണതകളെക്കൂടി ഈ തെരഞ്ഞെടുപ്പ് പ്രതിഫലിപ്പിക്കുന്നുണ്ട്.
2000ങ്ങളുടെ തുടക്കത്തിലാണ് ലാറ്റിന്‍ അമേരിക്കയില്‍ ഇടതുപക്ഷം ശക്തിയാര്‍ജിക്കുന്നത്. ഇതിന് സമാനമായ ഒരു പുതിയ ഒരു വലത് രാഷ്ട്രീയ, സാമ്പത്തിക ഷിഫ്റ്റിലേക്ക് മേഖല പ്രവേശിക്കുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
എന്നാല്‍ അന്ന് ഇടതുപക്ഷത്തെ നയിക്കാന്‍ ഹ്യൂഗോ ഷാവേസിനെ പോലെയും ഫിഡല്‍ കാസ്ട്രോയെ പോലെയും ശക്തമായ നേതൃത്വമുണ്ടായിരുന്നു. ഇപ്പോള്‍ അധികാരം പിടിച്ചടക്കാന്‍ ശ്രമിക്കുന്ന വലതുപക്ഷത്തിന് ഇല്ലാതെ പോകുന്നതും ജനങ്ങളില്‍ സ്വാധീനം ചെലുത്താന്‍ പോന്ന ഇത്തരം നേതാക്കള്‍ തന്നെയാണ്.
നിലവില്‍ വലതുപക്ഷത്തുള്ള നേതാക്കള്‍ പലരും സ്വതന്ത്രരാണ്. ശക്തമായ ഒരു പാര്‍ട്ടി ഘടന അവര്‍ക്കു പിന്നില്‍ ഇല്ല.
ഇപ്പോള്‍ ബൊളീവിയയില്‍ അധികാരത്തിലേറിയ റോഡ്രിഗോ പാസിന്റെ അവസ്ഥയും ഏതാണ്ട് ഇങ്ങനെ തന്നെയാണ്. ബൊളീവിയന്‍ പാര്‍ലമെന്റില്‍ പാസിന്റെ പാര്‍ട്ടിക്ക് ഭൂരിക്ഷമില്ലാത്തിനാല്‍ ഭരണത്തിന് മറ്റേതെങ്കിലും കക്ഷികളുടെ പിന്തുണ അനിവാര്യമാണ്. അവര്‍ക്കൊപ്പം ചേര്‍ന്ന് മാത്രമേ പാസിന് ഭരിക്കാന്‍ സാധിക്കൂ. അതിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

റോഡ്രിഗോ പാസ്
പതിറ്റാണ്ടുകളായി സോഷ്യലിസത്തെയും സോഷ്യലിസ്റ്റ് മൂല്യങ്ങളെയും മുറുകെ പിടിച്ച ഒരു രാജ്യത്ത്, ക്യാപ്പിറ്റിലസത്തെ വളര്‍ത്തിയെടുക്കുക എന്ന പ്രത്യയശാസ്ത്രപരമായ വെല്ലുവിളിയാണ് ഇനി റോഡ്രിഗോ പാസിന്റെ മുമ്പിലുണ്ടാവുക.
ബൊളീവിയയെ ലോകത്തിന് മുമ്പില്‍ തുറന്നുകാട്ടുമെന്നും ലോകത്തെയൊന്നാകെ സ്വാഗതം ചെയ്യുമെന്നും പാസ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ലോകത്തെയാണോ അതോ അമേരിക്കയെയാണോ എന്നത് സംശയലേശമന്യേ ഉത്തരം പറയാന്‍ സാധിക്കുന്ന ചോദ്യവുമാണ്. കാരണം റോഡ്രിഗോ പാസിന്റെ രാഷ്ട്രീയ ജീവിതവും പ്രത്യയശാസ്ത്രപരമായ നിലപാടുകളും അത് അടയാളപ്പെടുത്തുന്നതാണ്.
തന്റെ പിതാവിന്റെ പാതയിലൂടെ ഇടതുപക്ഷത്തിനൊപ്പമാണ് പാസ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്. എന്നാല്‍ കൂടുതല്‍ പ്രായോഗികവും ബിസിനസ് സൗഹൃദപരവുമായ യാഥാസ്ഥിതിക വാദത്തിന്റെ വക്താവായി പാസ് മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ബിസിനസുകാരുമായും വലത് നേതാക്കളുമായും അദ്ദേഹം സൗഹൃദം സ്ഥാപിച്ചു.
പ്രത്യയശാസ്ത്രത്തേക്കാള്‍ പ്രായോഗിക രാഷ്ട്രീയത്തിലാണ് പാസ് തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രത്യയശാസ്ത്രം നിങ്ങളുടെ തീന്‍മേശയില്‍ ഭക്ഷണമെത്തിക്കാന്‍ പോകുന്നില്ല എന്ന അദ്ദേഹത്തിന്റെ പ്രസ്താവനയും ഇത് അടിവരയിടുന്നത്.

പാസിന്‍റെ ചിത്രവുമായി പ്രവർത്തകർ
2015 മുതല്‍ അഞ്ച് വര്‍ഷക്കാലം തരിജോ എന്ന പട്ടണത്തിന്റെ മേയറായിരുന്ന പാസ് 2020ല്‍ തരിജോയുടെ സെനറ്റര്‍ സ്ഥാനത്തെത്തി. ഇപ്പോള്‍ ബൊളീവിയയുടെ നേതൃപദവിയിലും.
ഇക്കാലമത്രയും ബൊളീവിയയില്‍ നിലനിന്നിരുന്ന സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സാമ്പത്തിക നയങ്ങള്‍ ഉടച്ചുവാര്‍ക്കുക എന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കൊപ്പം സ്വകാര്യമേഖലയെയും പുഷ്ടിപ്പെടുത്തുക എന്നത് തന്റെ ലക്ഷ്യമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മുന്‍ സര്‍ക്കാര്‍ നല്‍കിപ്പോന്ന ഇന്ധന സബ്സിഡികള്‍ നിര്‍ത്തലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
രണ്ട് പതിറ്റാണ്ടിന് ശേഷം ബൊളീവിയയില്‍ ഭരണമാറ്റം വരികയാണ്. ഇടതുപക്ഷം സ്വീകരിച്ച ഭൗമരാഷ്ട്രീയ നിലപാടുകളില്‍ പുതിയ പ്രസിഡന്റിന് മാറ്റമുണ്ടാകുമോ, നിലവിലെ രാഷ്ട്രീയ സഖ്യമവസാനിപ്പിച്ച് പുതിയ സഖ്യത്തിനായി ബൊളീവിയ വാതായനങ്ങള്‍ തുറന്നിടുമോ എന്നെല്ലാമുള്ള ചോദ്യങ്ങളാണ് ഇനി അവശേഷിക്കുന്നത്. ബൊളീവിയുടെ ഭാവി ഇനിയെന്ത്, കണ്ടുതന്നെ അറിയാം.
Content highlight: What is the future of Bolivia, which has abandoned the left?



