അമേരിക്കയോട് വിധേയത്വം പുലർത്തുന്ന കേന്ദ്രത്തിനെതിരെയുള്ള പ്രതിഷേധം കൂടിയാണ് സാമ്രാജ്യത്വ വിരുദ്ധദിനം: മുഖ്യമന്ത്രി
Kerala
അമേരിക്കയോട് വിധേയത്വം പുലർത്തുന്ന കേന്ദ്രത്തിനെതിരെയുള്ള പ്രതിഷേധം കൂടിയാണ് സാമ്രാജ്യത്വ വിരുദ്ധദിനം: മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th September 2025, 8:45 pm

തിരുവനന്തപുരം: യു.എസ്.എയും സഖ്യകക്ഷികളും മൂന്നാംലോക രാജ്യങ്ങൾക്കു നേരെ ഏകപക്ഷീയമായി സൈനിക ആക്രമണങ്ങളും സാമ്പത്തിക ഉപരോധവും തുടരുന്ന സാഹചര്യത്തിൽ ഇത്തവണത്തെ സാമ്രാജ്യത്വ വിരുദ്ധ ദിനം പ്രസക്തമാകുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

1940 ലെ സാമ്രാജ്യത്വ വിരുദ്ധ ദിനാചരണത്തിന്റെ സ്മരണ പുതുക്കി ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രി ഈ കാര്യം അറിയിച്ചത്.

അമേരിക്കയുടെ പിന്തുണയോടെയാണ് ഇസ്രഈൽ ആക്രമണം നടത്തുന്നതെന്നും ഫലസ്തീൻ ജനതയ്‌ക്കെതിരെ ഇസ്രഈൽ ആരംഭിച്ച ആക്രമണം ഇറാൻ ഉൾപ്പടെ, ഏറ്റവുമൊടുവിൽ ഖത്തറിന് നേരെയും നടത്തിയിരിക്കുകയാണെന്നും അമേരിക്കൻ സാമ്രാജ്യത്വത്തിന്റെയും ഇസ്രഈൽ ഉൾപ്പടെയുള്ള കൂട്ടുകക്ഷികളുടെയും യുദ്ധവെറിക്കെതിരെ അതിശക്തമായി പ്രതിഷേധിക്കണമെന്നും മുഖ്യമന്ത്രി കുറിച്ചു.

ഏകപക്ഷീയമായി സാമ്രാജ്യത്വ ആക്രമണങ്ങളെ അപലപിക്കാൻ മോദി സർക്കാർ ഇതുവരെ തയ്യാറായിട്ടില്ലെന്ന് മുഖ്യമന്ത്രി വിമർശിച്ചു. അതേസമയം ഫലസ്തീനിൽ വംശഹത്യ നടത്തുന്ന നെതന്യാഹു ഭരണകൂടത്തിന്റെ പ്രതിനിധികളുമായി കരാറുകളിൽ ഏർപ്പെടാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും ഫലസ്തീനുമായുള്ള ഇന്ത്യയുടെ ചരിത്രപരമായ ഐക്യദാർഢ്യത്തെയാണ് കേന്ദ്രസർക്കാർ ഇല്ലാതാക്കാൻ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ട്രംപ് ഭരണകൂടം ഇന്ത്യയ്ക്കുമേൽ ഏർപ്പെടുത്തിയ അധിക തീരുവക്കെതിരെ കേന്ദ്രം പ്രതികരിച്ചില്ലെന്നും ട്രംപിനെ പ്രീതിപ്പെടുത്താൻ സ്വാതന്ത്രവ്യാപാര കരാറിന്റെ ഒന്നാംഘട്ടം നടപ്പാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയോട് പൂർണ വിധേയത്വം പുലർത്തുന്ന കേന്ദ്രസർക്കാരിനെതിരെയുള്ള പ്രതിഷേധം കൂടിയാണ് ഇന്നത്തെ സാമ്രാജ്യത്വ വിരുദ്ധദിനമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം

ചരിത്രപ്രസിദ്ധമായ 1940-ലെ സാമ്രാജ്യത്വ വിരുദ്ധ ദിനാചരണത്തിൻ്റെ സ്മരണ പുതുക്കാൻ സെപ്തംബർ 15 സാമ്രാജ്യത്വ വിരുദ്ധ ദിനമായി സിപിഐഎം ആചരിക്കുകയാണ്. സാമ്രാജ്യത്വ വിരുദ്ധ ദിനാചരണത്തിനിടെയാണ് തലശേരി ജവഹർഘട്ടിൽ ബ്രിട്ടീഷ്‌ പൊലീസിന്റെ വെടിയേറ്റ് സഖാക്കൾ അബുമാസ്‌റ്ററും ചാത്തുക്കുട്ടിയും രക്തസാക്ഷികളായതും.
ഏകലോകക്രമം സ്ഥാപിക്കാനുള്ള സാമ്രാജ്യത്വ താല്പര്യങ്ങളുടെ ഭാഗമായി യുഎസ്എയും സഖ്യകക്ഷികളും മൂന്നാംലോക രാജ്യങ്ങൾക്കുനേരെ ഏകപക്ഷീയമായ സൈനിക ആക്രമണങ്ങളും സാമ്പത്തിക ഉപരോധവും തുടരുന്ന ഘട്ടത്തിലാണ് ഇത്തവണത്തെ സാമ്രാജ്യത്വ വിരുദ്ധ ദിനം പ്രസക്തമാവുന്നത്. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഒത്താശയിലാണ് പശ്ചിമേഷ്യയിലാകമാനം ഇസ്രായേൽ മനുഷ്യക്കുരുതി നടത്തുന്നത്. പലസ്‌തീൻ ജനതയ്‌ക്കെതിരെ ആരംഭിച്ച ഇസ്രായേൽ ആക്രമണം ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യുകയുണ്ടായി. ഏറ്റവും ഒടുവിൽ യുഎസ് പിന്തുണയോടെയുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഖത്തറിനു നേരെയുമുണ്ടായി. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെയും ഇസ്രായേൽ ഉൾപ്പെടെയുള്ള കൂട്ടുകക്ഷികളുടെയും യുദ്ധവെറിക്കെതിരെ അതിശക്തമായ പ്രതിഷേധങ്ങളുയരേണ്ടതുണ്ട്.
ഏകപക്ഷീയമായ സാമ്രാജ്യത്വ ആക്രമണങ്ങളെ അപലപിക്കാൻ മോഡി സർക്കാർ ഇനിയും തയ്യാറായിട്ടില്ല എന്നു കാണേണ്ടതുണ്ട്. അതേസമയം പലസ്തീനിൽ വംശഹത്യ നടത്തുന്ന നെതന്യാഹു ഭരണകൂടത്തിന്റെ പ്രതിനിധികളുമായി കരാറുകളിൽ ഏർപ്പെടാൻ കേന്ദ്ര സർക്കാർ വെമ്പൽകൊള്ളുകയാണ്. പലസ്തീനുമായുള്ള ഇന്ത്യയുടെ ചരിത്രപരമായ ഐക്യദാർഢ്യത്തെയാണ് കേന്ദ്ര സർക്കാർ വഞ്ചിക്കുന്നത്. ട്രംപ് ഭരണകൂടം ഇന്ത്യക്കെതിരെ ഏർപ്പെടുത്തിയ പ്രതികാര ചുങ്കത്തിനെതിരെ ഒരക്ഷരം പ്രതികരിക്കാനും കേന്ദ്രം തയ്യാറായിട്ടില്ല. അമേരിക്കയുടെ സാമന്തരാജ്യമായി നിലകൊണ്ട് ട്രംപിനെ പ്രീതിപ്പെടുത്താൻ സ്വതന്ത്രവ്യാപാരക്കരാരിന്റെ ഒന്നാംഘട്ടം നടപ്പാക്കാനുള്ള ശ്രമങ്ങളാണ് അണിയറയിൽ നടക്കുന്നത്. അമേരിക്കയോട് പൂർണ വിധേയത്വവും അടിമത്തവും പുലർത്തുന്ന കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധം കൂടിയാവും ഇന്നത്തെ സാമ്രാജ്യത്വ വിരുദ്ധ ദിനം.
1940 സെപ്തംബർ 15-ന്റെ സാമ്രാജ്യത്വ വിരുദ്ധ ദിനത്തിൽ നിന്നും ഊർജ്ജമുൾക്കൊണ്ടാണ് കയ്യൂർ, കരിവെള്ളൂർ, മുനയൻകുന്ന്, പുന്നപ്ര വയലാർ സമരങ്ങൾ തുടങ്ങി സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരായ സമരങ്ങൾ വളർന്നു വന്നത്. അമേരിക്കൻ നവസാമ്രാജ്യത്വത്തിനും അതിന്റെ ഉപരോധ രാഷ്ട്രീയത്തിനുമെതിരെയുള്ള പോരാട്ടം കൂടുതൽ ശക്തമാക്കാൻ സെപ്തംബർ 15-ന്റെ സ്മരണ നമുക്ക് കരുത്താകും.

Content Highlight: Anti-Imperialism Day is also a protest against the Centre’s subservience to America: Chief Minister