ദളിത്, സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ അടൂരിനെ പിന്തുണച്ച് മുഖ്യമന്ത്രിക്ക് കത്ത്; ഒപ്പിട്ടവരില്‍ എം.എന്‍. കാരശ്ശേരിയുള്‍പ്പടെയുള്ള സാംസ്‌കാരിക പ്രവര്‍ത്തകര്‍
Kerala
ദളിത്, സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ അടൂരിനെ പിന്തുണച്ച് മുഖ്യമന്ത്രിക്ക് കത്ത്; ഒപ്പിട്ടവരില്‍ എം.എന്‍. കാരശ്ശേരിയുള്‍പ്പടെയുള്ള സാംസ്‌കാരിക പ്രവര്‍ത്തകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th September 2025, 6:29 pm

തിരുവനന്തപുരം: ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്കും സ്ത്രീകള്‍ക്കും സിനിമ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നതിനെ വിമര്‍ശിച്ച സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് പിന്തുണയുമായി എന്‍.എന്‍ കാരശേരി ഉള്‍പ്പടെയുള്ള മുപ്പതോളം സിനിമാ – സാംസ്‌കാരിക പ്രവര്‍ത്തകര്‍ രംഗത്ത്.

വനിതാ സംവിധായകര്‍ക്കും, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിലെ സംവിധായകര്‍ക്കും സിനിമ ചെയ്യാന്‍ കെ.എസ്.എഫ്.ഡി.സി പണം നല്‍കുന്നുണ്ടെങ്കില്‍ പരിശീലനവും നല്‍കണമെന്ന് പറഞ്ഞ അടൂരിനെ പിന്തുണച്ചാണ് സാംസ്‌കാരിക – സാഹിത്യ ലോകത്തെ പ്രമുഖര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരിക്കുന്നത്. എഴുത്തുകാരായ എം.എന്‍ കാരശ്ശേരി, പോള്‍ സക്കറിയ, സി.വി ബാലകൃഷ്ണന്‍, ആര്‍ നന്ദകുമാര്‍ തുടങ്ങിയവരും സിനിമാ പ്രവര്‍ത്തകരായ ജോഷി ജോസഫ്, വി.ആര്‍ ഗോപിനാഥ്, ഡോണ്‍ പാലത്തറ, വേണു നായര്‍ ഉള്‍പ്പടെയുള്ള മുപ്പത് പേരാണ് ഒപ്പിട്ട കത്ത് മുഖ്യമന്ത്രിക്ക് നല്‍കിയത്.

ഫിലിം കോണ്‍ക്ലേവിന്റെ സമാപനദിനത്തില്‍ അടൂര്‍ പറഞ്ഞ വാക്കുകള്‍ വിവാദമായിരുന്നു. സര്‍ക്കാര്‍ പുതുമുഖങ്ങളായ സ്ത്രീ-ദളിത് സംവിധായകര്‍ക്കായി നല്‍കുന്ന ധനസഹായത്തെ എതിര്‍ത്താണ് അടൂര്‍ സംസാരിച്ചത്. പദ്ധതിയുടെ ഗുണഭോക്താക്കളാകുന്ന സ്ത്രീ-ദളിത് സംവിധായകരെ സിനിമ നിര്‍മിക്കാന്‍ പഠിപ്പിക്കണമെന്നായിരുന്നു അടൂരിന്റെ പരാമര്‍ശം.

ഇതേ ചൊല്ലിയുള്ള വിവാദങ്ങള്‍ കെട്ടടങ്ങുന്നതിനിടെയാണ് അടൂരിനെ പിന്തുണച്ച് മുഖ്യമന്ത്രിക്ക് കത്തുനല്‍കി സാംസ്‌കാരിക പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുന്നത്. അടൂരിന്റെ വാക്കുകളെ ഗൗരവമായി പരിശോധിക്കുന്നതിന് പകരം സങ്കുചിത-ജാതി-വര്‍ഗീയ വഴിയിലൂടെ തിരിച്ചുവിടാനാണ് ശ്രമിച്ചതെന്നും ഇവര്‍ കത്തിലൂടെ ആരോപിക്കുന്നുണ്ട്. അടൂരിനെ വ്യക്തിഹത്യ ചെയ്‌തെന്നാണ് കത്തിലെ മറ്റൊരു വിമര്‍ശനം.

സിനിമാ നിര്‍മാണത്തിന് ആവശ്യമായ സാങ്കേതിക സൗന്ദര്യാംശങ്ങള്‍ മുന്‍കൂട്ടി ആര്‍ജ്ജിക്കണമെന്നും മുതിര്‍ന്ന സിനിമാ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ പദ്ധതി നടപ്പിലാക്കണമെന്നുമാണ് ഇവരുടെ കത്തില്‍ ആവശ്യപ്പെടുന്നത്.

എല്ലാ സര്‍ക്കാര്‍ പദ്ധതിയെയും പോലെയല്ല ഇത്, ഫണ്ട് ഉപയോഗത്തെ സംബന്ധിച്ച് റിവ്യൂ ചെയ്ത് പഠിക്കണമെന്നും ഇതിനായി സ്ഥിരം സംവിധാനം വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. മുന്‍പരിചയമില്ലാത്ത, കന്നി സിനിമ ചെയ്യുന്ന ഒരാള്‍ക്ക് ഒന്നരകോടി രൂപ സിനിമ നിര്‍മാണത്തിന് നല്‍കുന്നത് അധികച്ചെലവാണെന്നും 25 മുതല്‍ 50 ലക്ഷം വരെ ബഡ്ജറ്റില്‍ സിനിമ കേരളത്തില്‍ നിര്‍മിക്കാമെന്നും കത്തില്‍ പറയുന്നുണ്ട്.

ഈ പദ്ധതിയുടെ ഗുണഭോക്താക്കളായ എട്ട് യുവതീയുവാക്കളെ നോക്കുകുത്തികളാക്കി ആരോ ചൂഷണം ചെയ്യുന്നുണ്ടെന്നാണ് കത്തിലെ മറ്റൊരു ആരോപണം.

കെ.എസ്.എഫ്.ഡി.സി ഒന്നര കോടി രൂപയാണ് പുതുമുഖങ്ങളായ ദളിത്-സ്ത്രീ സംവിധായകര്‍ക്കായി നല്‍കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന രണ്ടുപേര്‍ക്ക് വീതമാണ് ഈ ധനസഹായം ലഭിക്കുക. ഇതിനെതിരെയായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ പരാമര്‍ശം.

സിനിമ എങ്ങനെയാണ് നിര്‍മിക്കുന്നത് എന്ന വിഷയത്തില്‍ ഇവര്‍ക്ക് മൂന്നുമാസത്തെ ഇന്റന്‍സീവ് പരിശീലനം നല്‍കണമെന്ന് ഫിലിം കോണ്‍ക്ലേവിന്റെ സമാപനദിനത്തില്‍ അടൂര്‍ പറഞ്ഞിരുന്നു. അടൂരിന്റെ സ്ത്രീ വിരുദ്ധ, ദളിത് വിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ അന്ന് രൂക്ഷമായ വിമര്‍ശനവും ഉയര്‍ന്നിരുന്നു.

അതേസമയം, മുഖ്യമന്ത്രിക്ക് സാംസ്‌കാരിക ലോകത്തെ പ്രമുഖരയച്ച കത്ത് പുറത്തെത്തിയതിന് പിന്നാലെ രൂക്ഷമായ വിമര്‍ശനവുമായി സംവിധായകരായ ശ്രുതി ശരണ്യവും ഡോ. ബിജുവും രംഗത്തെത്തി. സര്‍ക്കാരിന്റെ ഈ സ്‌കീമില്‍ നിര്‍മിച്ച എട്ട് ചിത്രങ്ങളില്‍ ഒരെണ്ണത്തിന് മാത്രമാണ് അന്താരാഷ്ട്രമേളകളില്‍ പുരസ്‌കാരം ലഭിച്ചതെന്നും അതിന്റെ സംവിധായികയ്ക്ക് മാത്രമാണ് സിനിമ എന്ന മാധ്യമത്തില്‍ പരിശീലനം ലഭിച്ചിട്ടുള്ളത് എന്നുമുള്ള സാംസ്‌കാരികപ്രവര്‍ത്തകരുടെ വിമര്‍ശനം തെറ്റാണെന്നും ഡോ. ബിജു ചൂണ്ടിക്കാണിച്ചു.

ഏതാണ്ട് മൂന്ന് സിനിമകള്‍ വിവിധ ചലച്ചിത്ര മേളകളില്‍ പങ്കെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിനിമകള്‍ അയക്കേണ്ടത് അതിന്റെ നിര്‍മാതാക്കളായ കെ.എസ്.എഫ്.ഡി.സി ആണെന്നും അവരത് ചെയ്യാത്തതുകൊണ്ടാണ് മറ്റ് സിനിമകള്‍ക്ക് മേളകളില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നതെന്നും ഡോ. ബിജു വിശദീകരിച്ചു.

Adoor Gopalakrishnan's controversial statement has drawn widespread criticism

‘ഈ നിവേദനത്തില്‍ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും ശുദ്ധ അറിവില്ലായ്മയാണ്. ഈ സ്‌കീമിലെ ധനപരമായ എല്ലാ ഇടപാടുകളും നടത്തുന്നത് കെ.എസ്.എഫ്.ഡി.സി ആണ്. കെ.എസ്.എഫ്.ഡി.സിആണ് സിനിമകളുടെ നിര്‍മാതാവ്. അവിടുത്തെ ഉദ്യോഗസ്ഥരാണ് പണം ചെലവഴിക്കുന്നത്. അല്ലാതെ ഈ പണം സംവിധായകര്‍ക്ക് നല്‍കി അവര്‍ ചെലവഴിക്കുകയല്ല. അതുകൊണ്ട് ഈ സ്‌കീമില്‍ എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കില്‍ അത് പരിഹരിക്കേണ്ടത് കെ.എസ്.എഫ്.ഡി.സിയാണ്’, ഡോ. ബിജു പറഞ്ഞു.

അതേസമയം, കത്തില്‍ ഒപ്പിട്ടവരില്‍ എത്രപേര്‍ക്ക് സിനിമ സൃഷ്ടിക്കാനറിയാമെന്ന്, ഈ സ്‌കീമിലൂടെ സിനിമ നിര്‍മിച്ച എട്ട് സംവിധായകരില്‍ ഒരാളായ ശ്രുതി ശരണ്യം വിമര്‍ശിച്ചു. സര്‍ക്കാര്‍ പദ്ധതിപ്രകാരം സിനിമ നിര്‍മിച്ച താനൊരു ‘ട്രെയ്ന്‍ഡ് ആന്‍ഡ് പ്രാക്ടിസിംഗ്’ ഫിലിംമേക്കറാണ്. അല്ലാതെ ഈ കത്തിലാരോപിച്ചതുപോലെ പണിയറിയാതെ വലിഞ്ഞു കേറി വന്നതല്ലെന്നും ശ്രുതി പറഞ്ഞു.

ബിരുദാനന്തരബിരുദത്തില്‍ സിനിമ ഐച്ഛികമായി പഠിച്ച് ഏകദേശം 18 ല്‍ കൂടുതല്‍ വര്‍ഷം സിനിമയില്‍ പ്രവര്‍ത്തിച്ച പരിചയത്തിലാണ് താന്‍ ആ പദ്ധതിക്ക് അപേക്ഷിക്കുന്നതെന്നും ശ്രുതി വിശദീകരിച്ചു.

നാട്ടില്‍ എത്രയോ സര്‍ക്കാര്‍ പദ്ധതികള്‍ പരാജയപ്പെടുന്നു. അന്നൊന്നും പൊട്ടാത്ത കുരു ഈ പദ്ധതിയെ കുറിച്ച് പറയുമ്പോള്‍ മാത്രം എന്തിന് പൊട്ടണമെന്നാണ് ശ്രുതി ചോദിച്ചത്. മേലില്‍ ഇത്തരത്തില്‍ തങ്ങള്‍ക്കെതിരെ നിരുത്തരവാദപരമായ പരാതി നല്‍കുകയോ എഴുത്തോ കുറിപ്പോ പ്രസിദ്ധീകരിക്കുകയോ ചെയ്താല്‍ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും തങ്ങളെ വെറുതെ വിടണമെന്നും ശ്രുതി ശരണ്യം പറഞ്ഞു.

 

Content Highlight: Letter to the Chief Minister in support of Adoor for his anti-Dalit and anti-women remarks; Cultural activists including M.N. Karassery among the signatories