എനിക്ക് അപ്പോള്‍ റെസ്റ്റ് വേണമായിരുന്നു; പ്രൊമോഷന് പങ്കെടുക്കാതിരുന്നതിന് കാരണമുണ്ട്: അനശ്വര രാജന്‍
Entertainment
എനിക്ക് അപ്പോള്‍ റെസ്റ്റ് വേണമായിരുന്നു; പ്രൊമോഷന് പങ്കെടുക്കാതിരുന്നതിന് കാരണമുണ്ട്: അനശ്വര രാജന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 3rd June 2025, 6:40 am

ദീപു കരുണാകരന്റെ സംവിധാനത്തില്‍ അനശ്വര രാജനും ഇന്ദ്രജിത്ത് സുകുമാരനും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രമാണ് മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ചിലര്‍. എന്നാല്‍ ചിത്രം പ്രൊമോട്ട് ചെയ്യേണ്ട സമയത്ത് നടി അനശ്വര രാജന്‍ സഹകരിച്ചില്ലെന്ന് സംവിധായകന്‍ ദീപു കരുണാകരന്‍ ആരോപിച്ചിരുന്നു.

അതിന് പിന്നാലെ മറുപടിയുമായി അനശ്വര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച പോസ്റ്റും സാമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇപ്പോള്‍ ഈ വിവാദങ്ങളെ കുറിച്ചും താന്‍ പ്രൊമോഷന് വേണ്ടി പോകാതിരുന്നതിനെ കുറിച്ചും പറയുകയാണ് നടി.

സിനിമ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ വേണ്ടി ഒരു വിവാദമുണ്ടാക്കിയതാണെന്ന തോന്നലുണ്ടോ എന്ന ചോദ്യത്തിന് മൈല്‍ സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനശ്വര രാജന്‍.

‘വിവാദങ്ങളില്‍ നിന്നൊക്കെ മാറി പോകാന്‍ ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. ആ ഞാന്‍ വെറുതെ വഴിയില്‍ കൂടെ പോകുന്ന വള്ളിയൊന്നും തലയില്‍ വെക്കില്ലല്ലോ. എന്നെ അതിന്റെ ഇടയിലേക്ക് ഒരു ടോപ്പിക്കായി എടുത്തിടാന്‍ ഞാന്‍ സമ്മതിക്കില്ല.

എന്റെ ഭാഗത്ത് നിന്ന് അതാണ് എനിക്ക് പറയാനുള്ളത്. ഞാന്‍ ഒരിക്കലും അറിഞ്ഞു കൊണ്ട് എന്റെ പേര് അതിന്റെ ഇടയിലേക്ക് വലിച്ചിടാന്‍ സമ്മതിക്കുകയേയില്ല. പിന്നെ പ്രൊമോഷന് അന്ന് പങ്കെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചാല്‍, ആ സമയത്ത് എന്റെ കണ്ണിന്റെ ലേസിക് കഴിഞ്ഞിരിക്കുകയായിരുന്നു.

എനിക്ക് അപ്പോള്‍ റെസ്റ്റ് വേണമായിരുന്നു. എനിക്ക് ഇപ്പോഴും കണ്ണിലേക്ക് ലൈറ്റടിക്കുമ്പോള്‍ ബുദ്ധിമുട്ടുണ്ട്. ഐ ഡ്രോപ്‌സ് ഉപയോഗിക്കുന്നുണ്ട് ഞാന്‍. എനിക്ക് ആ സമയത്ത് പത്തോ പതിനഞ്ചോ ദിവസം റെസ്റ്റ് വേണമായിരുന്നു. ഇപ്പോഴാണ് ഞാന്‍ പുറത്തേക്ക് ഇറങ്ങുന്നത്.

കഴിഞ്ഞ ദിവസമാണ് പുതിയ പടമായ വ്യസനസമേതം ബന്ധുമിത്രാദികള്‍ എന്ന സിനിമയുടെ പ്രൊമോഷന്‍ തുടങ്ങിയത്. അതിന്റെ ഇടയില്‍ എന്റെ എല്ലാ സിനിമയുടെ ഷൂട്ടും മാറിയിരുന്നു. ഒന്നര വര്‍ഷത്തിന്റെ ഇടയില്‍ സത്യത്തില്‍ എനിക്ക് ഇത്രയും ദിവസം ബ്രേക്ക് കിട്ടിയിരുന്നില്ല. അത് സര്‍ജറി കഴിഞ്ഞത് കൊണ്ടാണ്,’ അനശ്വര പറയുന്നു.

മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ചിലര്‍:

മഞ്ജു വാര്യര്‍ നായികയായ കരിങ്കുന്നം സിക്സസ് എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ ദീപു കരുണാകരന്‍ ഒരുക്കിയ ചിത്രമാണ് മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ചിലര്‍. അനശ്വര രാജനും ഇന്ദ്രജിത്ത് സുകുമാരനും ആദ്യമായി ഒരുമിച്ച് അഭിനയിച്ച ഈ ചിത്രം ഒരു റൊമാന്റിക് കോമഡി ആയാണ് ഒരുക്കിയിരിക്കുന്നത്. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ നിര്‍മിച്ച ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് അര്‍ജുന്‍ ടി. സത്യന്‍ ആണ്.


Content Highlight: Answara Rajan Talks About Controversies And Mrs And Mrs Bachelor Movie Promotion