മലയാളികള്‍ക്കെന്നും പ്രിയങ്കരിയായ അഭിനേത്രിയാണ് അന്‍സിബ ഹസന്‍. സമീപകാലത്ത് മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലൂടെ താരം വലിയ രീതിയില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഒട്ടനവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ടെങ്കിലും അന്‍സിബ ശ്രദ്ധിക്കപ്പെടുന്നത് 2013ല്‍ പുറത്തിറങ്ങിയ ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിലൂടെയാണ്.
ചിത്രത്തിന്റെ മൂന്നാം ഭാഗം കഴിഞ്ഞ മാസം തിയേറ്ററുകളിലെത്തുകയും മികച്ച വിജയം സ്വന്തമാക്കി ഒ.ടി.ടി സ്ട്രീമിങ് ആരംഭിക്കുകയും ചെയ്തിരുന്നു. വമ്പന്‍ ഹൈപ്പിലെത്തിയ ചിത്രം ഏകദേശം 240 കോടിയോളമായിരുന്നു ആഗോളതലത്തില്‍ ബോക്‌സ് ഓഫീസില്‍ നിന്നും സ്വന്തമാക്കിയത്. രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിലൂടെ അഭിനേതാക്കള്‍ക്കെല്ലാം വലിയ പൊട്ടന്‍ഷ്യലായിരുന്നു ലഭിച്ചിരുന്നത്. ഇത്തരത്തില്‍ അപ്രതീക്ഷിതമായി തമിഴ്‌നടന്‍ സൂര്യയും ഒരു അപരിചതയായ തമിഴ് സ്ത്രീയും തന്നെ തിരിച്ചറിഞ്ഞതിനെ കുറിച്ച് അന്‍സിബ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അന്‍സിബ.
‘ഒരിക്കല്‍ ഞാന്‍ ചെന്നൈ എയര്‍പോര്‍ട്ടില്‍ നില്‍ക്കുകയായിരുന്നു. പെട്ടെന്ന് ഒരു അമ്മൂമ്മ എന്റെ അടുത്തേക്ക് വന്നു. തമിഴ്‌നാട്ടിലെ കോസ സേല എല്ലാം ചുറ്റിയിട്ടുള്ള ഒരു പാട്ടിയാണ്. പുള്ളിക്കാരി ഒരുപാട് നേരം എന്നെത്തന്നെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. എന്നിട്ട് എന്നോട് പാപ ഉന്നെ ഞാന്‍ മലയാളം ഒരു പടത്തിലെ പാത്തിറുക്കെ എന്നെല്ലാം പറഞ്ഞു. പടത്തിന്റെ പേര് പറയാന്‍ പറ്റുന്നിലെങ്കിലും മോഹന്‍ലാല്‍ സാറിന്റ പടത്തിലാണെന്ന് പറഞ്ഞു. ദൃശ്യം ആണോ എന്ന് ചോദിച്ചപ്പോള്‍ അതെ അതെ എന്ന് പറഞ്ഞു. അങ്ങനെയുള്ള ആളുകള്‍ വരെ ചിത്രം കണ്ടിട്ടുണ്ടെന്ന് പറയുമ്പോള്‍ ഭയങ്കര ഹാപ്പിനെസ് ആണ്.
അതുപോലെ തന്നെ സൂര്യ സാറിന്റെ അഞ്ചാന്റെ പ്രൊമോഷന് ഞാന്‍ പോയിട്ടുണ്ടായിരുന്നു. അദ്ദേഹത്തിന് എന്നെ അറിയില്ലെന്ന് വിചാരിച്ച് പോയി ഹായ് പറഞ്ഞപ്പോള്‍ ഞാന്‍ ഉങ്കളെ പാത്തിറുക്കെ എന്നാണ് അദ്ദഹവും പറഞ്ഞത്. ഞാന്‍ ദൃശ്യം കണ്ടു, നല്ല ചിത്രമാണ്. ഞാനു അമ്മയും അപ്പയും വൈഫും എല്ലാം ഒരുമിച്ചിരുന്നാണ് ചിത്രം കണ്ടതെന്നും അദ്ദേഹം പറഞ്ഞു. അവരെല്ലാവരും കുടുംബത്തോടെ ഒന്നിച്ചിരുന്നാണ് ചിത്രം കാണുന്നതെന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ വല്ലാത്ത ഒരു സന്തോഷം തോന്നിയിരുന്നു. അതിപ്പോഴും ദൃശ്യം 3യിലൂടെ കിട്ടിക്കൊണ്ടിരിക്കുകയാണ്,’ അന്‍സിബ പറഞ്ഞു.
Content Highlight: Ansiba Hassan talks about her experience with meeting suriya
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.