ദൃശ്യം 4 ഉണ്ടാകും എന്ന് ആന്റണി ചേട്ടൻ പറഞ്ഞിരുന്നു; ഞങ്ങൾ ദൃശ്യം 20 വരെ അഭിനയിക്കാൻ റെഡിയാണ്: അൻസിബ ഹസൻ
Malayalam Cinema
ദൃശ്യം 4 ഉണ്ടാകും എന്ന് ആന്റണി ചേട്ടൻ പറഞ്ഞിരുന്നു; ഞങ്ങൾ ദൃശ്യം 20 വരെ അഭിനയിക്കാൻ റെഡിയാണ്: അൻസിബ ഹസൻ
നന്ദന എം.സി
Saturday, 30th May 2026, 7:49 am

മലയാളി പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നാണ് മോഹൻലാൽ ജോർജ് കുട്ടിയായി എത്തിയ ദൃശ്യത്തിന്റെ മൂന്നാം ഭാഗം. ജോർജ് കുട്ടി തന്റെ കുടുംബത്തെ രക്ഷിക്കാനായി എന്ത് തന്ത്രമാണ് ഈ വട്ടം ഉപയോഗിക്കുക എന്നറിയാനായിരുന്നു ആരാധകർ കാത്തിരുന്നത്.

ചിത്രത്തിന്റെ റിലീസിന് ശേഷം മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. അതോടൊപ്പം അടുത്ത ഭാഗമുണ്ടാകുമോ എന്ന ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാണ്.

ദൃശ്യം, Photo: Mohanlal/ Facebook

ഇപ്പോഴിതാ ചിത്രത്തിന് നാലാം ഭാഗം ഉണ്ടാകുമെന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ജോർജ് കുട്ടിയുടെ മൂത്ത മകളായി വേഷമിട്ട അൻസിബ ഹസൻ. താരത്തിന്റെ വാക്കുകളാണ് ഇപ്പോൾ ദൃശ്യം ആരാധകർക്കിടയിൽ വലിയ ചർച്ചയാകുന്നത്.

‘ദൃശ്യം 4 ഉണ്ടാകുമെന്ന് ആന്റണി ചേട്ടൻ ദൃശ്യം 3 അന്നൗൻസ് ചെയ്ത സമയത്ത് പറഞ്ഞിട്ടുണ്ടായിരുന്നു. പക്ഷെ അതിന് ശേഷം പിന്നെ കൃത്യമായിട്ടുള്ള അറിയിപ്പ് ഒന്നും കിട്ടിയിരുന്നില്ല. ത്രീ ഇറങ്ങി ഓഡിയൻസ് എന്താണോ പറയുന്നത് അതനുസരിച്ച് ചെയ്യാം,’ അൻസിബ പറഞ്ഞു.

ദൃശ്യം 4 ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി നൽകുന്നതിനിടെയാണ് അൻസിബ ഇക്കാര്യം വ്യക്തമാക്കിയത്. തുടർന്ന് അവതാരകൻ ദൃശ്യം 10 വരെ കാണാൻ പ്രേക്ഷകർ തയ്യാറാണെന്ന് പറഞ്ഞപ്പോൾ, അതിലും വലിയ ആവേശത്തോടെയായിരുന്നു അൻസിബയുടെ പ്രതികരണം.

ദൃശ്യം, Photo: IMDb

‘ദൃശ്യം 20 വരെ ചെയ്യാൻ ഞങ്ങൾ റെഡി ആണെന്നും’ അൻസിബ കൂട്ടിച്ചേർത്തു. താരത്തിന്റെ ഈ വാക്കുകൾ ആരാധകരിൽ വലിയ പ്രതീക്ഷയാണ് സൃഷ്ടിച്ചിരിക്കുന്നത്.

അതേസമയം, ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടുന്നതെങ്കിലും ബോക്സ് ഓഫീസിലും ഓൺലൈൻ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോമുകളിലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ടിക്കറ്റ് ബുക്കിങ് ആപ്പ് ആയ ബുക്ക് മൈ ഷോയിൽ ചിത്രം പുതിയ റെക്കോർഡുകളാണ് സൃഷ്ടിക്കുന്നത്. റിലീസായി രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ മൂന്ന് ദശലക്ഷം ടിക്കറ്റ് വിൽപ്പന നടത്തി ചരിത്ര നേട്ടമാണ് ദൃശ്യം 3 സ്വന്തമാക്കിയത്.

ജീത്തു ജോസഫിന്റെ തിരക്കഥയിലും സംവിധാനത്തിലും പുറത്തിറങ്ങിയ ചിത്രത്തിൽ മോഹൻലാലിനൊപ്പം എസ്തർ അനിൽ, മീന, ആശ ശരത് തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

Content Highlight: Ansiba Hasan says there will be a Drishyam 4

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.