എന്‍.ഐ.ടിയില്‍ വീണ്ടും ആത്മഹത്യ; മരിച്ചത് തൃശൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി, പ്രതിഷേധം
India
എന്‍.ഐ.ടിയില്‍ വീണ്ടും ആത്മഹത്യ; മരിച്ചത് തൃശൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി, പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st December 2025, 10:15 pm

അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്ത് എന്‍.ഐ.ടി ക്യാമ്പസില്‍ മലയാളി വിദ്യാര്‍ത്ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തൃശൂര്‍ സ്വദേശി അദ്വൈത് നായരാണ് മരിച്ചത്. കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടിയാണ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയത്.

മൂന്നാംവര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായിരുന്നു അദ്വൈത്. ഇന്ന് (തിങ്കള്‍) പുലര്‍ച്ചെ 1.30നാണ് അദ്വൈത് ആത്മഹത്യ ചെയ്തത്. സംഭവത്തിന് പിന്നാലെ ശക്തമായ വിദ്യാര്‍ത്ഥി പ്രതിഷേധമാണ് ക്യാമ്പസിനുള്ളില്‍ നടക്കുന്നത്.

അദ്വൈത് കെട്ടിടത്തില്‍ നിന്ന് വീണ് അരമണിക്കൂര്‍ വൈകിയാണ് അധികൃതര്‍ ആംബുലന്‍സ് വിളിച്ചതെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും പ്രതിഷേധത്തെ തുടര്‍ന്നാണ് ആംബുലന്‍സ് വിളിച്ചതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

വിദ്യാര്‍ത്ഥിയെ ആശുപത്രിയിലെത്തിച്ചിട്ടും 50 മിനിട്ട് കഴിഞ്ഞാണ് ഡോക്ടര്‍ പരിശോധനയ്ക്ക് എത്തിയതെന്നും ആരോപണമുണ്ട്. സത്യം പുറത്തുവരുന്നതുവരെ പ്രതിഷേധം തുടരുമെന്ന് ക്യാമ്പസിലെ മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഹാജര്‍ സംബന്ധിച്ച വിഷയങ്ങളിലെ മനോവിഷമം മൂലമാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

നിലവില്‍ വിദ്യാര്‍ത്ഥിയുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായിട്ടുണ്ട്. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. അദ്വൈതിന്റെ മാതാപിതാക്കള്‍ ഇന്ന് സൂറത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയിരുന്നു.

Content Highlight: Another suicide at NIT Surat; student from Thrissur dies