വീണ്ടും നിപ മരണം; മരിച്ച പാലക്കാട് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു
Nipah virus
വീണ്ടും നിപ മരണം; മരിച്ച പാലക്കാട് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th July 2025, 7:06 am

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ മരണം. പനി ബാധിച്ച് മരിച്ച മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ സ്വദേശിക്ക് നിപ സ്ഥിരീകരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ അദ്ദേഹത്തിന് നിപ സ്ഥിരീകരിച്ചു. മണ്ണാര്‍ക്കാട് സ്വദേശിയായ അമ്പതുകാരനാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച വൈകീട്ട് മരിച്ചത്.

മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍നിന്ന് റഫര്‍ ചെയ്ത രോഗി കടുത്ത ശ്വാസതടസ്സത്തോടെ വെള്ളിയാഴ്ച വൈകുന്നേരമാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. നിപ ലക്ഷണങ്ങളുമായി സാമ്യം തോന്നിയതിനാല്‍ പ്രത്യേകം സജ്ജീകരിച്ച ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ഐസൊലേറ്റ് ചെയ്താണ് ചികിത്സിച്ചത്.

വിശദപരിശോധനക്ക് വേണ്ടി സാംപിൾ പൂനെയിലെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. മരിച്ച രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തിയവരോട് ക്വാറൻ്റൈനിൽ പ്രവേശിക്കാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രോട്ടോക്കോൾ പാലിച്ചായിരിക്കും മരണപ്പെട്ട വ്യക്തിയുടെ സംസ്കാര ചടങ്ങുകൾ നടത്തുക. കഴിഞ്ഞ ഞാറയാഴ്ചയാണ് വിദേശത്തിന് രോഗലക്ഷണങ്ങൾ തുടങ്ങിയത്.

സംസ്ഥാനത്ത് വീണ്ടുമൊരു നിപ മരണം സംഭവിച്ചതോടെ ആരോഗ്യവകുപ്പ് കൂടുതൽ ജാഗ്രതയിലാണ്. അതേസമയം, പാലക്കാട് നേരത്തെ നിപ ബാധ സ്ഥിരീകരിച്ച 38 കാരിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്.

നിപ ബാധയുടെ പശ്ചാത്തലത്തില്‍ മലപ്പുറം, പാലക്കാട് സ്വദേശികളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 497 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിരുന്നു. മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 114 പേരും പാലക്കാട് 178 പേരും എറണാകുളത്ത് രണ്ട് പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്.

മലപ്പുറത്ത് 10 പേരാണ് ചികിത്സയിലുള്ളത്. ഒരാള്‍ ഐസിയു ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയില്‍ ഇതുവരെ 62 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്.

 

 

Content Highlight: Another Nipah death; Palakkad native who died confirmed to have the disease