ഇറാനിൽ സദാചാര പൊലീസ് ആക്രമണത്തിൽ വീണ്ടും മരണം; മകളെ തല്ലിക്കൊന്നതെന്ന് മാതാവ്, ആത്മഹത്യ ചെയ്തതാണെന്ന പൊലീസ് വാദം തള്ളി കുടുംബം
World News
ഇറാനിൽ സദാചാര പൊലീസ് ആക്രമണത്തിൽ വീണ്ടും മരണം; മകളെ തല്ലിക്കൊന്നതെന്ന് മാതാവ്, ആത്മഹത്യ ചെയ്തതാണെന്ന പൊലീസ് വാദം തള്ളി കുടുംബം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th October 2022, 1:09 pm

ടെഹ്റാൻ: മഹ്‌സ അമിനിയുടെ മരണത്തെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾ മൂന്നാം വാരത്തിലേക്ക് കടക്കുന്നതിനിടെ ഇറാനിൽ സദാചാര പൊലീസിന്റെ ആക്രമണത്തിൽ വീണ്ടും പെൺകുട്ടി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യുട്യൂബ് വ്ലോ​ഗറായ 16 കാരി നിക ഷകരമിയാണ് കൊല്ലപ്പെട്ടത്.

മഹ്സ അമിനിയുടെ മരണവുമായി ബന്ധപ്പെട്ട് അൽബോർസ് പ്രവിശ്യയിലെ ഗോഹാർദാഷ്ടിൽ നടന്ന പ്രതിഷേധത്തിൽ സുരക്ഷാ സേന ബാറ്റൺ ഉപയോഗിച്ച് നികയെ മർദിച്ചിരുന്നതായി ആംനെസ്റ്റി ഇന്റർനാഷ്ണൽ റിപ്പോർട്ട് ചെയ്യുന്നു. ഇതാണ് മരണത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്.

നികയുടെ മരണത്തെക്കുറിച്ച് പുറത്തുപറയാതിരിക്കാൻ സുരക്ഷാ ഉദ്യോ​ഗസ്ഥർ കുടുംബത്തെ ഭീഷണിപ്പെടുത്തിയതായും ആംനെസ്റ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഇറാൻ ഉദ്യോ​ഗസ്ഥർ ഈ വാദം നിഷേധിച്ചു.

നികയുടെ മരണവാർത്ത പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനം ഉയർന്നിരുന്നു. ഇറാനിൽ നിലനിൽക്കുന്ന നിർബന്ധിത ഹിജാബിനെക്കുറിച്ചും സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും നിക തന്റെ വീഡിയോകളിലൂടെ പങ്കുവെച്ചിരുന്നു.

സെപ്റ്റംബർ 20 ന് ടെഹ്‌റാനിൽ വെച്ച് പൊലീസ് തന്നെ പിന്തുടരുന്നതായി നിക സുഹൃത്തിനോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നികയെ കാണാതാവുകയായിരുന്നു. നിക കെട്ടിടത്തിൽ നിന്ന് വീണാണ് കൊല്ലപ്പെട്ടതെന്നായിരുന്നു നികയുടെ ബന്ധുവായ അതാഷിയുടെ പ്രതികരണം. എന്നാൽ ഇത് കുടുംബത്തെ കൊണ്ട് നിർബന്ധപൂർവം പറയിപ്പിച്ചതാണെന്നാണ് ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നത്. മറ്റ് കുടുംബാംഗങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് ബന്ധുക്കളെ കൊണ്ട് ഇത്തരത്തിൽ പറയിച്ചതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

കാണാതായ ദിവസം രാത്രി നിക നിർമാണം നടക്കുന്ന കെട്ടിടത്തിലേക്ക് പോയെന്നും പിറ്റേന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നുമാണ് റിപ്പോർട്ടുകൾ. നികയുടെ ശരീരത്തിൽ ഒന്നിലധികം മുറിവുകൾ കണ്ടെത്തിയിരുന്നതായി പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. തന്റെ മകളെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കി നികയുടെ അമ്മ നസ്റിൻ രം​ഗത്തെത്തിയിരുന്നു.

നികയുടെ ത​ല​ക്ക് നി​ര​വ​ധി ത​വ​ണ അ​ടി​യേ​റ്റ​താ​യും പ​ല്ലും മു​ഖ​ത്തെ എ​ല്ലും പൊ​ട്ടി​യ​താ​യും ത​ല​യോ​ട്ടി​ക്ക് പൊ​ട്ട​ലു​ള്ള​താ​യും ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ടി​ലു​ണ്ടെ​ന്ന് മാ​താ​വ് പ​റ​ഞ്ഞു. നി​ക​യു​ടെ മ​ര​ണം ഒ​മ്പ​തു ദി​വ​സം മൂ​ടി​വെ​ച്ച​താ​യും കു​ടും​ബ​ത്തി​ന്റെ താ​ൽ​പ​ര്യ​ത്തി​ന് വി​രു​ദ്ധ​മാ​യി ദൂ​ര​സ്ഥ​ല​ത്ത് മ​റ​വു​ചെ​യ്ത​താ​യും മാ​താ​വ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് വീഡിയോയിൽ പറഞ്ഞിരുന്നു.

ഇറാനിലെ സാക്വസ് സ്വദേശിയായ മഹ്സ അമിനി സദാചാര പൊലീസിന്റെ കസ്റ്റഡിയിലിരിക്കെയായിരുന്നു കൊല്ലപ്പെട്ടത്. പിന്നാലെ അമിനിയുടെ മരണത്തിൽ പ്രതിഷേധിച്ച് സ്ത്രീകൾ കൂട്ടത്തോടെ തെരുവിലിറങ്ങുകയും പ്രതിഷേധ സൂചകമായി തങ്ങളുടെ തലയിൽ നിന്നും ഹിജാബ് വലിച്ചൂരുകയും കത്തിക്കുകയും മുടി മുറിക്കുകയും ചെയ്തിരുന്നു.

ഹിജാബ് ഡ്രസ് കോഡ് പാലിച്ചില്ലെന്നാരോപിച്ചായിരുന്നു സദാചാര പൊലീസ് 22കാരിയായ അമിനിയെ അറസ്റ്റ് ചെയ്തത്. ടെഹ്റാനിലേക്ക് കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെയായിരുന്നു അറസ്റ്റ്. മൂന്ന് ദിവസത്തിന് ശേഷം സെപ്റ്റംബർ 16ന് അമിനി കൊല്ലപ്പെടുകയായിരുന്നു.
പൊലീസ് വാനിൽ വെച്ച് മഹ്‌സയെ പൊലീസ് മർദിച്ചതായി ദൃക്സാക്ഷികൾ വെളിപ്പെടുത്തിയിരുന്നു. ‘ശരിയായ രീതിയിൽ’ ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു അമിനിയെ അറസ്റ്റ് ചെയ്തത്.

പൊലീസ് മർദനമേറ്റ് കോമയിലായി മൂന്ന് ദിവസത്തിന് ശേഷമായിരുന്നു മരണം. അറസ്റ്റിന് പിന്നാലെ മഹ്സയ്ക്ക് പൊലീസ് മർദനമേറ്റെന്നും ഇതാണ് മരണത്തിന് കാരണമായതെന്നുമാണ് ആരോപണം.

Content Highlight: Another death in Iran amid ongoing protests about Hijab, 16 year old nika shakarmi dies by the attack of  moral police