ആദിപുരുഷില്‍ രാമായണത്തെ ഇസ്‌ലാമികവല്‍ക്കരിച്ചു, ഏഴ് ദിവസത്തിനുള്ളില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടി; വെല്ലുവിളിയുമായി സര്‍വ്വ ബ്രാഹ്‌മിണ്‍ മഹാസഭ
Entertainment news
ആദിപുരുഷില്‍ രാമായണത്തെ ഇസ്‌ലാമികവല്‍ക്കരിച്ചു, ഏഴ് ദിവസത്തിനുള്ളില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടി; വെല്ലുവിളിയുമായി സര്‍വ്വ ബ്രാഹ്‌മിണ്‍ മഹാസഭ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 8th October 2022, 12:37 pm

പ്രഭാസ് നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം ആദിപുരുഷ് ടീസര്‍ റിലീസ് മുതല്‍ വന്‍ വിമര്‍ശനമാണ് അണിയറ പ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വന്നത്. നിലവാരമില്ലാത്ത വി.എഫ്.എക്സ് ആണെന്നും കാര്‍ട്ടൂണ്‍ കാണുന്നത് പോലെ തോന്നുന്നുവെന്നതുമാണ് ഏറ്റവും പ്രധാന വിമര്‍ശനം. സിനിമക്കെതിരേ ബി.ജെ.പി നേതാക്കളടക്കം രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിലെ വിവാദ രംഗങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകനെതിരെ സര്‍വ്വ ബ്രാഹ്‌മിണ്‍ മഹാസഭ രംഗത്തെത്തിയിരിക്കുകയാണ്. വിവാദ രംഗങ്ങള്‍ നീക്കിയ ശേഷം ഏഴ് ദിവസത്തിനുള്ളില്‍ പൊതുവായി മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടി വരുമെന്നാണ് സര്‍വ്വ ബ്രാഹ്‌മിണ്‍ മഹാസഭ നല്‍കിയിരിക്കുന്ന നോട്ടീസ്.

ഹിന്ദു ദൈവങ്ങളെ ചിത്രത്തില്‍ അധിക്ഷേപകരമായ രീതിയില്‍ ചിത്രീകരിച്ചെന്നാണ് ആരോപണം. അസഭ്യം നിറഞ്ഞ ഭാഷയില്‍ ഹിന്ദു ദൈവങ്ങള്‍ സംസാരിക്കുന്നതായാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നതെന്നും സര്‍വ്വ ബ്രാഹ്‌മിണ്‍ മഹാസഭ പറയുന്നു.

രാമായണം നമ്മുടെ ചരിത്രമാണ് എന്നാല്‍ ചിത്രത്തില്‍ ഹനുമാനെ മുഗള്‍ പശ്ചാത്തലമുളളതായാണ് കാണിക്കുന്നത്. രാമായണത്തേയും ശ്രീരാമനേയും മുസ്‌ലിംവത്കരിക്കുന്നതാണ് ചിത്രത്തിന്റെ ലക്ഷ്യം. ചിത്രം വിദ്വേഷമാണ് പ്രചരിപ്പിക്കാന്‍ ലക്ഷ്യമിടുന്നതെന്നടക്കമുള്ള രൂക്ഷമായ ആരോപണങ്ങളാണ് ആദിപുരുഷിനെതിരെ ഉയര്‍ന്നിട്ടുള്ളത്.

അതേസമയം ടീസറിന് പിന്നാലെ ഉയര്‍ന്ന ട്രോളുകളില്‍ അത്ഭുതമില്ലെന്നാണ് ആദിപുരുഷിന്റെ സംവിധായകന്‍ ഓം റൗട്ട് പറയുന്നത്. ചിത്രം ബിഗ് സ്‌ക്രീനിനായി ഒരുക്കിയതാണെന്നും സംവിധായകന്‍ പറഞ്ഞു.

ഈ സിനിമ ബിഗ് സ്‌ക്രീനിനായി ഒരുക്കിയതാണ്. എനിക്കൊരു ചോയ്സ് നല്‍കിയിരുന്നെങ്കില്‍ ഞാന്‍ ടീസര്‍ ഒരിക്കലും യൂട്യൂബില്‍ ഇടില്ലായിരുന്നു. പക്ഷേ അത് കാലഘട്ടത്തിന്റെ ആവശ്യമാണ്. വലിയ തോതില്‍ പ്രേക്ഷകരിലേക്ക് എത്തണമെങ്കില്‍ ഇവിടെ പ്രദര്‍ശിപ്പിച്ചേ മതിയാകൂവെന്നാണ് ഓം റൗട്ട് പ്രതികരിച്ചത്.

രാമായണത്തെയും രാവണനെയും തെറ്റായ രീതിയിലാണ് ടീസറില്‍ ചിത്രീകരിച്ചിരിക്കുന്നതെന്ന് നേരത്തെ നടിയും ബി.ജെ.പി വക്താവുമായ മാളവിക അവിനാഷും ആരോപിച്ചിരുന്നു.

ഇന്ത്യക്കാരന്‍ അല്ലെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് രാവണനെ ആദിപുരുഷനില്‍ അവതരിപ്പിച്ചിരിക്കുന്നത്. നീല കണ്ണുകളുള്ള മേക്കപ്പ് ഇട്ട് ലെതര്‍ ജാക്കറ്റ് ധരിച്ച രാവണനാണ് ചിത്രത്തിലുള്ളത്. ഈ തെറ്റായ ചിത്രീകരണത്തില്‍ എനിക്ക് ദേഷ്യവും സങ്കടവും ഉണ്ടെന്നാണ് മാളവിക പറഞ്ഞത്.

2023 ജനുവരി 12നാണ് ചിത്രത്തിന്റെ റിലീസ്. ഹിന്ദിക്കും തെലുങ്കിനും പുറമേ തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം തിയേറ്ററുകളിലെത്തും. ഐമാക്‌സ് 3ഡി ഫോര്‍മാറ്റിലും ചിത്രമിറങ്ങുന്നുണ്ട്.

Content Highlight: Adipurush received legal notice from Brahmin Mahasabha