ലൈംഗികാതിക്രമ പരാതിയില്‍ വേടനെതിരെ വീണ്ടും കേസ്
Kerala
ലൈംഗികാതിക്രമ പരാതിയില്‍ വേടനെതിരെ വീണ്ടും കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th August 2025, 4:55 pm

കൊച്ചി: റാപ്പര്‍ വേടന് (ഹിരണ്‍ദാസ് മുരളി) എതിരെ വീണ്ടും കേസ്. ലൈംഗികാതിക്രമ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. എറണാകുളം സെന്‍ട്രല്‍ പൊലീസിന്റേതാണ് നടപടി.

ഗവേഷക വിദ്യാര്‍ത്ഥിയാണ് വേടനെതിരെ പരാതി നല്‍കിയത്. കൊച്ചിയിലെ വൈറ്റിയിലുള്ള വേടന്റെ ഫ്‌ലാറ്റിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. വാട്‌സ്ആപ്പിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ചതായും പരാതിയില്‍ പറയുന്നു.

ഐ.പി.സി 294(b), 354, 354A(1), കേരള പൊലീസ് ആക്ട് 119(a) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക അതിക്രമം, അശ്ലീല പദപ്രയോഗം, സ്ത്രീത്വത്തെ അപകീര്‍ത്തിപ്പെടുത്തും വിധം ലൈംഗിക ചേഷ്ടകള്‍ കാണിക്കല്‍ എന്നിവയാണ് വേടനെതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍.

2020 ഡിസംബറിലാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. പരാതിക്കാരിയായ വിദ്യാര്‍ത്ഥി സംഗീത ഗവേഷകയാണെന്നാണ് വിവരം. ഗവേഷണത്തിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥി വേടനെ സമീപിച്ചത്.

മുഖ്യമന്ത്രിക്കാണ് ഗവേഷക വിദ്യാര്‍ത്ഥി ആദ്യം പരാതി നല്‍കിയത്. തുടര്‍ന്ന് മുഖ്യമന്ത്രി ഈ പരാതി ഡി.ജി.പിക്ക് കൈമാറുകയും പിന്നീട് സെന്‍ട്രല്‍ പൊലീസിന് അന്വേഷണ ചുമതല നല്‍കുകയുമായിരുന്നു.

അതേസമയം യുവഡോക്ടറെ ബലാത്സംഗം ചെയ്തെന്ന കേസില്‍ വേടന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ബുധനാഴ്ച കോടതി വിധിയുണ്ടാകും. ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തെ ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന്‌ കോടതി ഇന്നും (തിങ്കൾ ആവർത്തിക്കുകയുണ്ടായി.

എന്തുകൊണ്ടാണ് പരാതി നല്‍കാന്‍ വൈകിയതെന്നും യുവതിയോട് കോടതി ചോദിച്ചു. വിഷാദത്തില്‍ ആയതിനാലാണ് പരാതി കൊടുക്കാന്‍ വൈകിയതെന്ന് യുവതി യുടെ അഭിഭാഷകൻ മറുപടി നല്‍കിയെങ്കിലും, നിയമപ്രശ്‌നങ്ങള്‍ മാത്രം പറഞ്ഞാല്‍ മതിയെന്നാണ് കോടതി പറഞ്ഞത്.

സോഷ്യല്‍ മീഡിയയും പൊതുജനങ്ങളും ഇന്‍ഫ്‌ളുവന്‍സേര്‍സും പറയുന്നത് കോടതിയില്‍ ആവര്‍ത്തിക്കേണ്ടെന്നും കോടതി യുവതിയോട് പറഞ്ഞു.

ജസ്റ്റിസ് ബെച്ചുകുര്യന്‍ ജോസഫിന്റെ ബെഞ്ചാണ് വേടന്റെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കോടതിക്ക് മുമ്പാകെ വസ്തുതകള്‍ മാത്രമേ പരിഗണിക്കാന്‍ കഴിയുകയുള്ളുവെന്നും ഇന്‍ഫ്‌ലുവന്‍സര്‍ ആയാലും അല്ലെങ്കിലും വ്യക്തിസ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നും കഴിഞ്ഞ വാദത്തിനിടെ കോടതി പറഞ്ഞിരുന്നു.

Content Highlight: Another case filed against vedan