നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ മേഖലകളില്‍ തന്റെ സാന്നിധ്യമറിയിച്ചയാളാണ് അനൂപ് മേനോന്‍. സീരിയല്‍ രംഗത്ത് നിന്നാണ് അനൂപ് മേനോന്‍ സിനിമയിലേക്ക് എത്തിയത്. വിനയന്‍ സംവിധാനം ചെയ്ത കാട്ടുചെമ്പകമായിരുന്നു അനൂപിന്റെ ആദ്യ ചിത്രം. എന്നാല്‍ ചിത്രം സാമ്പത്തികമായി വലിയ വിജയം നേടിയിരുന്നില്ല. ഇനി സിനിമയിലേക്ക് ആ സമയത്ത് തീരുമാനിച്ചിരുന്നുവെന്ന് പറയുകയാണ് അനൂപ് മേനോന്‍.
ആ സമയത്ത് താന്‍ ഒരു സീരിയലില്‍ വര്‍ക്ക് ചെയ്യുകയായിരുന്നെന്നും സുകുമാരിയും ആ സീരിയലില്‍ ഉണ്ടായിരുന്നെന്ന് അനൂപ് മേനോന്‍ പറഞ്ഞു. സിനിമ ചെയ്യണമെന്ന് സുകുമാരി പലപ്പോഴും നിര്‍ബന്ധിക്കുമായിരുന്നെന്നും എന്നാല്‍ ആ വഴിക്ക് താനിനി പോകില്ലെന്ന് മറുപടി നല്‍കിയെന്നും അനൂപ് മേനോന്‍ കൂട്ടിച്ചേര്‍ത്തു. താന്‍ സീരിയല്‍ കൊണ്ട് ജീവിക്കാമെന്ന് പറഞ്ഞിരുന്നെന്നും അനൂപ് മേനോന്‍ പറഞ്ഞു.
പല സംവിധായകരോടും നടന്മാരോടും തനിക്ക് വേണ്ടി സുകുമാരി ചാന്‍സ് ചോദിച്ചിരുന്നെന്നും താന്‍ പോലും ആരോടും ചാന്‍സ് ചോദിച്ചിട്ടില്ലെന്നും അനൂപ് മേനോന്‍ കൂട്ടിച്ചേര്‍ത്തു. ലാല്‍ ജോസ് ക്ലാസ്‌മേറ്റ്‌സ് എന്ന സിനിമ ചെയ്യുന്ന സമയത്ത് തനിക്കും എന്തെങ്കിലും റോള്‍ കൊടുക്കാന്‍ പറ്റുമോ എന്ന് ചോദിച്ചെന്നും അനൂപ് കൂട്ടിച്ചേര്‍ത്തു. ഇത് കോളേജ് പിള്ളേരുടെ കഥയാണെന്നും തനിക്ക് ഏജോവറാണെന്നും ലാല്‍ ജോസ് സുകുമാരിയോട് പറഞ്ഞെന്നും അനൂപ് മേനോന്‍ കൂട്ടിച്ചേര്‍ത്തു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആദ്യത്തെ സിനിമ പൊട്ടുകയും അതിന്റെ ഫ്രസ്‌ട്രേഷനില്‍ നില്‍ക്കുകയും ചെയ്തപ്പോള്‍ ഇനി സിനിമയിലേക്കേ ഇല്ല എന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. അന്ന് ഞാന്‍ ചെയ്തുകൊണ്ടിരുന്ന ഒരു സീരിയലില്‍ സുകുമാരിയമ്മയും ഉണ്ടായിരുന്നു. എന്നെ എപ്പോഴും നിര്‍ബന്ധിക്കുന്നയാളാണ് സുകുമാരിയമ്മ.
‘സിനിമ ചെയ്യണം മോനേ, ഇനിയും നീ ഒരുപാട് സിനിമകള്‍ ചെയ്യണം’ എന്ന് സുകുമാരിയമ്മ എന്നോട് പറയും.പക്ഷേ, എനിക്കിനി സിനിമ വേണ്ട, ഞാന്‍ സീരിയല്‍ കൊണ്ട് ജീവിച്ചോളാം, അത്രയും പൈസ മതി എന്ന് സുകുമാരിയമ്മയോട് പറഞ്ഞു. പക്ഷേ ഞാന്‍ പോലും അറിയാതെ സുകുമാരിയമ്മ എനിക്ക് വേണ്ടി പലരോടും ചാന്‍സ് ചോദിച്ചിട്ടുണ്ട്.
ലാല്‍ ജോസ് ക്ലാസ്‌മേറ്റ്‌സ് എന്ന സിനിമ ചെയ്യുന്ന സമയത്ത് എനിക്കും കൂടെ എന്തെങ്കിലും വേഷമുണ്ടോ എന്ന് ചോദിച്ചിരുന്നു. ‘ഇത് കോളേജ് പിള്ളേരുടെ കഥയാണ്, അവന് ഏജ് ഓവറാണ്’ എന്ന് ലാലു ചേട്ടന്‍ സുകുമാരിയമ്മയോട് പറഞ്ഞു. ‘ആ പിള്ളേര്‍ക്ക് പ്രായമാകുമ്പോഴുള്ള വേഷം ഏതെങ്കിലും ഉണ്ടെങ്കില്‍ അവന് കൊടുക്കാന്‍ പറ്റുമോ’ എന്ന് സുകുമാരിയമ്മ വീണ്ടും ചോദിച്ചു.
അതുമാത്രമല്ല, ധനുഷിനോട് വരെ സുകുമാരിയമ്മ എനിക്ക് വേണ്ടി ചാന്‍സ് ചോദിച്ചിട്ടുണ്ട്. ഒരു സീരിയലിന്റെ സെറ്റില്‍ വെച്ച് ഫോണ്‍ എനിക്ക് തന്നിട്ട് ‘ധനുഷാണ്, സംസാരിക്ക്, നിനക്ക് വേണ്ടി ഒരു സിനിമ ഞാന്‍ ചോദിച്ചിട്ടുണ്ട്’ എന്ന് പറഞ്ഞു. സുകുമാരിയമ്മക്ക് നമ്മളും ധനുഷുമൊക്കെ ഒരുപോലെയാണ്,’ അനൂപ് മേനോന്‍ പറയുന്നു.
Content Highlight: Anoop Menon shares memories of Actress Sukumari