21 ഗ്രാംസിനെ ആ സൂപ്പർ ഹിറ്റ് ത്രില്ലറുമായിട്ടാണ് പലരും താരതമ്യം ചെയ്യുന്നത്: അനൂപ് മേനോൻ
Entertainment
21 ഗ്രാംസിനെ ആ സൂപ്പർ ഹിറ്റ് ത്രില്ലറുമായിട്ടാണ് പലരും താരതമ്യം ചെയ്യുന്നത്: അനൂപ് മേനോൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 20th January 2025, 11:39 am

കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടനാണ് അനൂപ് മേനോൻ. വിനയൻ സംവിധാനം ചെയ്ത കാട്ടുചെമ്പകം ബോക്സ്‌ ഓഫീസിൽ പരാജയപ്പെട്ട സിനിമയായിരുന്നു.

പിന്നീട് ആറ് വർഷങ്ങൾക്ക് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്ത തിരക്കഥ എന്ന ചിത്രത്തിലൂടെയാണ് അനൂപ് മേനോൻ മലയാളത്തിൽ ശ്രദ്ധേയമായ ഒരു തിരിച്ചു വരവ് നടത്തുന്നത്. പകൽ നക്ഷത്രങ്ങൾ, ബ്യൂട്ടിഫുൾ തുടങ്ങിയ സിനിമകൾക്ക് തിരക്കഥ ഒരുക്കിയ അദ്ദേഹം പത്മ എന്ന സിനിമ സംവിധാനവും ചെയ്തിട്ടുണ്ട്.

അനൂപ് മേനോൻ നായകനായി എത്തിയ 21 ഗ്രാംസ് എന്ന ത്രില്ലർ ചിത്രം നന്നായി ശ്രദ്ധിക്കപ്പെട്ടിരുന്നു. കുറ്റാന്വേഷണ കഥകൾ എല്ലാക്കാലത്തും മലയാളത്തിൽ നന്നായി സ്വീകരിക്കപ്പെട്ടിട്ടുണ്ടെന്നും അത്തരത്തിൽ ഒരുപാട് സിനിമകൾ മലയാളത്തിലുണ്ടെന്നും അനൂപ് മേനോൻ പറയുന്നു. 21 ഗ്രാംസ് കണ്ടിട്ട് നിർമാതാവ് സ്വർഗചിത്ര അപ്പച്ചൻ അതിനൊരു രണ്ടാംഭാഗത്തിന് സാധ്യതയുണ്ടെന്ന് പറഞ്ഞിരുന്നുവെന്നും അനൂപ് മേനോൻ കൂട്ടിച്ചേർത്തു.

‘കുറ്റാന്വേഷണ കഥകൾ എല്ലാക്കാലത്തും മലയാളത്തിൽ നന്നായി സ്വീകരിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ ഉദാഹരണമാണല്ലോ സി.ബി.ഐ. ഡയറിക്കുറിപ്പ്. പത്മരാജൻ സാറിന്റെ ‘കരിയിലക്കാറ്റുപോലെ’ തുടങ്ങി എത്രയോ സിനിമകൾ ആ പട്ടികയിലുണ്ട്. ഈ മേഖലയിൽ സമീപകാലത്തുണ്ടായ വലിയ ഹിറ്റ് ‘അഞ്ചാംപാതിര’ ആയിരുന്നു. അതു മായാണ് ’21 ഗ്രാംസി’നെ താരതമ്യം ചെയ്യുന്നത്. 21 ഗ്രാംസ് കണ്ടിട്ട് സ്വർഗചിത്ര അപ്പച്ചൻ സാർ പറഞ്ഞത്, ഈ സിനിമയ്ക്ക് അടുത്ത ഭാഗം കൂടി ചെയ്യാനുള്ള സാധ്യതയുണ്ടന്നാണ്.

 

ഇത്തരം പ്രമേയങ്ങൾക്ക് ഇവിടെ എപ്പോഴും മാർക്കറ്റുണ്ട്. പക്ഷേ, സിനിമ നമ്മളെ ഞെട്ടിക്കണം. ഒരുപാട് മരണങ്ങൾ കാണിക്കും. ഒടുവിൽ അതുവരെ സീനിലേ ഇല്ലാത്ത ഒരാളെ കുറ്റവാളിയാക്കി അവതരിപ്പിക്കും. ആ പാറ്റേൺ കുറേ കണ്ടുകഴിഞ്ഞു.

’21 ഗ്രാംസി’ന്റെ പ്രത്യേകത ആ സിനിമ കാണുന്ന ഓരോരുത്തരും ഇതിലെ കുറ്റാന്വേഷണരായി മാറുന്നു എന്നതാണ്. അവരെല്ലാം തിയേറ്ററിലിരുന്ന് കുറ്റവാളിയെ അന്വേഷിക്കുന്നു. ക്ലൈമാക്സിലെത്തുമ്പോൾ, സിനിമ കണ്ടവരൊന്നും കരുതിയിട്ടില്ലാത്ത മറ്റൊരാളാണ് കുറ്റവാളി എന്നറിയുമ്പോഴുള്ള ത്രില്ലാണ് ഈ ചിത്രം,’അനൂപ് മേനോൻ പറയുന്നു.

 

Content Highlight: Anoop Menon About 21 Grams Movie