തിരുവനന്തപുരം: കേരളത്തിലെ ദരിദ്ര ജനവിഭാഗങ്ങള്‍ക്കായി നടപ്പിലാക്കിയ ലൈഫ് മിഷന്‍ പദ്ധതി നിര്‍ത്തലാക്കാനുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സി.പി.ഐ.എം. സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പ്രസ്താവനയിലാണ് പ്രഖ്യാപനത്തിനെതിരെ പാര്‍ട്ടി രംഗത്തെത്തിയത്.
രാഷ്ട്രീയ പ്രേരിതവും ജനവിരുദ്ധവുമായ ഈ നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില്‍ സംസ്ഥാനത്ത് ശക്തമായ ജനകീയ പ്രക്ഷോഭം ഉയര്‍ത്തുമെന്നും സി.പി.ഐ.എം മുന്നറിയിപ്പ് നല്‍കി.
അഞ്ച് ലക്ഷത്തിലേറെ വീടുകള്‍ യാഥാര്‍ത്ഥ്യമാക്കിയ മാതൃകാ പദ്ധതിയാണ് ലൈഫ് മിഷനെന്നും നിലവില്‍ ഒരു ലക്ഷത്തിലധികം വീടുകള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും സി.പി.ഐ.എം വ്യക്തമാക്കി.
ഇതിനുപുറമെ, മുന്‍ഗണനാ ക്രമത്തില്‍ വീടിനായി കാത്തിരിക്കുന്ന രണ്ട് ലക്ഷത്തിലധികം കുടുംബങ്ങളുടെ പ്രതീക്ഷകളെ തകര്‍ക്കുന്നതാണ് സര്‍ക്കാരിന്റെ ഈ തീരുമാനമെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടി.
അടച്ചുറപ്പുള്ള വീട് ഓരോ മനുഷ്യന്റെയും അവകാശമാണെന്നും അത് ഉറപ്പാക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ കാട്ടിയ ഇച്ഛാശക്തിയുടെ ഫലമാണ് 20 ലക്ഷത്തിലധികം പേര്‍ ഇന്ന് സ്വന്തം വീട്ടില്‍ അഭിമാനത്തോടെ കഴിയുന്നതെന്നും പ്രസ്താവനയില്‍ പറഞ്ഞു.
സംസ്ഥാനത്തിന്റെ വലിയ സാമ്പത്തിക വിഹിതം ലൈഫ് മിഷനുവേണ്ടി ചെലവഴിച്ച 20,831.6 കോടി രൂപയില്‍ 18,342.7 കോടിയും (88.05%) സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളുമാണ് കണ്ടെത്തിയത്. കേന്ദ്ര വിഹിതം വെറും 11.95% (2488.9 കോടി രൂപ) മാത്രമാണ്. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന തുക ഭവന പദ്ധതിക്കായി നല്‍കുന്നതും കേരളമാണെന്നും (പട്ടികവര്‍ഗ വിഭാഗത്തിന് 6 ലക്ഷം, ജനറല്‍ വിഭാഗത്തിന് 4 ലക്ഷം) സി.പി.ഐ.എം വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാരിന്റെ ബ്രാന്‍ഡിങ് നിര്‍ദേശങ്ങളെ തള്ളിക്കൊണ്ടാണ് കേരളം ഈ അഭിമാന നേട്ടം കൈവരിച്ചതെന്നും കൂട്ടിച്ചേര്‍ത്തു.
ലൈഫ് മിഷന് പുറമെ ഹരിത കേരള മിഷന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ആര്‍ദ്രം കേരളം മിഷന്‍ എന്നിവയും പിരിച്ചുവിടാനുള്ള നീക്കം യു.ഡി.എഫിന്റെ കപട രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു.
കേരളം കൈവരിച്ച സാമൂഹ്യ മുന്നേറ്റങ്ങളെ അട്ടിമറിക്കാനുള്ള ഈ നീക്കത്തിനെതിരെ പ്രബുദ്ധ കേരളം രംഗത്തിറങ്ങണമെന്ന് സി.പി.ഐ.എം ആഹ്വാനം ചെയ്തു.
വികേന്ദ്രീകൃത ആസൂത്രണത്തിന്റെ മികച്ച മാതൃകയായ ലൈഫ് മിഷനില്‍ ഗ്രാമസഭകളും പഞ്ചായത്തുകളും ചര്‍ച്ച ചെയ്താണ് ഗുണഭോക്താക്കളെ നിശ്ചയിക്കുന്നതെന്നും ഇത് പൂര്‍ണ്ണമായും സുതാര്യമാണെന്നും പാര്‍ട്ടി വിശദീകരിച്ചു.
പദ്ധതി തകര്‍ത്താല്‍ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ കണ്ണീരില്‍ യു.ഡി.എഫ് സര്‍ക്കാര്‍ കത്തിച്ചാമ്പലാകുമെന്ന് മുന്‍ തദ്ദേശ മന്ത്രി എം.ബി. രാജേഷ് പ്രതികരിച്ചു. പുതിയ പദ്ധതി തുടങ്ങുന്നതിന് പകരം നിലവിലുള്ള മികച്ച പദ്ധതികള്‍ അവസാനിപ്പിക്കുന്നതിലാണ് സര്‍ക്കാരിന്റെ മുന്‍ഗണനയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, പുതിയ പദ്ധതി ആവിഷ്‌കരിക്കുമെന്ന് യു.ഡി.എഫ് അറിയിച്ചു. നേരത്തെ ലൈഫ് ഭവന പദ്ധതിക്കെതിരെ അഴിമതി ആരോപണങ്ങളും യു.ഡി.എഫ് ഉന്നയിച്ചിരുന്നു.
Content highlight: Announcement to dissolve Life Mission a challenge to the people: CPI(M)