രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളുടെ വന്‍വിജയത്തിനു ശേഷം ജിത്തു മാധവന്റെ പുതിയ സംവിധാന സംരംഭത്തില്‍ നായകനായെത്തുന്നത് തമിഴ് സൂപ്പര്‍ താരം സൂര്യയെന്ന് സ്ഥിരീകരണം. ചിത്രത്തിന്റെ പൂജാ ചിത്രങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടു. അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് പുറത്തുവന്ന ഫോട്ടോയില്‍ സുഷിന്‍ ശ്യാം, നസ്രിയ നസീം, നസ്‌ലെന്‍, തുടങ്ങിയവരെയും കാണാം.
ഫഹദ് ഫാസില്‍ നായകനായ ആവേശത്തിലൂടെ സൗത്ത് ഇന്ത്യയിലാകെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് ജിത്തു മാധവന്‍. സൂര്യ47 എന്ന ഹാഷ് ടാഗോടു കൂടി ചിത്രവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. തമിഴ്‌നാട്ടില്‍ നിന്നും ട്രാന്‍സ്ഫര്‍ ലഭിച്ചു വരുന്ന പൊലീസ് കഥാപാത്രത്തെയായിരിക്കും സൂര്യ അവതരിപ്പിക്കുകയെന്നാണ് പല സിനിമാ പേജുകളും പുറത്തു വിടുന്ന വിവരം.
ജിത്തു മാധവന്റെ ആദ്യ തമിഴ് ചിത്രമെന്നതിലുപരി സൂര്യയുടെ ആദ്യ മലയാള ചിത്രമായിട്ടാണ് പ്രേക്ഷകര്‍ പ്രൊജക്ടിനെ കാണുന്നത്. നസ്രിയയും നസ്‌ലെനും ഫഹദുമടക്കം മുന്‍നിര മലയാള താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നതും, മലയാളത്തിലെ ലീഡിങ് സംഗീത സംവിധായകനായ സുഷിന്‍ ശ്യാം ചിത്രത്തിന് സംഗീതം നിര്‍വ്വഹിക്കുന്നുവെന്നതും പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടുന്നു. സൂര്യയുമായി ചേര്‍ന്ന് ‘ഴഗരം സ്റ്റുഡിയോസ്’ എന്ന പുതിയ പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ജിത്തു മാധവനായിരിക്കും ചിത്രം നിര്‍മിക്കുക.
അഞ്ചാന് ശേഷം വന്‍ ഹൈപ്പില്‍ 2024 ല്‍ പുറത്തിറങ്ങിയ സൂര്യയുടെ കങ്കുവ പ്രേക്ഷകരെ നിരാശപ്പെടുത്തിയിരുന്നു. അതേസമയം നിലവില്‍ ഇന്ത്യയില്‍ തന്നെ മിനിമം ഗ്യരണ്ടി നല്‍കുന്ന സംവിധായകരിലൊരാളാണ് ജിത്തു മാധവന്‍. ജിത്തുവിന്റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ആവേശം 150 കോടിയോളം രൂപയാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്.
Content Highlight: Announcement and reveal of pooja photos of surya jithu madhavan movie