ആ സിനിമ വളരെ ചാലഞ്ചിങ്ങ് ആയിരുന്നു; എന്നാല്‍ ഏറ്റവും നന്നായത് അതിലെ വേഷമാണ്: ആനി
Entertainment
ആ സിനിമ വളരെ ചാലഞ്ചിങ്ങ് ആയിരുന്നു; എന്നാല്‍ ഏറ്റവും നന്നായത് അതിലെ വേഷമാണ്: ആനി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 24th June 2025, 4:03 pm

1993ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത ‘അമ്മയാണെ സത്യം‘ എന്ന സിനിമയിലൂടെ സിനിമ ലോകത്തേക്ക് അരങ്ങേറിയ നടിയാണ് ആനി. മൂന്ന് വര്‍ഷം മാത്രം നീണ്ടുനിന്ന തന്റെ കരിയറില്‍ പതിനാറോളം സിനിമകളിലാണ് ആനി അഭിനയിച്ചത്. കമല്‍ സംവിധാനം ചെയ്ത മഴയെത്തും മുന്‍പേ ആനിയുടെ അഭിനയ ജീവിതത്തിലെ മികച്ച ചിത്രങ്ങളിലൊന്നായി മാറി.

ഇപ്പോള്‍ തന്റെ ആദ്യ സിനിമയായ ‘അമ്മയാണേ സത്യ’ത്തെ കുറിച്ച് സംസാരിക്കുകയാണ് നടി. ചിത്രത്തില്‍ ആനി ആണ്‍വേഷത്തിലാണ് എത്തിയിരുന്നത്. ‘അമ്മയാണേ സത്യം’ വലിയ ചലഞ്ചായിരുന്നുവെന്നും പുതിയ ആളായിരുന്നിട്ടും അത്രയും വലിയ റോള്‍ ബാലചന്ദ്രന്‍ മേനോന്‍ തന്നെ വിശ്വസിച്ചേല്‍പ്പിച്ചുവെന്നും ആനി പറയുന്നു.

താനൊരു പെണ്‍കുട്ടിയാണെന്ന് ആരും തിരിച്ചറിഞ്ഞില്ലെന്നും അന്ന് അദ്ദേഹം തന്നോട് ആദ്യം തന്നെ പറഞ്ഞത് ‘നീ പെണ്‍ കുട്ടിയാണ്, പക്ഷേ ആണ്‍കുട്ടിയെപ്പോലെ പെരുമാറണം എന്നാണെന്നും അതിന് ആണ്‍കുട്ടികളെ നിരീക്ഷിക്കണ’ മെന്ന് അദ്ദേഹം പറഞ്ഞുവെന്നും ആനി പറയുന്നു. ചെയ്ത കഥാപാത്രങ്ങളില്‍ ഏറ്റവും നന്നായത് ആ ആണ്‍വേഷമാണെന്നാണ് തന്റെ വിശ്വാസമെന്നും അവര്‍ പറയുന്നു. ഗൃഹലക്ഷ്മിയോട് സംസാരിക്കുകയായിരുന്നു ആനി.

‘ആദ്യത്തെ സിനിമ അമ്മയാണേ സത്യം‘വലിയ ചലഞ്ചായിരുന്നു. പുതിയ ആളായിരുന്നിട്ടും അത്രയും വലിയ റോള്‍ മേനോന്‍ അങ്കിള്‍ എന്നെ വിശ്വസിച്ചേല്‍പ്പിച്ചു. ഞാനൊരു പെണ്‍കുട്ടിയാണെന്ന് ആരും തിരിച്ചറിഞ്ഞില്ല. അന്ന് അങ്കിള്‍ എന്നോട് ആദ്യംതന്നെ പറഞ്ഞു ‘നീ പെണ്‍കുട്ടിയാണ്, പക്ഷേ, ആണ്‍കുട്ടിയെ പ്പോലെ പെരുമാറണം, അതിന് നീ ആണ്‍കുട്ടികളെ നിരീക്ഷിക്കണം, അവരുടെ മാനറിസങ്ങള്‍ പഠിക്കണം. മാമുക്കോയയെ നോക്കി മുണ്ടുമടക്കിക്കുത്തി പോടാ എന്ന് പറയുന്നത് ഒരു ആണ്‍കുട്ടിയായിരിക്കണം’എന്ന്. ചെയ്ത കഥാപാത്രങ്ങളില്‍ ഏറ്റവും നന്നായത് ആ ആണ്‍വേഷമാണെന്നാണ് എന്റെ വിശ്വാസം,’ ആനി പറയുന്നു.

Content Highlight: Annie talks about her first film  ‘Ammayane Sathyam’