മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് ഛോട്ടാ മുംബൈ. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് 2007ല്‍ റിലീസ് ചെയ്ത ചിത്രം വലിയ വിജയമായി മാറി. മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍, ഇന്ദ്രജിത്, സിദ്ദിഖ്, കലാഭവന്‍ മണി തുടങ്ങി വന്‍ താരനിരയായിരുന്നു അണിനിരന്നത്. 4k സാങ്കേതിക വിദ്യയില്‍ റീമാസ്റ്റര്‍ ചെയ്ത് വീണ്ടും പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് വന്‍ വരവേല്പാണ് ലഭിച്ചത്.
ഛോട്ടാ മുംബൈയുടെ റീ റിലീസിനെ കുറിച്ച് സംസാരിക്കുകയാണ് നടിയും ബെന്നി പി. നായരമ്പലത്തിന്റെ മകളുമായ അന്ന ബെന്‍. രാജന്‍ പി.ദേവ്, ജഗതി ശ്രീകുമാര്‍, കലാഭവന്‍ മണി തുടങ്ങിയ നടന്മാരെ ഒന്നിച്ച് ഒരിക്കല്‍ക്കൂടി സ്‌ക്രീനില്‍ കാണാന്‍ കിട്ടുന്ന വലിയൊരവസരം കൂടിയായിരുന്നു ഛോട്ടാ മുംബൈ റീ റീലീസെന്ന് അന്ന ബെന്‍ പറഞ്ഞു.
‘ഛോട്ടാ മുംബൈ തിയേറ്ററില്‍ പോയി വീണ്ടും കാണുമ്പോള്‍ അത് വിട്ടുപോയ പലതിനെയും വീണ്ടെടുക്കാനുള്ള ഒരവസരം കൂടിയായിരുന്നു. ആദ്യം ഈ ചിത്രമിറങ്ങുമ്പോള്‍ ഞാനൊരു സ്‌കൂള്‍ കുട്ടിയായിരുന്നു. അന്ന് മനസിലാകാതെ പോയ പല കാര്യങ്ങളും ഇന്ന് ശ്രദ്ധയില്‍പ്പെട്ടു. അപ്പ (ബെന്നി പി.നായരമ്പലം) എങ്ങനെ ഈ ഡയലോഗുകള്‍ എഴുതി എന്ന് ഞാന്‍ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്.
ഇന്നത്തെ ഏറ്റവും പുതിയ കുട്ടികള്‍ പോലും സംസാരിക്കുന്ന രീതിയിലാണ് അന്ന് ആ ഡയലോഗുകള്‍ എഴുതിയിരിക്കുന്നത്. രാജന്‍ പി.ദേവ്, ജഗതി ശ്രീകുമാര്‍, കലാഭവന്‍ മണി തുടങ്ങിയ നടന്മാരെ ഒന്നിച്ച് ഒരിക്കല്‍ക്കൂടി സ്‌ക്രീനില്‍ കാണാന്‍ കിട്ടുന്ന വലിയൊരവസരം കൂടിയായിരുന്നു സിനിമ.
റീ റിലീസ് കണ്ടുകഴിഞ്ഞപ്പോള്‍ അന്‍വര്‍ അങ്കിളും (അന്‍വര്‍ റഷീദ്) അപ്പയും ചേര്‍ന്ന് ഇതുപോലെയുള്ള ഒരു മാസ് കോമഡി സിനിമ വീണ്ടും ചെയ്യണം എന്ന് ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. പലരും ഇതിനൊരു രണ്ടാം ഭാഗം വേണമെന്നും ആവശ്യപ്പെടുന്നു,’ അന്ന ബെന്‍ പറയുന്നു.