ഒരേസമയം രജിനികാന്ത് - അജിത്ത് ചിത്രങ്ങളുടെ ഓഫര്‍ വന്നു; അവസാനം ഞാനൊരു തീരുമാനമെടുത്തു: അഞ്ജു
Entertainment
ഒരേസമയം രജിനികാന്ത് - അജിത്ത് ചിത്രങ്ങളുടെ ഓഫര്‍ വന്നു; അവസാനം ഞാനൊരു തീരുമാനമെടുത്തു: അഞ്ജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 21st May 2025, 6:52 pm

1995ല്‍ അക്ഷരം എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടിയാണ് അഞ്ജു അരവിന്ദ്. തുടക്കത്തില്‍ മലയാള സിനിമയില്‍ അഭിനയിച്ചിരുന്ന നടി 1996ലാണ് വിജയ്‌യുടെ നായികയായി തമിഴിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

വിക്രമന്‍ രചനയും സംവിധാനവും നിര്‍വഹിച്ച പൂവേ ഉനക്കാക എന്ന ചിത്രമായിരുന്നു അത്. പിന്നീട് മലയാളത്തിനും തമിഴിനും പുറമെ കന്നഡ സിനിമകളിലും സീരിയലുകളിലും അഭിനയിക്കാന്‍ അഞ്ജു അരവിന്ദിന് സാധിച്ചു.

1997ല്‍ രജിനികാന്തിനൊപ്പം അരുണാചലം എന്ന സിനിമയിലും നടി അഭിനയിച്ചിരുന്നു. അവരുടെ മൂന്നാമത്തെ തമിഴ് ചിത്രമായിരുന്നു അത്. ആ സിനിമയിലേക്ക് വിളിച്ച സമയത്ത് അജിത്ത് നായകനായ കാതല്‍ കോട്ടൈ എന്ന പടത്തിലേക്കും തനിക്ക് കോള്‍ വന്നിരുന്നുവെന്ന് പറയുകയാണ് അഞ്ജു അരവിന്ദ്.

അതില്‍ ഏത് വേണമെന്ന സംശയം വന്നപ്പോള്‍ താന്‍ രജിനികാന്തിനൊപ്പം അഭിനയിക്കാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും നടി പറയുന്നു. രജിനികാന്തിനെ പോയി കാണണമെന്ന് ഇപ്പോള്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ അദ്ദേഹം തന്നെ മറന്നു കാണുമോ എന്ന പേടിയാണെന്നും അഞ്ജു കൂട്ടിച്ചേര്‍ത്തു.

‘രജിനി സാറിന്റെ കൂടെ അരുണാചലം എന്ന സിനിമയില്‍ എനിക്ക് അഭിനയിക്കാന്‍ സാധിച്ചു. ആ സിനിമ എന്നിലേക്ക് എത്തിയ സമയത്ത് തന്നെയായിരുന്നു കാതല്‍ കോട്ടൈ എന്ന സിനിമയിലേക്കും വിളി വരുന്നത്. അതില്‍ അജിത്ത് സാര്‍ ആയിരുന്നു നായകനായത്.

അരുണാചലം ചൂസ് ചെയ്യണോ അതോ കാതല്‍ കോട്ടൈ ചൂസ് ചെയ്യണോ എന്ന സംശയം എനിക്ക് ഉണ്ടായിരുന്നു. പക്ഷെ അവസാനം ഞാന്‍ എന്റെ രജിനി സാറിന്റെ കൂടെ അഭിനയിക്കാമെന്ന് തീരുമാനം എടുക്കുകയായിരുന്നു (ചിരി).

അദ്ദേഹത്തെ ഇപ്പോള്‍ കാണണമെന്ന് എനിക്ക് ഒരുപാട് ആഗ്രഹമുണ്ട്. പക്ഷെ എന്റെ ഉള്ളില്‍ എന്തോ ഒരു ഭയം തോന്നുന്നു. അദ്ദേഹം എന്നെ മറന്നു കാണുമോ എന്ന സംശയമാണ്. അദ്ദേഹം എത്രയോ ആളുകളെ കാണുന്നതല്ലേ.

ഒരുപാട് ആര്‍ട്ടിസ്റ്റുകളെ ഇത്രയും വര്‍ഷത്തിനുള്ളില്‍ കണ്ടിട്ടുണ്ടാകും. അതിന്റെ ഇടയില്‍ ഫാമിലിയോടൊപ്പം അദ്ദേഹത്തെ കാണണമെന്ന് പറഞ്ഞാല്‍ സാര്‍ അതിന് സമ്മതിക്കുമോയെന്ന് അറിയില്ലല്ലോ. അതുകൊണ്ടാണ് ഞാന്‍ പോകാതെ ഇരിക്കുന്നത്. അല്ലെങ്കില്‍ ഞാന്‍ എങ്ങനെയെങ്കിലും പോയേനെ,’ അഞ്ജു അരവിന്ദ് പറയുന്നു.


Content Highlight: Anju Aravind Talks About Rajinikanth And Ajith Kumar