ഞാന്‍ ചാടുമ്പോള്‍ കൂടെ ചാടുന്നവരെയാണ് എനിക്ക് ആവശ്യം, എന്റെയൊപ്പം വര്‍ക്ക് ചെയ്യുന്നത് അത്ര എളുപ്പമല്ല: അഞ്ജലി മേനോന്‍
Film News
ഞാന്‍ ചാടുമ്പോള്‍ കൂടെ ചാടുന്നവരെയാണ് എനിക്ക് ആവശ്യം, എന്റെയൊപ്പം വര്‍ക്ക് ചെയ്യുന്നത് അത്ര എളുപ്പമല്ല: അഞ്ജലി മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 25th November 2022, 5:55 pm

തന്റെ ക്രൂവില്‍ വര്‍ക്ക് ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് സംവിധായിക അഞ്ജലി മേനോന്‍. ഒരുപാട് ഡിമാന്‍ഡുകളുള്ള ആളാണ് താനെന്നും ക്രൂ കഠിനാധ്വാനം ചെയ്യേണ്ടി വരുമെന്നും സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ അഞ്ജലി പറഞ്ഞു.

‘എന്റെ ടീമില്‍ നിന്നും വളരെയധികം ഡിമാന്‍ഡ് ചെയ്യുന്ന ആളാണ് ഞാന്‍. ഞാന്‍ ചാടുമ്പോള്‍ കൂടെ ചാടുന്ന ടീമിനെയാണ് എനിക്ക് ആവശ്യം. വളരെ ഉത്തരവാദിത്തമുള്ള ക്രൂ ആയിരിക്കണം. എന്റെ ക്രൂവില്‍ വര്‍ക്ക് ചെയ്യുന്നത് അത്ര എളുപ്പമല്ല. വളരെ ഡിമാന്‍ഡിങ് ആയിട്ടുള്ള ജോലിയാണ് അത്.
എനിക്കെന്താണ് വേണ്ടത് എന്നതിനെ പറ്റി വളരെയധികം വ്യക്തതയുള്ള ആളാണ് ഞാന്‍.

പ്രൊഡക്ഷന്‍ വര്‍ക്കൊക്കെ ഏറ്റവും തീവ്രമായി നടക്കണം. വളരെ സൂക്ഷ്മമായ വര്‍ക്കും കഠിനാധ്വാനവുമാണ് അവരുടെ അടുത്ത് നിന്നും ഞാന്‍ പ്രതീക്ഷിക്കുന്നത്. നീണ്ട മണിക്കൂറുകള്‍ വര്‍ക്ക് ചെയ്യേണ്ടി വരും. ആക്ടേഴ്‌സിന് കിട്ടുന്ന കുഷ്യനിങ് ഒരിക്കലും എന്റെ ക്രൂവിന് കിട്ടില്ല. സുരക്ഷിതമായ തൊഴില്‍ സാഹചര്യവും ബഹുമാനവുമാണ് എനിക്ക് ഓഫര്‍ ചെയ്യാന്‍ പറ്റുന്നത്. ചെയ്യുന്ന തൊഴിലിന് അന്തസുണ്ട്. ഇതിനെല്ലാം മുകളില്‍ ഞാന്‍ വളരെയധികം ഡിമാന്‍ഡ് ചെയ്യുന്ന ആളാണ്.

അഭിനയം ഒരിക്കലും എന്നെ മോഹിപ്പിച്ചിട്ടില്ല. സംവിധാനം തന്നെയായിരുന്നു ആഗ്രഹം. സ്‌കൂളിലും കോളേജിലും പഠിക്കുമ്പോള്‍ നാടകമൊക്കെ ചെയ്യുമ്പോഴും ആ ട്രൂപ്പിലേക്ക് ഒന്ന് കേറാനാണ് ആക്ടിങ് എടുക്കാറുള്ളത്. അത് കേറി കഴിയുമ്പോള്‍ ഞാന്‍ നേരെ സംവിധാനത്തിലേക്ക് കടക്കും. അതാണ് എനിക്ക് ഹൈ തരുന്നത്. അഭിനയിച്ചാല്‍ എനിക്ക് അത്രയും ഹൈ കിട്ടില്ല. ഡാന്‍സൊക്കെ കളിച്ചിട്ടുണ്ട്. പക്ഷേ അത്ര ആവേശത്തോടെ എനിക്ക് സമീപിക്കാന്‍ പറ്റിയ കാര്യമല്ല അത്,’ അഞ്ജലി പറഞ്ഞു.

വണ്ടര്‍ വുമാണാണ് ഒടുവില്‍ റിലീസ് ചെയ്ത അഞ്ജലി മേനോന്റെ ചിത്രം. നവംബര്‍ 18ന് സോണി ലിവിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. പാര്‍വതി തിരുവോത്ത്, നിത്യ മേനന്‍, സയനോര, അമൃത സുബാഷ്, അര്‍ച്ചന പത്മിനി, പത്മ പ്രിയ, നദിയ മൊയ്തു തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തിയത്.

Content Highlight: anjali menon says it is not easy to work with her