മുംബയ്: രാജേഷ് ഖന്ന- അനിതാ അദ്വാനി വിവാദം പുതിയ വഴിത്തിരിവില്‍. രാജേഷ് ഖന്നയുടെ കാമുകിയാണെന്ന അനിതയുടെ വാദം നിഷേധിച്ച് ഖന്നയുടെ ബന്ധുക്കള്‍ അവര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. ഖന്നയുടെ ജീവിത പങ്കാളിയോ കാമുകിയോ അല്ല അനിതയെന്നും അവര്‍ക്ക് സ്വത്തില്‍ അവകാശമില്ലെന്നുമാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്.[]
രാജേഷ് ഖന്നയുടെ സ്വത്തില്‍ അവകാശമുണ്ടെന്ന് കാണിച്ച് നേരത്തേ അനിതാ അദ്വാനി വക്കീല്‍ നോട്ടീസയച്ചിരുന്നു. ഇതിന് അഭിഭാഷകന്‍ ഭെറു ചൗധരി വഴി ഖന്നയുടെ മകള്‍ ട്വിങ്കിള്‍ അയച്ച മറുപടിയിലാണ് രാജേഷ് ഖന്നയുടെ സ്വത്തില്‍ നിയമപരമായി യാതൊരു അവകാശവും അനിതാ അദ്വാനിയ്ക്കില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളത്.
അനിതാ അദ്വാനി രാജേഷ് ഖന്നയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്ന് കുടുംബം അംഗീകരിക്കുന്നില്ലെന്നും രാജേഷ് ഖന്നയുടെ സ്വത്തില്‍ അനിതാ അദ്വാനിയ്ക്ക് നിയമപരമായി അവകാശമില്ലെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ ഇരുവിഭാഗങ്ങളുടെയും അഭിഭാഷകര്‍ തയ്യാറായിട്ടില്ല.
13 വയസുള്ളപ്പോഴാണ് താന്‍ ഖന്നയെ ആദ്യമായി കണ്ടതെന്നാണ് അനിതയുടെ വക്കീല്‍ നോട്ടീസില്‍ പറഞ്ഞിരുന്നത്. പിന്നീട് പലതവണ ഖന്നയെ കാണുകയും അടുക്കുകയും ചെയ്‌തെന്നും അനിത അവകാശപ്പെടുന്നു.
ഖന്നയും താനും തമ്മില്‍ പ്രണയത്തിലായിരുന്നെന്നും തന്നെ സംരക്ഷിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിരുന്നതായും അനിത നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ 10 വര്‍ഷമായി തങ്ങള്‍ ഒരുമിച്ചാണ് ജീവിക്കുന്നത്. ആശിദര്‍വാദിലുള്ള തന്റെ സാധനങ്ങള്‍ എടുക്കാന്‍ പോലും ബന്ധുക്കള്‍ അനുവദിക്കുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
