മുംബൈ: ബോളിവുഡ് താരം രാജേഷ് ഖന്നയുടെ ചിതയണയുന്നതിന് മുമ്പ് അവകാശ തര്‍ക്കവും ആരംഭിച്ചു. ഖന്നയെ സംരക്ഷിച്ചത് താനായിരുന്നെന്നും അതിനാല്‍ സ്വത്തുക്കളില്‍ അവകാശം നല്‍കണമെന്നുമാവശ്യപ്പെട്ട് അനിത അഡ്വാനിയെന്ന സ്ത്രീ രംഗത്തെത്തിയിരിക്കുകയാണ്.[]
ഖന്നയുടെ ജീവിത പങ്കാളിയാണെന്നും തനിക്ക് നഷ്ടപരിഹാരം വേണമെന്നുമാണ് 50കാരിയായ അനിത ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ ആവശ്യം ചൂണ്ടിക്കാട്ടി അനിത അയച്ച വക്കീല്‍ നോട്ടീസ് ഖന്നയുടെ ബന്ധുക്കള്‍ക്ക് കഴിഞ്ഞദിവസം ലഭിച്ചു.
ജൂണ്‍ മുതല്‍ ഖന്നയുടെ ആശിര്‍വാദ് എന്ന ഭവനത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും തടഞ്ഞെന്നും അതിനാലാണ് വക്കീല്‍ നോട്ടീസ് അയച്ചതെന്നുമാണ് അനിത വിശദീകരിക്കുന്നത്.
നഷ്ടപരിഹാരവും താമസിക്കാന്‍ വീടും മാസത്തില്‍ ഒരു നിശ്ചിത തുകയും നല്‍കണമെന്നുമാണ് അനിത നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രമുഖ അഭിഭാഷകയായ മൃദുല കാഡമാണ് അനിതയ്ക്കുവേണ്ടി നോട്ടീസ് അയച്ചിരിക്കുന്നത്. കഴിഞ്ഞദിവസം ലഭിച്ച വക്കീല്‍ നോട്ടീസ് ജൂലൈ 16ന് താന്‍ അയച്ചതാണെന്ന കാര്യം വക്കീല്‍ സ്ഥിരീകരിച്ചു.
ഖന്നയ്ക്ക് അവരുടെ ആവശ്യമുണ്ടായിരുന്ന സമയത്ത് എവിടെയായിരുന്നെന്ന് എനിക്ക് അവരോട് ചോദിക്കണം
രാജേഷ് ഖന്നയുടെ ആശിര്‍വാദ് തനിക്ക് വേണമെന്ന് ഒരിക്കലും ആവിശ്യപ്പെടില്ലെന്ന് അനിത പറഞ്ഞു. ഖന്ന സ്വപ്‌നം കണ്ടതുപോലെ അത് മ്യൂസിയമാക്കണമെന്നും അവര്‍ വ്യക്തമാക്കി.
രോഗിയായ സമയത്ത് ഖന്നയെ ബന്ധുക്കള്‍ ശ്രദ്ധിച്ചില്ലെന്ന് അനിത കുറ്റപ്പെടുത്തി. ” ഖന്നയ്ക്ക് അവരുടെ ആവശ്യമുണ്ടായിരുന്ന സമയത്ത് എവിടെയായിരുന്നെന്ന് എനിക്ക് അവരോട് ചോദിക്കണം. ഈ വര്‍ഷങ്ങളിലെല്ലാം ഞാനാണദ്ദേഹത്തെ പരിചരിച്ചത്. ഞാന്‍ ഈ വീട്ടില്‍ ജീവിച്ചു. അദ്ദേഹത്തിന്റെ എല്ലാ ആവശ്യങ്ങളും നടത്തിക്കൊടുത്തു. അവര്‍ എന്നെ പുറത്താക്കിയതിനാലാണ് ഞാനിപ്പോള്‍ നഷ്ടപരിഹാരം ചോദിക്കുന്നത്. എന്റെ പുരുഷന്‍ പോയി. ഞാന്‍ ഒന്നുമില്ലാത്തവളായി” അനിത പറഞ്ഞു.
13 വയസുള്ളപ്പോഴാണ് താന്‍ ഖന്നയെ ആദ്യമായി കണ്ടതെന്നാണ് അനിത പറയുന്നത്. പിന്നീട് പലതവണ ഖന്നയെ കാണുകയും അടുക്കുകയും ചെയ്‌തെന്നും അനിത അവകാശപ്പെടുന്നു.
ഖന്നയും താനും തമ്മില്‍ പ്രണയത്തിലായിരുന്നെന്നും തന്നെ സംരക്ഷിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിരുന്നതായും അനിത നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷമായി തങ്ങള്‍ ഒരുമിച്ചാണ് ജീവിക്കുന്നത്. ആശിദര്‍വാദിലുള്ള തന്റെ സാധനങ്ങള്‍ എടുക്കാന്‍ പോലും ബന്ധുക്കള്‍ അനുവദിക്കുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വിഷയത്തെക്കുറിച്ച് പ്രതികരിക്കാന്‍ അക്ഷയ്കുമാറോ ഖന്നയുടെ ബന്ധുക്കളോ തയ്യാറായില്ല. എന്നാല്‍ അനിത ഖന്നയ്‌ക്കൊപ്പമാണ് ജീവിച്ചിരുന്നതെന്ന അവകാശവാദം തെറ്റാണെന്ന് നടന്റെ ബിസിനസ് മാനേജര്‍ അശ്വിന്‍ താക്കര്‍ പറഞ്ഞു. അദ്ദേഹത്തെ കാണാനായി വീട്ടില്‍ ഒരുപാടാളുകള്‍ വരാറുണ്ട്. അവരിലൊരാള്‍ മാത്രമാണ് അനിതയെന്നും അദ്ദേഹം വ്യക്തമാക്കി.
