മമിതക്കും അനശ്വരക്കും പിന്നാലെ മലയാളത്തില്‍ നിന്നും തമിഴിലെത്തി തന്റെതായ സ്ഥാനം കണ്ടെത്തിയ അഭിനേത്രിയാണ് അനിഷ്മ അനില്‍കുമര്‍. പൂവന്‍, ഐ ആം കാതലന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച താരം തമിഴില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സിറൈ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തില്‍ കലൈയരസിയായി പ്രശംസ പിടിച്ചുപറ്റിയ അനിഷ്മ അടുത്തിടെ പുറത്തിറങ്ങിയ യൂത്തിലും പ്രധാനവേഷത്തിലെത്തിയിരുന്നു.

അനിഷ്മ അനില്‍കുമാര്‍. Photo: Ramkumar/ X.com

കെന്‍ കരുണാസ് സംവിധാനം ചെയ്ത യൂത്തിലെ താരങ്ങള്‍ തമിഴ് സൂപ്പര്‍ താരം സൂര്യയെ കാണാനെത്തിയത് സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ വൈറലായിരുന്നു. അരങ്ങേറ്റ സംവിധായകനെന്ന നിലയില്‍ കെന്‍ കരുണാസിന്റെ ചിത്രം മികച്ചതാണന്നും ചിത്രത്തില്‍ ഓരോരുത്തരുടെയും പ്രകടനം മികച്ചതായിരുന്നുവെന്നും സൂര്യ പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെല്ലാം പുറമെ കൂട്ടത്തില്‍ സൂര്യയുടെ വലിയ ആരാധികയായ അനിഷ്മ താരത്തെ കണ്ട ശേഷം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

‘അദ്ദേഹത്തെ കണ്ടെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. 2005 ല്‍ ഗജിനി ഇറങ്ങിയതുമുതല്‍ ഞാനദ്ദേഹത്തിന്റെ വലിയ ആരാധികയാണ്. എല്ലാ ദിവസവും അദ്ദേഹത്തിന്റെ ചിത്രത്തിലെ ഗാനങ്ങള്‍ കണ്ടുകൊണ്ടാണ് ഞാന്‍ സ്‌കൂളിലേക്ക് പോയിരുന്നത്. അതുകൊണ്ട് തന്നെ നടന്നതെന്താണെന്ന് എനിക്കിപ്പോഴും പ്രൊസസ് ചെയ്യാന്‍ സാധിക്കുന്നില്ല. ഇത്തരത്തില്‍ ഒരു അവസരം ഒരുക്കിയതിന് കെന്നിനോട് ഒരുപാട് തവണ ഞാന്‍ നന്ദി പറഞ്ഞിരുന്നു, അനിഷ്മ പറയുന്നു.