2026 ഫിഫ ലോകകപ്പിലെ ഫൈനല്‍ തോല്‍വിക്ക് പിന്നാലെ അര്‍ജന്റീന ടീമിന്റെ പരിശീലകന്‍ ലയണല്‍ സ്‌കലോണിയുടെ ഭാവിയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അര്‍ജന്റൈന്‍ ഇതിഹാസം എയ്ഞ്ചല്‍ ഡി മരിയ.
സ്‌കലോണി അര്‍ജന്റീനയുടെ പരിശീലകനായി വീണ്ടും തുടരണമെന്നാണ് ഡി മരിയ അഭ്യര്‍ത്ഥന നടത്തിയത്. ടി.എന്‍.ടി സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഡി മരിയ.
‘സ്‌കലോണിയെ കുറിച്ച് പറയുകയാണെങ്കില്‍ അദ്ദേഹം അര്‍ജന്റീന ദേശീയ ടീമിന്റെ പ്രധാന പരിശീലകനാണ്. അദ്ദേഹം ടീമിനൊപ്പം തുടരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അത് എല്ലാവര്‍ക്കും നല്ലതായിരിക്കും. ഇപ്പോള്‍ അദ്ദേഹം നിരവധി യുവതാരങ്ങള്‍ക്ക് അവസരം നല്‍കി മികച്ച ഒരു പുതിയ ടീം ഒരുക്കികൊണ്ടിരിക്കുകയാണ്. ഇത് ദേശീയ ടീമിന് വലിയ രീതിയില്‍ ഗുണം ചെയ്യും. അന്തിമ തീരുമാനം അദ്ദേഹത്തിന്റെതാണ്. എന്താണ് നല്ലതെന്ന് അദ്ദേഹത്തിന് അറിയാം എന്നാല്‍ ഒരു അര്‍ജന്റീന ആരാധകനെന്ന നിലയില്‍ സ്‌കലോണി പരിശീലകനായി തുടരണമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നു,’ എയ്ഞ്ചല്‍ ഡി മരിയ പറഞ്ഞു.
അതേസമയം ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീന എതിരില്ലാത്ത ഒരു ഗോളിനാണ് സ്പാനിഷ് പടയോട് പരാജയപ്പെട്ടത്. ന്യൂയോര്‍ക്ക് ന്യൂ ജേഴ്‌സി സ്റ്റേഡിയത്തില്‍ നടന്ന കലാശ പോരാട്ടത്തില്‍ കിരീടം നിലനിര്‍ത്തുകയെന്ന സ്വപ്നവുമായെത്തിയ അര്‍ജന്റീനക്ക് പിഴക്കുകയായിരുന്നു.
മത്സരത്തിന്റെ എക്സ്ട്രാ ടൈമിലായിരുന്നു സ്പെയ്നിന്റെ ഗോള്‍ പിറന്നത്. ഫെറാന്‍ ടോറസിന്റെ തകര്‍പ്പന്‍ ഗോളിലൂടെയായിരുന്നു സ്പാനിഷ് പട കിരീടം കൈപ്പിടിലാക്കിയത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ അര്‍ജന്റീനയുടെ സൂപ്പര്‍താരം എന്‍സോ ഫെര്‍ണാണ്ടസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതും ടീമിന് തിരിച്ചടിയായി.
മത്സരത്തില്‍ 90 മിനിട്ടില്‍ അര്‍ജന്റീനക്ക് ഒറ്റ ഷോട്ട് പോലും സ്പെയ്നിന്റെ പോസ്റ്റിലേക്ക് ഉതിര്‍ക്കാന്‍ സാധിച്ചില്ല. ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിന്റെ ഒറ്റയാള്‍ പോരാട്ടം മാത്രമാണ് ഈ മത്സരത്തില്‍ അര്‍ജന്റീനക്ക് എടുത്തു പറയാനുള്ളത്. സ്പെയ്നിന്റെ മികച്ച നീക്കങ്ങളെ തകര്‍പ്പന്‍ സേവുകളിലൂടെ തടഞ്ഞുനിര്‍ത്തിയെങ്കിലും ടോറസിന് മുന്നില്‍ മാര്‍ട്ടിനസ് കീഴടങ്ങുകയായിരുന്നു.
Content Highlight: Angel di maria talks about the future of Lionel Scaloni with Argentina team