അവന്‍ ഞങ്ങളുടെ ടീമിലുള്ളത് വലിയ ഭാഗ്യമാണ്: പ്രശംസയുമായി ആന്‍ഡി ഫ്ലവർ
Cricket
അവന്‍ ഞങ്ങളുടെ ടീമിലുള്ളത് വലിയ ഭാഗ്യമാണ്: പ്രശംസയുമായി ആന്‍ഡി ഫ്ലവർ
Sudev A
Monday, 1st June 2026, 10:34 pm

2026 ഐ.പി.എല്ലിലെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ രണ്ടാം കിരീട നേട്ടത്തിന് പിന്നാലെ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ പ്രശംസിച്ച് പരിശീലകന്‍ ആന്‍ഡി ഫ്ലവർ. വിരാട് തങ്ങളുടെ ടീമിലുള്ളത് ഭാഗ്യമാണെന്നാണ് ഫ്ലവർ പറഞ്ഞത്. വിരാടിനെ ക്രിക്കറ്റിനോടുള്ള ആവേശവും മത്സരങ്ങള്‍ വിജയിക്കാനുള്ള ആഗ്രഹവും മറ്റുള്ളവര്‍ക്ക് പ്രചോദനമാണെന്നും ആര്‍.സി.ബി പരിശീലകന്‍ പറഞ്ഞു.

‘ഞങ്ങളുടെ ടീമിലും ഡ്രസ്സിംഗ് റൂമിലും വിരാട് കോഹ്ലിയുള്ളത് വലിയ ഭാഗ്യമാണ്. കളിയോടുള്ള അദ്ദേഹത്തിന്റെ ആവേശവും വിജയിക്കാനുള്ള ആഗ്രഹവും എല്ലാവര്‍ക്കും വലിയ പ്രചോദനമാണ് നല്‍കുന്നത്. കഴിഞ്ഞ മത്സരത്തിന് ശേഷം ഡ്രസിങ് റൂമില്‍ ഇരിക്കുമ്പോള്‍ ഞാന്‍ ഇതിനെക്കുറിച്ച് പറഞ്ഞിരുന്നു.

വിരാടിന്റെ സമര്‍പ്പണവും കഠിനാധ്വാനവും ഇന്നും അതേപോലെതന്നെയാണ്. എന്നെപ്പോലുള്ള സീനിയര്‍ താരങ്ങള്‍ക്ക് പോലും ഇത് കാണുമ്പോള്‍ അതിശയമുണ്ടാവും. കളിക്കളത്തില്‍ എത്ര തീവ്രതയോടെയും അച്ചടക്കത്തോടെയും കളിക്കണമെന്നതിന് വിരാട് ഒരു വലിയ മാതൃകയാണ്. അതിനാല്‍ മറ്റുള്ള താരങ്ങള്‍ അദ്ദേഹത്തിന്റെ നിലവാരത്തിലെത്താന്‍ ഒരുപാട് പരിശ്രമിക്കേണ്ടി വരും,’ ആന്‍ഡി ഫ്ലവർ പറഞ്ഞു.

അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന് ഗുജറാത്തിനെ വീഴ്ത്തിയാണ് ആര്‍.സി.ബിയുടെ രണ്ടാം കിരീട നേട്ടം. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സിന്റെ വിജയലക്ഷ്യമാണ് ബെംഗളൂരുവിന്റെ മുന്നില്‍ വെച്ചുനീട്ടിയത്. മറുപടിക്ക് ഇറങ്ങിയ ആര്‍.സി.ബി 12 പന്തുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

വിരാട് കോഹ്‌ലി. Photo: Royal Challengers Bengaluru/x.com

ചെയ്‌സ് മാസ്റ്റര്‍ വിരാട് കോഹ്‌ലിയുടെ കരുത്തിലാണ് ബെംഗളൂരു വിജയിച്ചുകയറിയത്. 42 പന്തില്‍ പുറത്താകാതെ 75 റണ്‍സ് നേടിയ വിരാട് മൂന്ന് സിക്സും ഒമ്പത് ഫോറുമാണ് അടിച്ചെടുത്തത്. മത്സരത്തിലെ താരവും വിരാടായിരുന്നു.

മറ്റൊരു പ്ലയെര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് കൂടി സ്വന്തമാക്കിയതോടെ ഐ.പി.എല്ലില്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടുന്ന രണ്ടാമത്തെ താരമായും വിരാട് മാറി. ഈ നേട്ടത്തില്‍ സാക്ഷാല്‍ ക്രിസ് ഗെയ്ലിനൊപ്പമാണ് വിരാട്. സൂപ്പര്‍ താരം രോഹിത് ശര്‍മയെ മറികടന്നാണ് വിരാട് രണ്ടാമനായത്. ലിസ്റ്റില്‍ ഒന്നാമന്‍ എ.ബി. ഡി വില്ലിയേഴ്സാണ്.

അതേസമയം രണ്ടാം കിരീടം സ്വന്തമാക്കിയതോടെ ചെന്നൈ സൂപ്പര്‍ കിങ്സിനും മുംബൈ ഇന്ത്യന്‍സിനും ശേഷം ഐ.പി.എല്‍ കിരീടം നിലനിര്‍ത്തുന്ന മൂന്നാമത്തെ ടീമായും ബെംഗളൂരു മാറിയിരുന്നു. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സിനെ വീഴ്ത്തിയായിരുന്നു ആര്‍.സി.ബിയുടെ ആദ്യ കിരീട നേട്ടം.

 

Content Highlight: Andy Flower praises Virat Kohli Impact in RCB team

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.