അമരാവതി: ആന്ധ്രപ്രദേശില്‍ പഞ്ചായത്ത് പ്രസിഡന്റിനെ ജാതിയുടെ പേരില്‍ മാറ്റി നിര്‍ത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ആന്ധപ്രദേശിലെ കൂര്‍ണൂല്‍ ജില്ലയിലെ അഡോണി മണ്ഡലത്തിലെ ബി.ജെ.പി എം.എല്‍.എയായ പി. വി. പാര്‍ത്ഥസാരഥിയാണ് സമ്മേളനത്തില്‍വെച്ച് മറ്റൊരു ബി.ജെ.പിക്കാരന്‍ സര്‍പഞ്ചിനെ (പഞ്ചായത്ത് പ്രസിഡന്റ്) ജാതിയുടെ പേരില്‍ വേദിയിയില്‍ നിന്ന് മാറ്റി നിര്‍ത്തിയത്.
ബി.ജെ.പി എം.എല്‍.എയായ പാര്‍ത്ഥസാരഥി പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ജനക്കൂട്ടത്തിനിടയില്‍ നിന്ന് പഞ്ചായത്ത് പ്രസിഡന്റിനോട് എന്തിനാണ് അവിടെ നില്‍കുന്നത് സ്‌റ്റേജിലേക്ക് കയറി വരാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ അദ്ദേഹം വേദിയിലേക്ക് വരാന്‍ മടിച്ചപ്പോള്‍ എം.എല്‍.എ അയാള്‍ ക്രിസ്ത്യാനിയാണോ എന്ന് കൂടെ നില്‍ക്കുന്ന നേതാവിനോട് ചോദിക്കുന്നുണ്ട്.
എന്നാല്‍ എം.എല്‍.എയുടെ അടുത്ത് നില്‍ക്കുന്ന തെലുങ്കുദേശം പാര്‍ട്ടി (ടി.ഡി.പി) നേതാവ് അയാള്‍ ഒരു പട്ടികജാതിക്കാരനാണ് സാര്‍ എന്ന് മറുപടി നല്‍കി. ഇതിനെത്തുടര്‍ന്ന്, ബിജെപി എം.എല്‍.എയും ടി.ഡി.പി നേതാവും പഞ്ചായത്ത് പ്രസിഡന്റിനോട് വേദിക്ക് താഴെ തുടരാന്‍ പറഞ്ഞു.
ഈ നിര്‍ദേശം സര്‍പഞ്ച് അനുസരിക്കുന്നതും വീഡിയോയില്‍ ഉണ്ട്. ഇത് പറയുമ്പോള്‍ ടി.ഡി.പി നേതാവ് മുഖം മറയ്ക്കുന്നതും വീഡിയോയില്‍ ഉണ്ട്. ജൂണ്‍ 16നാണ് ഈ വീഡിയോ പ്രചരിക്കാന്‍ തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
അതേസമയം വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ എം.എല്‍.എക്കും ടി.ഡിപി നേതാവിനെതിരേയും വ്യാപകമായ വിമര്‍ശനമാണ് ഉയരുന്നത്.