മഞ്ജു വാര്യരെ കുറിച്ച് സംസാരിക്കുകയാണ് അനശ്വര രാജന്‍
മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായി 2017ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഉദാഹരണം സുജാത. ഉദാഹരണം സുജാതയിലൂടെ ബാലതാരമായി കരിയര്‍ ആരംഭിച്ച നടിയാണ് അനശ്വര രാജന്‍. ചിത്രത്തില്‍ മഞ്ജു വാര്യരുടെ മകളായാണ് അനശ്വര എത്തിയത്. പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമാവാന്‍ അനശ്വരക്ക് സാധിച്ചിരുന്നു. 2023ല്‍ പുറത്തിറങ്ങിയ നേരില്‍ അനശ്വരയുടെ പ്രകടനത്തെ പലരും അഭിനന്ദിച്ചിരുന്നു.
ആദ്യ സിനിമയില്‍ കൂടെ അഭിനയിച്ച മഞ്ജു വാര്യരെ കുറിച്ച് സംസാരിക്കുകയാണ് അനശ്വര രാജന്‍. മഞ്ജു വാര്യര്‍ വളരെ പ്രൊഫഷണല്‍ ആണെന്ന് അനശ്വര പറയുന്നു. എത്ര ലേറ്റായിട്ടുള്ള ഷൂട്ടാണെങ്കിലും നേരത്തെ ഉള്ള ഷൂട്ടാണെങ്കിലും മഞ്ജു നേരത്തെ തന്നെ അവിടെ ഉണ്ടാകുമെന്ന് അനശ്വര പറഞ്ഞു.
‘മഞ്ജു ചേച്ചി ഭയങ്കര പ്രൊഫഷണല്‍ ആയിട്ടുള്ളൊരു ആളാണ്. അതേസമയം തന്നെ നമ്മളെ നന്നായി വാമും കംഫര്‍ട്ടബിളും ആക്കുന്ന ഒരു പേഴ്‌സണ്‍ കൂടിയാണ് മഞ്ജു ചേച്ചി. എത്ര ലേറ്റ് ആയിട്ടുള്ള ഷൂട്ട് ആണെങ്കിലും എത്ര നേരത്തെയുള്ള ഷൂട്ട് ആണെങ്കിലും മഞ്ജു ചേച്ചി ഒരു മടിയും കാണിക്കാതെ അവിടെ ഉണ്ടാകും.
നമ്മളൊക്കെ ഒരു ടൈം കഴിയുമ്പോള്‍ ക്ഷീണം വന്ന് സൈഡ് ആകും. എന്നാല്‍ വെളുപ്പിന് മൂന്ന് മണി നാല് മണി വരെയൊക്കെ ഷൂട്ട് പോയാലും ആള് ഭയങ്കര ടിപ്പ് ടോപ്പായി സെറ്റായി നില്‍ക്കുന്നുണ്ടാകും.
ക്ഷീണം എല്ലാം എല്ലാവര്‍ക്കും ഉണ്ടാകും, മഞ്ജു ചേച്ചിക്കും ഉണ്ടാകും. പക്ഷെ അതൊന്നും കാണിക്കാതെ തൊഴിലിനോടുള്ള കമ്മിറ്റ്‌മെന്റ് കാരണം ഉഷാറായിത്തന്നെ അവരവിടെ ഉണ്ടാകും,’ അനശ്വര രാജന്‍ പറയുന്നു.