ഉദാഹരണം സുജാത എന്ന സിനിമയിലൂടെ ബാലതാരമായി കരിയര്‍ ആരംഭിച്ച നടിയാണ് അനശ്വര രാജന്‍. 2017ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ മഞ്ജു വാര്യരുടെ മകളായാണ് അനശ്വര എത്തിയത്. പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമാവാന്‍ അനശ്വരക്ക് സാധിച്ചിരുന്നു.
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അനശ്വര കൂടുതല്‍ ശ്രദ്ധേയമായത്. മോഹന്‍ലാല്‍ – ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ എത്തിയ നേര് എന്ന സിനിമ നടിയുടെ കരിയറിലെ ഒരു വഴിത്തിരിവായിരുന്നു.
ഇപ്പോള്‍ അനശ്വര രാജന്‍ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വ്യസനസമേതം ബന്ധുമിത്രാദികള്‍. ഒരു മരണ വീട്ടില്‍ നടക്കുന്ന സംഭവ വികസങ്ങളിലൂടെ പോകുന്ന സിനിമയില്‍ നടി മല്ലിക സുകുമാരനും ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.
ഇപ്പോള്‍ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ മല്ലിക സുകുമാരനെ കുറിച്ച് പറയുകയാണ് അനശ്വര. അവര്‍ ഹ്യൂമറ് വളരെ നന്നായി ചെയ്യുന്ന ആര്‍ട്ടിസ്റ്റാണെന്നാണ് നടി പറയുന്നത്.
‘മല്ലിക ചേച്ചി ഒരു വൈബ്, ചില്‍ അമ്മൂമ ആയിട്ടാണ് ഈ സിനിമയില്‍ വരുന്നത്. നന്നായി ഹ്യൂമര്‍ കൊണ്ടുവന്നിട്ടുള്ള സിനിമയാണ് വ്യസനസമേതം ബന്ധുമിത്രാദികള്‍. പിന്നെ മല്ലിക ചേച്ചി വളരെ കിടിലമായി ഹ്യൂമറ് കൈകാര്യം ചെയ്യുന്ന ആര്‍ട്ടിസ്റ്റാണ്.
ഒരു അമ്പത് വര്‍ഷത്തോളമായി ചേച്ചി ഈ ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുന്നുണ്ട്. അത്രയും സീനിയറായ ആളാണ്. ചേച്ചി ചെറിയ പുച്ഛമൊക്കെ ഇട്ടിട്ട് എങ്ങനെ ഹ്യൂമറ് ചെയ്താലും ആളുകള്‍ക്ക് ചിരിക്കാന്‍ പറ്റും.
അത്തരത്തില്‍ ഡയലോഗ് പറയുന്ന ആളാണ് മല്ലിക ചേച്ചി. ഈ സിനിമയില്‍ വളരെ രസമുള്ള ഒരു കഥാപാത്രമാണ് ചേച്ചി ചെയ്തത്. കാണുമ്പോള്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെടും. ഈ അമ്മൂമ കൊള്ളാലോ എന്ന് തോന്നിപോകും,’ അനശ്വര രാജന്‍ പറയുന്നു.
നമ്മളെ ആളുകള്‍ എപ്പോഴും ഓര്‍ത്തിരിക്കാന്‍ തുടര്‍ച്ചയായി സിനിമകള്‍ ചെയ്യണമെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനും നടി അഭിമുഖത്തില്‍ മറുപടി പറഞ്ഞു. തുടര്‍ച്ചയായി സിനിമകള്‍ ചെയ്ത് പോയിട്ട് ആളുകളുടെ മനസില്‍ നില്‍ക്കണമെന്ന് തോന്നിയിട്ടില്ല എന്നായിരുന്നു അനശ്വരയുടെ മറുപടി.
എസ്. വിപിന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വ്യസനസമേതം ബന്ധുമിത്രാദികള്‍. വാഴ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഡബ്ല്യു.ബി.ടി.എസ് പ്രൊഡക്ഷന്‍സ് തെലുങ്കിലെ പ്രശസ്ത നിര്‍മാണ കമ്പനിയായ ഷൈന്‍ സ്‌ക്രീന്‍സ് സിനിമയുമായി സഹകരിച്ചാണ് ഈ സിനിമ നിര്‍മിക്കുന്നത്.
അനശ്വര രാജന്‍, മല്ലിക സുകുമാരന്‍ എന്നിവരെ കൂടാതെ ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോന്‍ ജ്യോതിര്‍, നോബി എന്നിവരാണ് ചിത്രത്തിലേ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlight: Anaswara Rajan Talks About Mallika Sukumaran