ഞാന്‍ മരിക്കുന്ന സീനുകളും കരയുന്നതും കണ്ടിരിക്കാന്‍ അവര്‍ക്ക് രണ്ടുപേര്‍ക്കും സാധിക്കില്ല: അനശ്വര രാജന്‍
Entertainment
ഞാന്‍ മരിക്കുന്ന സീനുകളും കരയുന്നതും കണ്ടിരിക്കാന്‍ അവര്‍ക്ക് രണ്ടുപേര്‍ക്കും സാധിക്കില്ല: അനശ്വര രാജന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 3rd June 2025, 11:59 am

2017ല്‍ പുറത്തിറങ്ങിയ ഉദാഹരണം സുജാത എന്ന സിനിമയിലൂടെ ബാലതാരമായി കരിയര്‍ ആരംഭിച്ച നടിയാണ് അനശ്വര രാജന്‍. പിന്നീട് മികച്ച നിരവധി ചിത്രങ്ങളുടെ ഭാഗമാവാന്‍ അനശ്വരക്ക് സാധിച്ചിരുന്നു.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു നടി കൂടുതല്‍ ശ്രദ്ധേയമായത്. മോഹന്‍ലാല്‍ – ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ എത്തിയ നേര് എന്ന സിനിമ നടിയുടെ കരിയറിലെ ഒരു വഴിത്തിരിവായിരുന്നു.

സിനിമയില്‍ താന്‍ മരിക്കുന്ന സീനുകള്‍ കാണുമ്പോള്‍ തനിക്ക് ബുദ്ധിമുട്ടൊന്നും തോന്നാറില്ലെന്നും എന്നാല്‍ അമ്മയ്ക്കും ചേച്ചിക്കും അങ്ങനെയല്ലെന്നും പറയുകയാണ് അനശ്വര. വ്യസനസമേതം ബന്ധുമിത്രാദികള്‍ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘സിനിമയില്‍ ഞാന്‍ മരിക്കുന്ന സീനുകള്‍ കാണുമ്പോള്‍ എനിക്ക് ബുദ്ധിമുട്ടൊന്നും തോന്നാറില്ല. എക്‌സ്പ്രഷന്‍ ശരിയാണോ എന്നാണ് ഞാന്‍ നോക്കുക. പക്ഷെ എന്റെ അമ്മയ്ക്ക് വലിയ ബുദ്ധിമുട്ടാണ്. അമ്മക്ക് അതൊന്നും കണ്ടിരിക്കാന്‍ പറ്റില്ല.

രേഖാചിത്രം സിനിമയുടെ സമയത്ത് അമ്മ ഷൂട്ടിങ് സെറ്റില്‍ വന്നിരുന്നു. അവിടെ വെച്ച് ജോഫിന്‍ ചേട്ടന്‍ ഞാന്‍ മരിക്കുന്ന സീന്‍ കാണണോയെന്ന് ചോദിച്ചു. ‘എനിക്ക് കാണണ്ട. എനിക്ക് കാണാന്‍ പറ്റില്ല’ എന്നായിരുന്നു അമ്മ അന്ന് പറഞ്ഞത്. ആ പ്രശ്‌നം എന്റെ ചേച്ചിക്കുമുണ്ട്.

ഞാന്‍ മരിക്കുന്ന സീനുകളും ഞാന്‍ കരയുന്ന സീനുകളും അവര്‍ക്ക് രണ്ടുപേര്‍ക്കും കണ്ടിരിക്കാന്‍ ആവില്ല. ‘വേണ്ട കാണണ്ട. ഞങ്ങള്‍ തിയേറ്ററില്‍ നിന്ന് കണ്ടോളാം’ എന്നാണ് രണ്ടുപേരും പറയുക. തിയേറ്ററില്‍ നിന്ന് എന്തായാലും ആ സീനുകള്‍ കാണണമല്ലോ. പക്ഷെ എനിക്ക് അങ്ങനെയുള്ള പ്രശ്‌നങ്ങളൊന്നുമില്ല,’ അനശ്വര രാജന്‍ പറയുന്നു.


Content Highlight: Anaswara Rajan Talks About Her Mother And Sister