ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലെ മികച്ച നടിയായി പേരെടുത്ത താരമാണ് അനശ്വര രാജന്‍. ബാലതാരമായി സിനിമയിലേക്ക് വന്ന അനശ്വര തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് നായികയായത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത നേരില്‍ അനശ്വരയുടെ പ്രകടനത്തെ പലരും പ്രശംസിച്ചിരുന്നു. ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ഹിറ്റായ രേഖാചിത്രത്തിലും അനശ്വരയുടെ സാന്നിധ്യമുണ്ടായിരുന്നു.
സിനിമയിലെത്തിയതിന് ശേഷം താന്‍ മറ്റുള്ളവരില്‍ നിന്ന് നേരിട്ട അവഗണനയെക്കുറിച്ച് സംസാരിക്കുകയാണ് അനശ്വര രാജന്‍. സ്‌കൂള്‍ കാലഘട്ടത്തില്‍ ചില അധ്യാപകര്‍ തന്നെ മാറ്റിനിര്‍ത്തിയിരുന്നെന്നും അത് തന്നെ മാനസികമായി തളര്‍ത്തിയെന്നും അനശ്വര പറഞ്ഞു. പഠനത്തെ സീരിയസായി കാണുന്ന തന്നോട് ചിലര്‍ പഠിച്ചില്ലെങ്കിലും കുഴപ്പമില്ലല്ലോ എന്നൊക്കെ പറഞ്ഞിരുന്നെന്നും അതെല്ലാം വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്നും അനശ്വര കൂട്ടിച്ചേര്‍ത്തു.
സുഹൃത്തുക്കളെ ഉണ്ടാക്കുന്നതില്‍ താന്‍ സ്വല്പം പുറകിലാണെന്ന് അനശ്വര പറഞ്ഞു. ആകെയുള്ള സുഹൃത്തുക്കളുടെ രക്ഷിതാക്കളോട് ടീച്ചര്‍മാര്‍ തന്റെ കൂടെ കറങ്ങാന്‍ വിടരുതെന്ന് ആവശ്യപ്പെട്ടെന്നും അനശ്വര കൂട്ടിച്ചേര്‍ത്തു. ഒരുഘട്ടത്തില്‍ സ്‌കൂള്‍ മാറാന്‍ വരെ ചിന്തിച്ചെന്നും അത്രക്ക് മാനസികമായി തളര്‍ന്നെന്നും അനശ്വര പറഞ്ഞു.
അത്രക്ക് അറിയാവുന്നവരില്‍ നിന്ന് തനിക്ക് നേരിട്ട മോശം അനുഭവം വല്ലാതെ ബാധിച്ചുവെന്നും അനശ്വര കൂട്ടിച്ചേര്‍ത്തു. കരിയര്‍ ആരംഭിച്ചപ്പോള്‍ തന്നെ അത്രയും വലിയ വിഷമഘട്ടത്തില്‍ കൂടെ കടന്നുപോയതുകൊണ്ട് പിന്നീടുള്ള സമയത്ത് വലിയ പ്രശ്‌നങ്ങളൊന്നും തോന്നിയില്ലെന്നും അനശ്വര കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു അനശ്വര രാജന്‍.
‘സിനിമയിലെത്തിയ സമയത്ത് തന്നെ ഒരുപാട് അവഗണനകള്‍ ഞാന്‍ നേരിട്ടിട്ടുണ്ട്. സിനിമാ ഇന്‍ഡസ്ട്രിയിലല്ല, എനിക്ക് വളരെ അടുത്തറിയാവുന്നരില്‍ നിന്നാണ് അത്തരം അനുഭവം ഉണ്ടായത്. രണ്ടുമൂന്ന് സിനിമ ചെയ്‌തെങ്കിലും പഠിത്തത്തിന് നല്ല ഇംപോര്‍ട്ടന്‍സ് കൊടുക്കുമായിരുന്നു. പക്ഷേ ചില ടീച്ചര്‍മാര്‍ എന്നോട് മോശമായി പെരുമാറിയിട്ടുണ്ട്. അതായത്, അവര്‍ നമ്മളെ മാനസികമായി തളര്‍ത്തും.
ഉദാഹരണത്തിന്, എന്നെ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ ‘നീ പഠിച്ചില്ലെങ്കിലും കുഴപ്പമില്ലല്ലോ, സിനിമയുണ്ടല്ലോ’ എന്നൊക്കെ പറയുമായിരുന്നു. അതെല്ലാം എന്നെ മാനസികമായി ബാധിച്ചു. പിന്നെ, ഫ്രണ്ട്‌സിനെ ഉണ്ടാക്കുന്നതില്‍ ഞാന്‍ കുറച്ച് പിന്നോട്ടാണ്. ആകെ കുറച്ച് ഫ്രണ്ട്‌സ് മാത്രമേയുള്ളൂ. അവരുടെ പാരന്റ്‌സിനോട് എന്റെ ചില ടീച്ചര്‍മാര്‍ ‘അനശ്വരയുടെ കൂടെ മക്കളെ കറങ്ങാന്‍ വിടണ്ട’ എന്നൊക്കെ പറഞ്ഞു.
ഇതൊക്കെ കേട്ട് ഞാന്‍ വല്ലാതെ തളര്‍ന്നിട്ടുണ്ട്. ആരോടും ഇത് ഷെയര്‍ ചെയ്യാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ഒരുപാട് കരയുകയും സ്‌കൂള്‍ മാറിയാലോ എന്ന് ചിന്തിക്കുകയും ചെയ്തിട്ടുണ്ട്. കരിയറിന്റെ തുടക്കത്തില്‍ തന്നെ അത്രയും വലിയ ഇമോഷണല്‍ ബ്രേക്ക്ഡൗണ്‍ നേരിട്ടതുകൊണ്ട് പിന്നീട് പലതും സിമ്പിളായി തോന്നി,’ അനശ്വര രാജന്‍ പറഞ്ഞു.
Content Highlight: Anaswara Rajan shares the bad experience she faced from her teachers