കുറഞ്ഞ കാലം കൊണ്ടുതന്നെ മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളായി ഉയര്‍ന്നുവന്ന അഭിനേതാവാണ് അനശ്വര രാജന്‍. 2017ല്‍ മഞ്ജു വാര്യരിനൊപ്പം ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അനശ്വര അഭിനയ ലോകത്തേക്ക് കടന്ന് വരുന്നത്.
പിന്നീട് അനശ്വര അഭിനയിച്ച ചിത്രങ്ങളെല്ലാം തന്നെ മികച്ച വിജയമായി മാറി. ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ 2023ല്‍ പുറത്തിറങ്ങിയ ചിത്രമാണ് നേര്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഇത് നിര്‍മിച്ചത്. മോഹന്‍ലാല്‍, സിദിഖ് എന്നിങ്ങനെ വന്‍താരനിര അണിനിരന്ന ചിത്രത്തില്‍ അനശ്വര അവതരിപ്പിച്ച കഥാപാത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോള്‍ നേരില്‍ തനിക്ക് കിട്ടിയ അപ്രിസിയേഷനെ കുറിച്ച് സംസാരിക്കുകയാണ് അനശ്വര. നേര് റിലീസായി ആദ്യ ഷോ കഴിഞ്ഞപ്പോള്‍ തനിക്ക് ഒരാള്‍ മെസേജ് അയച്ചുവെന്നും അത് കണ്ടപ്പോള്‍ താന്‍ വളരെ സന്തോഷവതിയായിരുന്നുവെന്നും നടി പറയുന്നു.
സിനിമയില്‍ തന്റെ കഥാപാത്രം ആളുകള്‍ ഏറ്റെടുത്തുവെന്ന തിരിച്ചറിവ് ഉണ്ടായത് ആ മെസേജ് വന്നതിന് ശേഷമാണെന്നും അനശ്വര കൂട്ടിച്ചേര്‍ത്തു. ഉദാഹരണം സുജാത എന്ന തന്റെ ആദ്യ സിനിമക്ക് ശേഷം അതേ സന്തോഷം നല്‍കിയ സിനിമ നേരാണെന്നും അവര്‍ പറഞ്ഞു. മഴവില്‍ മനോരമയില്‍ സംസാരിക്കുകയായിരുന്നു അനശ്വര രാജന്‍.
‘നേര് എന്ന സിനിമ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കഴിഞ്ഞപ്പോള്‍ ഒരാളുടെ മെസേജ് ഞാന്‍ കണ്ടു. അതെനിക്ക് വളരെ സന്തോഷം ആയിരുന്നു. അപ്പോഴാണ് ഞാന്‍ ഇതില്‍ സെറ്റാണ്, അല്ലെങ്കില്‍ എന്റെ കഥാപാത്രം ആളുകള്‍ക്ക് കിട്ടിയെന്നും അത് പ്രശംസിക്കുന്നുണ്ടെന്നും ഞാന്‍ തിരിച്ചറിഞ്ഞത്. ഫസ്റ്റ് മൊമന്റ് അതായിരുന്നു.
ആ നിമിഷം ഞാന്‍ വളരെ ഹാപ്പിയായിരുന്നു. എന്റെ ആദ്യത്തെ സിനിമ ഇറങ്ങുന്ന സമയത്ത് എനിക്ക് അതേ ഫീലായിരുന്നു. സുജാത ഇറങ്ങിയപ്പോള്‍ എനിക്ക് കിട്ടിയ അതേ ഫീല്‍ പിന്നീട് ഏഴ് വര്‍ഷത്തിന് ശേഷം എനിക്ക് കിട്ടിയത് നേരിലാണ്. എക്‌സാറ്റ് അതേ ഫീല്‍. എല്ലാ സിനിമകളും ഇറങ്ങുമ്പോള്‍ സന്തോഷമുണ്ട്. പക്ഷേ ആ ഒരു ഫീല്‍ കിട്ടിയത് നേര് റിലീസായ സമയത്താണ്,’ അനശ്വര രാജന്‍ പറയുന്നു.
Content Highlight: Anaswara rajan about Neru movie