ആ നടിയുടെ വളര്‍ച്ചയില്‍ എനിക്ക് സന്തോഷമുണ്ട്, രണ്ടാളുകള്‍ തമ്മിലുള്ള ബന്ധം എപ്പോഴും കുശുമ്പും ഈഗോയും നിറഞ്ഞതാകണമെന്നില്ല: അനശ്വര രാജന്‍
Entertainment
ആ നടിയുടെ വളര്‍ച്ചയില്‍ എനിക്ക് സന്തോഷമുണ്ട്, രണ്ടാളുകള്‍ തമ്മിലുള്ള ബന്ധം എപ്പോഴും കുശുമ്പും ഈഗോയും നിറഞ്ഞതാകണമെന്നില്ല: അനശ്വര രാജന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 3rd June 2025, 2:00 pm

 

കുറഞ്ഞ കാലം കൊണ്ടുതന്നെ മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളായി ഉയര്‍ന്നുവന്ന അഭിനേതാവാണ് അനശ്വര രാജന്‍. 2017ല്‍ മഞ്ജു വാര്യരിനൊപ്പം ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അനശ്വര അഭിനയ ലോകത്തേക്ക് കടന്ന് വരുന്നത്. പിന്നീട് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ, നേരം, രേഖാചിത്രം എന്നീ സിനിമകളിലൂടെ അവര്‍ ശ്രദ്ധിക്കപ്പെട്ടു.

മമിത ബൈജുവിനെയും അനശ്വര രാജനെയും വെച്ചുള്ള താരതമ്യപ്പെടുത്തലുകള്‍ സാമൂഹ മാധ്യമങ്ങളില്‍ ഒരുപാട് കാണാറുണ്ട്. മമിതയോട് എപ്പോഴെങ്കിലും അസൂയ തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ഇപ്പോള്‍ അനശ്വര രാജന്‍.

തന്റെ അടുത്ത സുഹൃത്താണ് മമിതയെന്നും അവരുടെ ഉയര്‍ച്ചയില്‍ തനിക്ക് ഒരുപാട് സന്തോഷമുണ്ടെന്നും അന്വശ്വര പറയുന്നു. ഇന്‍ഡസ്ട്രിയില്‍ തനിക്ക് കിട്ടിയ ആദ്യത്തെ ബെസ്റ്റ് ഫ്രണ്ടാണ് മമിതയെന്നും സൂപ്പര്‍ ശരണ്യയുടെ സമയത്താണ് തങ്ങള്‍ കൂട്ടുകാരാകുന്നതെന്നും അവര്‍ പറഞ്ഞു.

തന്റെ സുഹൃത്ത് എന്നല്ല, ഏതൊരു മലയാളിയും അന്യഭാഷകളിലും മറ്റുമായി സിനിമ ചെയ്യുന്നത് തനിക്ക് സന്തോഷമുള്ള കാര്യമാണെന്നും അനശ്വര രാജന്‍ കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ക്ക് ഇരുവര്‍ക്കും തങ്ങളുടെ ഉയര്‍ച്ചയില്‍ സന്തോഷമുണ്ടെന്നും രണ്ട് ആളുകള്‍ തമ്മിലുള്ള ബന്ധത്തില്‍ എപ്പോഴും അസൂയയും ഈഗോയും മാത്രമാണ് ഉള്ളത് എന്ന് പറയാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു. റെഡ് എഫ്.എമ്മില്‍ സംസാരിക്കുകയായിരുന്നു അന്വശ്വര.

‘ഇല്ല. ഒരിക്കലുമില്ല. ഇന്‍ഡസ്ട്രിയില്‍ വന്നപ്പോള്‍ എനിക്ക് ഫസ്റ്റ് കിട്ടിയ ബെസ്റ്റ് ഫ്രണ്ടാണ് മമിത. സൂപ്പര്‍ ശരണ്യയുടെ സമയത്ത്. എനിക്കധികം കോമ്പിനേഷന്‍ ഉണ്ടാകുന്നതും, ഞാന്‍ ഒരുമിച്ച് അധികം ഉണ്ടായിരുന്നതും മമിതയുടെ കൂടെയാണ്. എന്റെയൊരു ബെസ്റ്റ് ഫ്രണ്ടാണ് മമിത. അങ്ങനെ ഇന്‍ഡസ്ട്രിയില്‍ കുറെക്കാലമായിട്ട് ഉണ്ടായിരുന്ന ഒരാള്‍ കുറെ സിനിമകള്‍ ചെയ്ത് ബ്രേക്ക് കിട്ടിയ സിനിമയാണ് ശരണ്യ.

അതിപ്പോള്‍ എന്റെ സുഹൃത്ത് എന്നല്ല, മലയാളത്തില്‍ ആര് പുറത്ത് പോയിട്ട് സിനിമകള്‍ ചെയ്യുകയാണെങ്കിലും അത് സന്തോഷമുള്ള കാര്യമാണ്. അതും വിജയ്‌യുടെ കൂടെ ഒരു സിനിമ, സൂര്യയുടെ കൂടെ ഒരു സിനിമ അങ്ങനെ ബാക്ക് ടൂ ബാക്ക് സിനിമ കമ്മിറ്റ് ചെയ്യുകയാണ്. അത് കാണുമ്പോള്‍ ഒരുപാട് സന്തോഷമുണ്ട്. വി ബോത്ത് ആര്‍ റൂട്ടിങ് ഫോര്‍ ഈച്ച് അതര്‍. എനിക്ക് അവളില്‍ സന്തോഷമുണ്ട് അവള്‍ക്കും അങ്ങനെ തന്നെയാണ്. എപ്പോഴും രണ്ട് പേര് തമ്മിലുള്ള ബന്ധത്തില്‍ ഈഗോ ഉണ്ടാകണമെന്നോ അത് കുശുമ്പുണ്ടാകണമെന്നോ എന്നൊന്നും ഇല്ല,’ അന്വശര രാജന്‍ പറയുന്നു.

Content highlight: Anaswara rajan about Mamitha baiju