കുട്ടികളുടെ സിനിമകള്‍ക്കായി നല്ല ശ്രമങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് പ്രകാശ് രാജ്, സ്താനാര്‍ത്തി ശ്രീക്കുട്ടനെ ഓര്‍മിപ്പിച്ച് ആനന്ദ് മന്മഥന്‍
Malayalam Cinema
കുട്ടികളുടെ സിനിമകള്‍ക്കായി നല്ല ശ്രമങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് പ്രകാശ് രാജ്, സ്താനാര്‍ത്തി ശ്രീക്കുട്ടനെ ഓര്‍മിപ്പിച്ച് ആനന്ദ് മന്മഥന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 3rd November 2025, 7:04 pm

55ാമത് ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രകാശ് രാജ് ചെയര്‍മാനായ ജൂറി ബോര്‍ഡാണ് ഇത്തവണ അവാര്‍ഡിനര്‍ഹമായ സിനിമകള്‍ തെരഞ്ഞെടുത്തത്. പലരും കരുതിയതുപോലെ മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടി സ്വന്തമാക്കിയപ്പോള്‍ മികച്ച സിനിമയടക്കം 10 അവാര്‍ഡുകള്‍ മഞ്ഞുമ്മല്‍ ബോയ്‌സ് സ്വന്തം പേരിലാക്കി.

പല വിഭാഗങ്ങളിലും പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ കുട്ടികളുടെ സിനിമ എന്ന വിഭാഗത്തില്‍ ഒരു സിനിമയും പരിഗണിക്കപ്പെട്ടില്ല. കുട്ടികള്‍ക്കായുള്ള നല്ല സിനിമകളില്ല എന്നായിരുന്നു ഇക്കാര്യത്തില്‍ ജൂറി ചെയര്‍മാനായ പ്രകാശ് രാജ് പ്രതികരിച്ചത്. കുട്ടികളുടെ ഇമോഷനുകളെല്ലാം കാണിക്കുന്ന സിനിമകള്‍ വരേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്നും പ്രകാശ് രാജ് പറഞ്ഞു.

എന്നാല്‍ പ്രകാശ് രാജിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ആനന്ദ് മന്മഥന്‍. കഴിഞ്ഞ വര്‍ഷത്തെ മികച്ച സിനിമകളിലൊന്നായ സ്താനാര്‍ത്തി ശ്രീക്കുട്ടന്റെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് ആനന്ദ് രംഗത്തെത്തിയത്. ‘കഴിഞ്ഞ വര്‍ഷം മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരത്തിന് ആരും അര്‍ഹരല്ല എന്ന് ജൂറി തീരുമാനിച്ചു’ എന്ന് പറഞ്ഞുകൊണ്ടാണ് ആനന്ദ് തന്റെ പോസ്റ്റ് ആരംഭിച്ചത്.

‘കഴിഞ്ഞ വര്‍ഷം നല്ല പെര്‍ഫോമന്‍സുകള്‍ കാഴ്ചവെച്ച ബാലതാരങ്ങള്‍ ആരുമില്ലായിരുന്നു എന്ന പ്രസ്താവന കണ്ടപ്പോള്‍ ഇത് പറയണമെന്ന് തോന്നി’ എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിച്ചത്. ആനന്ദിനെ പിന്തുണച്ച് നിരവധിപ്പേര്‍ കമന്റ് ബോക്‌സില്‍ കമന്റ് പങ്കുവെക്കുന്നുണ്ട്. വളരെ വേഗത്തില്‍ പോസ്റ്റ് വൈറലാവുകയും ചെയ്തു.

‘അര്‍ഹതയുള്ള സിനിമകളൊന്നുമില്ല എന്ന ജൂറിയുടെ വാക്കുകളില്‍ എല്ലാം മനസിലാകുന്നു’ എന്ന് പറഞ്ഞുകൊണ്ട് സംവിധായകന്‍ വിനീഷ് വിശ്വനാഥനും തന്റെ അഭിപ്രായം പങ്കുവെച്ചു. സ്താനാര്‍ത്തി ശ്രീക്കുട്ടനിലെ ക്ലൈമാക്‌സ് രംഗത്തിന്റെ സ്‌ക്രീന്‍ഷോട്ടോടുകൂടിയാണ് വിനീഷ് തന്റെ പോസ്റ്റ് പങ്കുവെച്ചത്. സംവിധായകന്റെ പോസ്റ്റിനും നിരവധി പേര്‍ പിന്തുണയുമായി എത്തുന്നുണ്ട്.

നവാഗതനായ വിനീഷ് വിശ്വനാഥ് സംവിധാനം ചെയ്ത് 2024ല്‍ പുറത്തിറങ്ങിയ സ്താനാര്‍ത്തി ശ്രീക്കുട്ടന്‍ മികച്ച പ്രതികരണം ലഭിച്ചിട്ടും തിയേറ്ററുകളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ അടുത്തിടെ ഒ.ടി.ടിയിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചു. കേരളത്തിന് പുറത്തും ചിത്രം ശ്രദ്ധിക്കപ്പെട്ടു. ക്ലൈമാക്‌സില്‍ സിനിമ കൊണ്ടുവന്ന മാറ്റം കേരളത്തിനകത്തും പുറത്തും പല സ്‌കൂളുകളും മാതൃകയാക്കിയിരുന്നു.

Content Highlight: Anand Manmadhan shares Sthanarthi Sreekuttan’s poster after State Award declaration