ഗസയിലെ ഇസ്രഈൽ കയ്യേറ്റം വലിയ അബദ്ധം: ബൈഡൻ
World News
ഗസയിലെ ഇസ്രഈൽ കയ്യേറ്റം വലിയ അബദ്ധം: ബൈഡൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th October 2023, 11:37 am

വാഷിങ്ടൺ: വീണ്ടും ഗസ മുനമ്പ് കയ്യടക്കാൻ ഇസ്രഈൽ ശ്രമം നടത്തിയാൽ അത് വലിയ അബദ്ധമായിരിക്കുമെന്ന് യു.എസ് പ്രസിഡന്റ്‌ ജോ ബൈഡൻ.

ഗസയിലെ 10 ലക്ഷത്തിലധികം ജനങ്ങളോട് 24 മണിക്കൂറിനകം പലായനം ചെയ്യാൻ നിർദേശം നൽകിയ ഇസ്രഈൽ കരമാർഗം ഗസ കീഴടക്കാൻ ഒരുങ്ങുകയാണ്. ഇതിനിടയിലാണ് ഞായറാഴ്ച സി.ബി.എസിന് നൽകിയ അഭിമുഖത്തിൽ ബൈഡൻ തന്റെ നിലപാട് അറിയിച്ചത്. ഗസയിലെ അധിനിവേശം പിന്തുണക്കുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ബൈഡന്റെ മറുപടി.

ഫലസ്തീൻ അതോറിറ്റി നിലനിൽക്കേണ്ടതുണ്ടെന്നും ഹമാസ് എല്ലാ ഫലസ്തീനികളെയും പ്രതിനിധീകരിക്കുന്നില്ലെന്നും ബൈഡൻ പറഞ്ഞു. അതേസമയം, തീവ്രവാദികളെ നീക്കം ചെയ്യേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഗസയിൽ ഭക്ഷണവും ഇന്ധനവുമെത്തിക്കാൻ യു.എസ് പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും ബൈഡൻ അറിയിച്ചു. ഫലസ്തീൻ രാഷ്ട്രത്തിന് ശരിയായ ഒരു ദിശ വേണമെന്നും അഭിമുഖത്തിൽ ബൈഡൻ പറഞ്ഞു.

ഹമാസിന്റെ ആക്രമണത്തെ തുടർന്ന് ഇസ്രഈൽ ഗസയിൽ ബോംബാക്രമണം നടത്തുകയും 2,600 പേർ കൊല്ലപ്പെടുകയും ചെയ്തിട്ടും ഇസ്രഈലിന് പൂർണ പിന്തുണ നൽകുന്ന നിലപാട് തന്നെയായിരുന്നു ബൈഡൻ സ്വീകരിച്ചത്. വരുന്ന വാരം ബൈഡൻ ഇസ്രഈൽ സന്ദർശിച്ചേക്കും.

തെക്കൻ ഗസയിലെ ചില ഭാഗങ്ങളിൽ ജല വിതരണം പുനസ്ഥാപിക്കാൻ ബൈഡനും നെതന്യാഹു ധാരണയായെന്ന് ഇസ്രഈൽ ഊർജവകുപ്പ് മന്ത്രി ഇസ്രായേൽ കാറ്റ്സ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

രാഷ്ട്രീയ ജീവിതത്തിലുടനീളം തീവ്ര ഇസ്രഈൽ അനുകൂല നിലപാടാണ് ബൈഡൻ സ്വീകരിച്ചുവന്നത്. അതേസമയം ഇസ്രഈലിനുള്ള യു.എസ് സൈനിക, നയതന്ത്ര പിന്തുണയിൽ ഡെമോക്രാറ്റിക് പാർട്ടിക്കകത്ത് നിന്നും എതിർപ്പുണ്ട്.

Content Highlight: An Israeli reoccupation of Gaza would be a mistake, Biden says