ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം കണ്ട വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു
Kerala News
ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം കണ്ട വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th November 2021, 4:24 pm

പാലക്കാട്: മമ്പറത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം കണ്ട വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു. മരുത റോഡ് സ്വദേശി രാമുവാണ്(57) മരിച്ചത്. സംഭവസ്ഥലത്ത് രക്തം തളംകെട്ടി നില്‍ക്കുന്നത് കണ്ടാണ് രാമു കുഴഞ്ഞുവീണത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ഇയാള്‍ കൊലപാതകത്തിന് സാക്ഷിയാണെന്നാണ് പറയുന്നത്. കൊലപാതകത്തിന് മറ്റ് സാക്ഷികളും ഉണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്.

ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ഏലപ്പുള്ളി സ്വദേശി സഞ്ജിത്തിനെയാണ് മമ്പറത്ത് വെട്ടിക്കൊലപ്പെടുത്തിയത്. സഞ്ജിത്ത് ഭാര്യയുമായി ബൈക്കില്‍ വരുമ്പോള്‍ തടഞ്ഞുനിര്‍ത്തിയാണ് ആക്രമണം നടന്നത്. കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമണത്തിന് പിന്നില്‍.

സഞ്ജിത്തിന്റെ ശരീരമാസകലം പരിക്കേറ്റ പാടുകളുണ്ട്. രാഷ്ട്രീയ സംഘര്‍ഷത്തിന്റെ ഭാഗമായാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

നേരത്തെയും പ്രദേശത്ത് ചില രാഷ്ട്രീയ സംഘര്‍ഷങ്ങളുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഈ സംഭവം എന്നാണ് പൊലീസ് സംശയിക്കുന്നത്. കൊലപാതകത്തിന് പിന്നില്‍ എസ്.ഡി.പി.ഐയാണെന്ന് ബി.ജെ.പി പാലക്കാട് ജില്ലാ അധ്യക്ഷന്‍ കെ.എം. ഹരിദാസ് ആരോപിച്ചിരുന്നു.

അതേസമയം, അപകടകരമായ നിലയിലേക്കാണ് കേരളത്തിന്റെ ക്രമസമാധാനനില പോകുന്നതെന്നും ഇത് വെച്ചുപൊറുപ്പിക്കാനാകില്ലെന്നുമാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലയില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പ്രതികരിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

CONTENT HIGHLIGHTS:  An elderly man who witnessed the murder of an RSS worker collapsed and died