അമൃത്‌സർ: പഞ്ചാബിലെ അമൃത്‌സറിൽ വ്യാജ മദ്യ ദുരന്തത്തിൽ 14 പേർ മരണപ്പെട്ടു. അമൃത്സർ ജില്ലയിലെ മജിതയിലാണ് ദുരന്തം ഉണ്ടായത്. സംഭവത്തിൽ ആറ് പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.
അമൃത്സർ: പഞ്ചാബിലെ അമൃത്‌സറിൽ വ്യാജ മദ്യ ദുരന്തത്തിൽ 14 പേർ മരണപ്പെട്ടു. അമൃത്സർ ജില്ലയിലെ മജിതയിലാണ് ദുരന്തം ഉണ്ടായത്. സംഭവത്തിൽ ആറ് പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.
സംഭവം നടന്ന ഏഴ് മണിക്കൂറിനുള്ളിൽ പ്രധാന വിതരണക്കാരനായ പ്രഭ്ജിത് സിങ്ങിനെയും സഹായികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മുഖ്യപ്രതി പ്രഭ്ജിത് സിംഗിൻ്റെ സഹോദരൻ ജഗ്ഗു എന്ന കുൽബീർ സിംഗ്, സാറായി എന്ന സാഹിബ് സിംഗ്, ഗുർജന്ത് സിംഗ്, ജീതയുടെ ഭാര്യ നിന്ദർ കൗർ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.
അമൃത്‌സറിലെ ഭംഗാലി, മാരാരി, കലൻ, തരിവൽ എന്നീ ഗ്രാമത്തിൽ നിന്നുള്ള യുവാക്കളാണ് കൊല്ലപ്പെട്ടത്. മരിച്ചവരിൽ ഭൂരിഭാഗവും ഇഷ്ടിക ചൂളകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണ്.
നിരവധി പേരുടെ നില ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഉയർന്നേക്കാമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അനധികൃത മദ്യത്തിന്റെ ഉറവിടത്തെക്കുറിച്ച് മജിത പൊലീസ് അന്വേഷണം നടത്തുകയാണ്.
‘പ്രാഥമിക അന്വേഷണത്തിൽ ഞായറാഴ്ച വൈകുന്നേരം എല്ലാവരും ഒരേ സ്ഥലത്ത് നിന്ന് മദ്യം കഴിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അവരിൽ ചിലർ തിങ്കളാഴ്ച രാവിലെ മരിച്ചു. എന്നാൽ സംഭവം പൊലീസിനെ അറിയിക്കാതെ നാട്ടുകാർ അവരെ സംസ്കരിച്ചു. വൈകുന്നേരത്തോടെ മദ്യം മൂലമുള്ള മരണങ്ങളെക്കുറിച്ച് ഞങ്ങൾക്ക് വിവരം ലഭിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു,’ മജിത എസ്.എച്ച്.ഒ ആബ്താബ് സിങ് പറഞ്ഞു.
അനധികൃത മദ്യം നിർമിക്കുന്നവരെന്നും വിതരണം ചെയ്യുന്നവരെന്നും സംശയിക്കുന്നവർക്കെതിരെ പൊലീസും സിവിൽ ഉദ്യോഗസ്ഥരും നടപടി ആരംഭിച്ചിട്ടുണ്ട്. വ്യാജ മദ്യം വിതരണം ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ പഞ്ചാബ് സർക്കാരിൽ നിന്ന് തങ്ങൾക്ക് കർശന നിർദേശം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
പൊലീസ് പറയുന്നതനുസരിച്ച്, പ്രഭ്ജിത് സിങ് 50 ലിറ്റർ മെഥനോൾ നേർപ്പിച്ച് 120 ലിറ്റർ വ്യാജ മദ്യം ഉണ്ടാക്കി. പിന്നീട് അത് പ്രാദേശിക വിതരണക്കാർക്ക് വിതരണം ചെയ്തു. ആറ് പേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഈ ആറ് പ്രതികൾക്കെതിരെയും ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) സെക്ഷൻ 105 ഉൾപ്പെടെയുള്ള കർശനമായ വ്യവസ്ഥകൾ ചുമത്തി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സംഭവത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ രോഷം പ്രകടിപ്പിച്ചു. വ്യാജ മദ്യം വിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
‘മജിതയ്ക്ക് ചുറ്റുമുള്ള ചില ഗ്രാമങ്ങളിൽ വിഷം കലർന്ന മദ്യം കഴിച്ച് നിരവധി പേർ മരിച്ച ദാരുണമായ വാർത്ത അറിഞ്ഞു. നിരപരാധികളെ കൊന്നൊടുക്കുന്ന ഈ കൊലയാളികളെ ഒരു കാരണവശാലും വെറുതെ വിടില്ല. ഇവ മരണങ്ങളല്ല, കൊലപാതകങ്ങളാണ്. കുറ്റവാളികൾക്ക് നിയമം അനുശാസിക്കുന്ന ഏറ്റവും കഠിനമായ ശിക്ഷകൾ നൽകും,’ അദ്ദേഹം എക്‌സിൽ കുറിച്ചു.
Content Highlight: Amritsar hooch tragedy: At least 15 from five villages dead after consuming suspicious liquour