നിന്റെ സ്വഭാവം ഇങ്ങനെ തന്നെയാണോ വലിയ വ്യത്യസമൊന്നും തോന്നുന്നില്ലല്ലോ എന്ന് ലാലേട്ടന്‍ ചോദിച്ചു: അമൃത വര്‍ഷിനി
Entertainment
നിന്റെ സ്വഭാവം ഇങ്ങനെ തന്നെയാണോ വലിയ വ്യത്യസമൊന്നും തോന്നുന്നില്ലല്ലോ എന്ന് ലാലേട്ടന്‍ ചോദിച്ചു: അമൃത വര്‍ഷിനി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 10th May 2025, 5:28 pm

മലയാളികള്‍ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു തുടരും. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ഈ സിനിമയില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. ചിത്രം തിയേറ്ററില്‍ വന്‍ വിജയമായിരുന്നു നേടിയിരുന്നത്.

16 വര്‍ഷത്തിന് ശേഷം ശോഭനയും മോഹന്‍ലാലും ഒരുമിച്ച് എത്തിയ സിനിമ കൂടിയായിരുന്നു തുടരും. ചിത്രത്തില്‍ ശോഭനയുടെയും മോഹന്‍ലാലിന്റെയും മകളായി എത്തിയത് അമൃത വര്‍ഷിനി ആയിരുന്നു. അമൃതയുടെ ആദ്യ സിനിമയായിരുന്നു തുടരും.

ഇപ്പോള്‍ സിനിമയിലെ പവിത്ര എന്ന കഥാപാത്രത്തെ പോലെ തന്നെയാണ് താന്‍ റിയല്‍ ലൈഫിലും എന്ന് പറയുകയാണ് അമൃത വര്‍ഷിനി.

ആദ്യത്തെ ഷോട്ട് കഴിഞ്ഞപ്പോള്‍ ഇങ്ങനെ തന്നെയാണോ തന്റെ സ്വഭാവം കണ്ടിട്ട് വലിയ വ്യത്യസമൊന്നും തോന്നുന്നില്ലോ എന്ന് മോഹന്‍ലാല്‍ ചോദിച്ചുവെന്ന് അമൃത പറയുന്നു. യഥാര്‍ത്ഥത്തില്‍ സിനിമയിലെ കഥാപാത്രത്തെ പോലെ തന്നെയാണ് താന്‍ റിയല്‍ ലൈഫിലെന്നും രണ്ടും തമ്മില്‍ വലിയ വ്യത്യസമൊന്നും ഇല്ലെന്നും അമൃത കൂട്ടിച്ചേര്‍ത്തു.

താനുമായി സാമ്യമുള്ള കഥാപാത്രമായിട്ട് അഭിനയിക്കാന്‍ കഴിഞ്ഞത് സന്തോഷമുള്ള കാര്യമാണെന്നും അത് മോഹന്‍ലാലിന്റെയും ശോഭനയുടെയും കൂടെ തന്നെ ചെയ്യാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നും അവര്‍ പറഞ്ഞു. റെഡ് എഫ്.എമ്മില്‍ സംസാരിക്കുകയായിരുന്നു അമൃത വര്‍ഷിനി.

‘ ഫസ്റ്റ് ഷോട്ട് കഴിഞ്ഞപ്പോള്‍ ലാലേട്ടന്‍ എന്നോട് പറഞ്ഞു ‘ നീ ഇങ്ങനെ തന്നെയാണോ, നിന്നെ കണ്ടിട്ട് ഒരു വ്യത്യാസവും തോന്നുന്നില്ലല്ലോ’ എന്ന്. ശെരിക്കും പറഞ്ഞാല്‍ ആ കഥാപാത്രം ഞാന്‍ തന്നെയാണ്. അത് എന്നെ പോലെ തന്നെയാണ്. വലിയ വ്യത്യാസം ഒന്നും ഇല്ല. സിനിമക്കകത്ത് പറയുന്നുണ്ട് റീല്‍ റാണി. അതുകൊണ്ട് ആ കഥാപാത്രവുമായി വലിയ വ്യത്യസമൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെ തന്നെയാണ് ഞാന്‍. അതിന്റെ ഒരു സന്തോഷം ഉണ്ടായിരുന്നു. കാരണം എനിക്ക് ഞാന്‍ തന്നെ ആകാന്‍ പറ്റുന്ന ഒരു സിനിമയാണല്ലോ ഇത്. അതും എന്റെ അച്ഛനും അമ്മയുമായിട്ട് ലാലേട്ടനും ശോഭന മാടവും,’ അമൃത പറയുന്നു.

Content Highlight: Amrita Varshini says that she is just like the character Pavithra in the movie Thudarum in real life.