കൊച്ചി: അഭിപ്രായം പറയുന്നവരെ അച്ചടക്കനടപടിയിലൂടെ നേരിടുന്നതും എക്സിക്യുട്ടീവ് കമ്മിറ്റിക്ക് പൂര്‍ണ അധികാരം നല്‍കിയ ജനറല്‍ ബോഡിയെ അപ്രസക്തമാക്കുന്നതും ജനാധിപത്യവിരുദ്ധമാണെന്ന് നടി രേവതി എ.എം.എം.എ യോഗത്തില്‍ തുറന്നടിച്ചു. എക്സിക്യുട്ടീവ് കമ്മിറ്റിയെ ചോദ്യം ചെയ്തവരെ പുറത്താക്കുന്ന നയമാണ് അമ്മയുടേതെന്ന് രേവതി യോഗത്തില്‍ ആരോപിച്ചു. രേവതിയെ പിന്തുണച്ച് ഒരുവിഭാഗം രംഗത്തെത്തി.
യോഗത്തിലുണ്ടായിരുന്ന പാര്‍വതി തിരുവോത്ത്, ജോയ് മാത്യു, ഷമ്മി തിലകന്‍, ലക്ഷ്മി ഗോപാലസ്വാമി എന്നിവര്‍ രേവതിയെ പിന്തുണച്ചു. ഭരണഘടനാ ഭേദഗതി പാസാക്കുന്നതിന് അംഗങ്ങളുടെ അഭിപ്രായം തേടിയപ്പോഴാണ് എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് അധികാരം പരിമിതപ്പെടുന്നതും, അംഗങ്ങളുടെ വിമര്‍ശനങ്ങളില്‍ അച്ചടക്ക നടപടി സ്വീകരിക്കുന്നതും ഉള്‍പ്പെടെയുള്ള വ്യവസ്ഥകളില്‍ രേവതി എതിര്‍പ്പ് വ്യക്തമാക്കിയത്. സംഘടനയിലെ വനിതാ പ്രാതിനിധ്യം സംബന്ധിച്ചും ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരണം എങ്ങനെയെന്നതടക്കമുള്ള കാര്യങ്ങളില്‍ രേവതി നിലപാടറിയിച്ചു.
പുതിയ ഭേദഗതി പ്രകാരം എക്‌സിക്യുട്ടീവ് കമ്മിറ്റിയിലെ മൂന്നുപേരിലേക്ക് എല്ലാ തീരുമാനങ്ങളും എടുക്കാനുള്ള അധികാരം പരിമിതപ്പെടുമെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും നടി പത്മപ്രിയ എ.എം.എം.എ നേതൃത്വത്തെ കത്തുവഴി അറിയിച്ചിരുന്നു. ബൈലോ തയ്യാറാക്കിയ സബ് കമ്മിറ്റി ആരാണെന്ന് പരസ്യപ്പെടുത്തണമെന്നും സബ്കമ്മിറ്റി ഉണ്ടായിരുന്നോ എന്നു വ്യക്തമാക്കണമെന്നും പദ്മപ്രിയ ആവശ്യപ്പെട്ടു.
‘ജനറല്‍ ബോഡി ചേരുന്നുണ്ടെങ്കിലും കാലങ്ങളായി എക്സിക്യുട്ടീവ് കമ്മിറ്റിയാണ് പരമാധികാര സംവിധാനമായി സംഘടനയെ നിയന്ത്രിക്കുന്നത്. എകസിക്യുട്ടീവ് കമ്മിറ്റിയിലെ മൂന്ന് അംഗങ്ങളിലേക്ക് സംഘടനയുടെ എല്ലാ അധികാരവും വന്നുചേരുന്ന വിധത്തിലാണ് പുതിയ ഭേദഗതി. ഇത് ജനാധിപത്യ സ്വഭാവത്തിലുള്ളതല്ല. അംഗങ്ങള്‍ക്കെതിരെ അച്ചടക്കനടപടിയും ശിക്ഷാ നടപടിയും സ്വീകരിക്കാന്‍ എക്സിക്യുട്ടീവ് കമ്മിറ്റിക്ക് കൂടുതല്‍ അധികാരം നല്‍കുന്നതാണ് പുതിയ ഭേദഗതി.’- കത്തില്‍ പറയുന്നു.
ഭേദഗതിയില്‍ പ്രതിഷേധിച്ച് നടിമാരും ഡബ്ലു.സി.സി അംഗങ്ങളുമായ രേവതിയും പാര്‍വതിയും യോഗ ഹാള്‍ വിട്ടിരുന്നു.
ഡബ്ലു.സി.സിയുടെ അടിസ്ഥാന ഉദ്ദേശത്തെക്കുറിച്ച് നിശബ്ദത പാലിക്കുന്നുവെന്ന് അവര്‍ ആരോപിച്ചിരുന്നു. ഭേദഗതിയില്‍ അനിഷ്ടസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളില്ലെന്നും ഉപസമിതികളില്‍ ഒന്നിലും വനിതാ പ്രാതിനിധ്യം ഉറപ്പാക്കിയില്ലെന്നും അവര്‍ ആരോപിച്ചു. നിര്‍ദേശങ്ങളില്‍ ചിലത് ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നും കരട് തയ്യാറാക്കിയത് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ താത്പര്യപ്രകാരമാണെന്നും അവര്‍ കുറ്റപ്പെടുത്തി. കരട് തയ്യാറാക്കിയത് ചര്‍ച്ചകളില്ലാതെയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
കരടിന്മേല്‍ ഇനിയും ചര്‍ച്ച വേണം. തൊഴില്‍ സുരക്ഷ ഉറപ്പാക്കും വിധം കരടില്‍ ഭേദഗതി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
നേരത്തെ ഡബ്ല്യു.സി.സി അടക്കം എ.എം.എം.എയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ ഇല്ല എന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എ.എം.എം.എയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം വേണമെന്ന് ചൂണ്ടിക്കാട്ടി നടിമാരായ പാര്‍വതി, രേവതി, പത്മപ്രിയ തുടങ്ങിയവര്‍ രംഗത്തുവന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവര്‍ എ.എം.എം.എ നേതൃത്വത്തിന് കത്ത് നല്‍കുകയും ചെയ്തിരുന്നു.