കൊച്ചി: മലയാള സിനിമയിലെ താര സംഘടനയായ AMMAയിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോൻ വിജയിച്ചു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരൻ തെരഞ്ഞെടുക്കപ്പെട്ടു. ലക്ഷ്മി പ്രിയ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും വിജയിച്ചു. നേരത്തെ അൻസിബ ഹസൻ ജോയിന്റ് സെക്രട്ടറിയായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സംഘടനയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് നേതൃത്വനിരയിലേക്ക് സ്ത്രീകൾ വരുന്നത്.
ട്രഷർ സ്ഥാനത്തേക്ക് ഉണ്ണി ശിവപാൽ തെരഞ്ഞെടുക്കപ്പെട്ടു. ശ്വേതയും ദേവനും തമ്മിലായിരുന്നു പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരം നടന്നത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനും കുക്കു പരമേശ്വരനുമായിരുന്നു മത്സരിച്ചിരുന്നത്.
സംഘടന ആരംഭിച്ച് 32 വർഷത്തിനിടെയുള്ള ഏറ്റവും വലിയ മത്സരമായിരുന്നു നടന്നത്. ഇന്ന് നടന്ന വോട്ടെടുപ്പ് ഒരു മണിയോടെ അവസാനിച്ചിരുന്നു. ആകെ 298 വോട്ടുകൾ രേഖപ്പെടുത്തി. 504 അംഗങ്ങളാണ് സംഘടനയിലുള്ളത്. രണ്ട് മണിമുതൽ വോട്ടെണ്ണൽ ആരംഭിച്ചിരുന്നു.
വോട്ടെടുപ്പിൽ മോഹൻലാലും സുരേഷ് ഗോപിയും അടക്കമുള്ള പ്രമുഖ താരങ്ങൾ വോട്ട് രേഖപ്പെടുത്തി. എന്നാൽ യുവതാരങ്ങളിൽ പലരും വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, പൃഥ്വിരാജ് തുടങ്ങിയർ തെരഞ്ഞെടുപ്പിൽ പങ്കെടുക്കാതിരുന്നത് അംഗങ്ങൾക്കിടയിൽ ചർച്ചയായിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.