എഡിറ്റര്‍
എഡിറ്റര്‍
പട്ടേല്‍ നേതാവിന്റെ വെളിപ്പെടുത്തലോടെ തകര്‍ന്നത് അമിത് ഷായുടെ കുതന്ത്രം: കോണ്‍ഗ്രസിനിട്ട് വെച്ചത് കൊണ്ടത് ബി.ജെ.പിക്കുതന്നെ
എഡിറ്റര്‍
Monday 23rd October 2017 11:01am

അഹമ്മദാബാദ്: ബി.ജെ.പിയില്‍ ചേരാന്‍ തനിക്ക് ഒരു കോടി രൂപ വാഗ്ദാനം നല്‍കിയെന്ന പട്ടിദാര്‍ അനാമത് ആന്ദോളന്റെ നേതാവിന്റെ വെളിപ്പെടുത്തലോടെ ഗുജറാത്തില്‍ വിശാലസഖ്യത്തിന് തടയിടാന്‍ അമിത് ഷാ നടത്തിയ കരുനീക്കങ്ങള്‍ ബി.ജെ.പിക്കു തന്നെ പാരയാവുന്നു.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസ് വിശാലസഖ്യം രൂപീകരിക്കുന്നതിന് തടയിടാനാണ് നരേന്ദ്ര പട്ടേല്‍ ഉള്‍പ്പെടെയുള്ള മൂന്ന് പട്ടേല്‍ സമുദായ നേതാക്കളെ ബി.ജെ.പി സ്വന്തം പാളയത്തിലേക്കു കൊണ്ടുവന്നത്. പട്ടേല്‍ സമുദായത്തില്‍ ഭിന്നിപ്പ് സൃഷ്ടിക്കുകയെന്ന ലക്ഷ്യമിട്ടുകൊണ്ട് പട്ടേല്‍ സമുദായം കോണ്‍ഗ്രസിനൊപ്പം വിശാലസഖ്യത്തില്‍ ചേരുന്നതിന് തടയിടാനായിരുന്നു ഈ നീക്കം.

ഇതിന്റെ ഭാഗമായി പട്ടിതാര്‍ അനാമത് ആന്ദോളന്റെ നേതാക്കളായ വരുണ്‍ പട്ടേല്‍, രേഷ്മാ പട്ടേല്‍ എന്നിവരെ ബി.ജെ.പിയിലേക്കു കൊണ്ടുവരുന്നതില്‍ പാര്‍ട്ടി വിജയിക്കുകയും ചെയ്തു. വരുണ്‍ പട്ടേലിനെ ഉപയോഗിച്ച് കൂടുതല്‍ പട്ടിദാര്‍ നേതാക്കളെ പാര്‍ട്ടിയിലെത്തിക്കാനുള്ള ബി.ജെ.പി തന്ത്രങ്ങളാണ് നരേന്ദ്ര പട്ടേലിന്റെ വെളിപ്പെടുത്തലോടെ പാര്‍ട്ടിക്ക് തിരിച്ചടിയായിരിക്കുന്നത്.


Also Read: ബി.ജെ.പിയില്‍ ചേര്‍ന്ന് മണിക്കൂറുകള്‍ക്കകം ബി.ജെ.പിയുടെ കുതിരക്കച്ചവടം തുറന്നുകാട്ടി പട്ടേല്‍സമര നേതാവ്


തെരഞ്ഞെടുപ്പു മുന്നില്‍ കണ്ട് ബി.ജെ.പി നടത്തുന്ന കുതിരക്കച്ചവടങ്ങളാണ് നരേന്ദ്ര പട്ടേല്‍ തുറന്നുകാട്ടിയത്. തനിക്കു അഡ്വാന്‍സായി നല്‍കിയ പത്തുലക്ഷം രൂപ ഉയര്‍ത്തിക്കാട്ടിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വെൡപ്പെടുത്തല്‍. ബി.ജെ.പി ഗുജറാത്ത് സംസ്ഥാന പ്രസിഡന്റും ഒരു മന്ത്രിയുമൊക്കെ നേരിട്ട് ഇടപെട്ടാണ് തന്നെ പാര്‍ട്ടിയിലേക്കു കൊണ്ടുവരാന്‍ ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

പട്ടേല്‍ സമുദായത്തില്‍ വന്‍സ്വാധീനമുള്ള ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് ബി.ജെ.പി പട്ടേല്‍സമുദായത്തിലെ പ്രമുഖരെ സ്വന്തം പാളയത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. ഗുജറാത്ത് സര്‍ക്കാര്‍ പട്ടേല്‍ പ്രക്ഷോഭം കൈകാര്യം ചെയ്തതിലെ വീഴ്ചകളാണ് പട്ടേല്‍സമുദായത്തെ കോണ്‍ഗ്രസിനോട് അടുപ്പിച്ചതെന്നും പാര്‍ട്ടി ദേശീയനേതൃത്വം വിലയിരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പട്ടേല്‍സമുദായത്തില്‍ ഭിന്നിപ്പിക്കുണ്ടാക്കാനുള്ള കരുനീക്കങ്ങള്‍ അമിത് ഷാ ആരംഭിച്ചത്.

നരേന്ദ്ര പട്ടേലിന്റെ ആരോപണങ്ങളില്‍ ബി.ജെ.പി ദേശീയ സംസ്ഥാന നേതൃത്വങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതും നരേന്ദ്ര പട്ടേലിന്റെ വെളിപ്പെടുത്തല്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട് എന്ന വിലയിരുത്തലുകള്‍ ശരിവെക്കുകയാണ്.

Advertisement