എഡിറ്റര്‍
എഡിറ്റര്‍
ജനരക്ഷാ യാത്രയില്‍ ജനപങ്കാളിത്തമില്ല: പിണറായിയിലെത്താന്‍ അമിത് ഷായ്ക്ക് മടി
എഡിറ്റര്‍
Thursday 5th October 2017 12:30pm

കണ്ണൂര്‍: ബി.ജെ.പിയുടെ ജനരക്ഷാ യാത്രയില്‍ ജനപങ്കാളിത്തമില്ലാത്തതാണ് ബി.ജെ.പി നേതാവ് അമിത് ഷാ യാത്ര പാതവഴിയില്‍ ഉപേക്ഷിച്ച് മടങ്ങാന്‍ കാരണമെന്ന് സൂചന.

കണ്ണൂരില്‍ സി.പി.ഐ.എമ്മിന് വന്‍ സ്വാധീനമുള്ള മേഖലകളില്‍ അവരെ ഞെട്ടിക്കുന്ന ജനപങ്കാളിത്തത്തോടെ പരിപാടി നടത്താനായിരുന്നു ബി.ജെ.പി ദേശീയ നേതൃത്വം ലക്ഷ്യമിട്ടത്. അതുകൊണ്ടുതന്നെയാണ് അത്തരം ഇടങ്ങള്‍ യാത്രയില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ പാര്‍ട്ടി പ്രതീക്ഷിച്ചത്ര ജനപങ്കാളിത്തം ഉണ്ടായില്ലെന്നു മാത്രമല്ല, ഉള്ളവര്‍ തന്നെ വാടകയ്ക്ക് എടുത്തവരാണെന്ന ആക്ഷേപവും ഇതിനകം ഉയര്‍ന്നു കഴിഞ്ഞു.

25000 ത്തിലേറെപ്പേരെയാണ് അമിത് ഷാ പങ്കെടുത്ത ആദ്യദിന പദയാത്രയില്‍ ബി.ജെ.പി പ്രതീക്ഷിച്ചത്. എന്നാല്‍ ദേശീയ അധ്യക്ഷന്റെ സാന്നിധ്യമുണ്ടായിരുന്നിട്ടും പ്രതീക്ഷിച്ചതിന്റെ പകുതിപ്പേരുപോലും യാത്രയില്‍ പങ്കെടുത്തില്ലയെന്നത് പാര്‍ട്ടിയെ ഞെട്ടിച്ചിരുന്നു.

ആദ്യദിന പദയാത്രയ്ക്കു പിന്നാലെ അമിത് ഷാ ബംഗളുരുവില്‍ പാര്‍ട്ടിയുടെ പരിപാടിയില്‍ പങ്കെടുത്തശേഷം വീണ്ടും ജനരക്ഷായാത്രയ്ക്ക് ഒപ്പം കൂടുമെന്നായിരുന്നു ബി.ജെ.പി സംസ്ഥാന നേതൃത്വം പറഞ്ഞത്. എന്നാല്‍ പയ്യന്നൂരിലെ പദയാത്രയ്ക്കു പിന്നാലെ സന്ദര്‍ശനം വെട്ടിച്ചുരുക്കി അമിത് ഷാ ദല്‍ഹിയിലേക്ക് തിരിക്കുകയാണുണ്ടായത്. ഇതിനാകട്ടെ പാര്‍ട്ടി നേതൃത്വം ഇതുവരെ വിശദീകരണമൊന്നും നല്‍കിയിട്ടില്ല.

ജിഹാദികള്‍ക്കും ചുവപ്പുഭീകരതയ്ക്കുമെതിരെയെന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ബി.ജെ.പി ജനരക്ഷാ യാത്ര നടത്തുന്നതെങ്കിലും പ്രധാനമായും ലക്ഷ്യമിടുന്നത് സി.പി.ഐ.എമ്മിനെയാണെന്നത് ഇതിനകം തന്നെ വ്യക്തമായതാണ്. ഇതിന്റെ ഭാഗമായാണ് കേരളാ മുഖ്യമന്ത്രിയുടെ നാടായ പിണറായിയെ യാത്ര കടന്നുപോകുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നായി തീരുമാനിച്ചത്. അവിടെ പദയാത്രയിലും സമാപന സമ്മേളനത്തിലും അമിത് ഷാ പങ്കെടുക്കുമെന്നായിരുന്നു തീരുമാനിച്ചിരുന്നത്.


Must Read: ജനരക്ഷാ യാത്ര കഴിഞ്ഞ് മടങ്ങിയ ബി.ജെ.പിക്കാര്‍ ബൈക്ക് യാത്രക്കാരെ നഗ്നരാക്കി മര്‍ദ്ദിച്ചു; പൊലീസിന് നേരെയും അക്രമം


എന്നാല്‍ ഇവിടങ്ങളില്‍ ബി.ജെ.പിയ്ക്ക് ശക്തമായ തിരിച്ചടിയാണ് ലഭിച്ചത്. പിണറായിയിലെ ജനങ്ങള്‍ തീര്‍ത്തും യാത്രയെ അവഗണിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. പലയിടത്തും കടകള്‍ അടച്ചിട്ടിരിക്കുകയാണ്. ജനങ്ങളൊന്നും അധികം തെരുവിലെത്തിയില്ല. ഇതോടെ ബി.ജെ.പി പ്രവര്‍ത്തകര്‍ മാത്രമായി ജാഥ നടക്കുന്ന വഴിയോരങ്ങളില്‍. ഈ അവസ്ഥയിലാണ് ബി.ജെ.പി ദേശീയ അധ്യക്ഷനും യാത്രയെ കൈയൊഴിഞ്ഞത്.

അമിത് ഷായുടെ സൗകര്യം നോക്കിയാണ് ജനരക്ഷാ യാത്രയുടെ തിയ്യതി വരെ തീരുമാനിച്ചത് എന്നിരിക്കെയാണ് അമിത് ഷാ പാതിവഴിയില്‍ യാത്ര ഉപേക്ഷിച്ച് മടങ്ങിയത്. നേരത്തെ അമിത് ഷായുടെ സൗകര്യക്കുറവ് കാരണം പലതവണ ജനരക്ഷാ യാത്രയുടെ തിയ്യതി മാറ്റിയിരുന്നു. ഇതിനിടെ ബി.ജെ.പിയ്‌ക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളും യാത്ര നീളാനിടയാക്കി. ഒടുക്കം കഴിഞ്ഞ സെപ്റ്റംബറില്‍ ജനരക്ഷാ യാത്ര തുടങ്ങാന്‍ തീരുമാനിച്ചപ്പോഴും അമിത് ഷായുടെ അസൗകര്യം കാരണം ഇത് ഒക്ടോബറിലേക്ക് വീണ്ടും മാറ്റുകയായിരുന്നു.

Advertisement