പാട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടെ വിവാദമായി സംസ്ഥാനത്തെ പ്രാദേശിക ഭരണകൂടത്തിന്റെ നടപടി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഖഗാരിയയില്‍ തെരഞ്ഞെടുപ്പ് റാലി നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇതേ മണ്ഡലത്തില്‍ ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് നടത്താനിരുന്ന റാലിക്ക് പ്രാദേശിക ഭരണകൂടം അനുമതി നിഷേധിച്ചു. ഇന്ന് (ശനിയാഴ്ച) നടക്കാനിരുന്ന റാലിയാണ് റദ്ദാക്കിയത്.
തേജസ്വിയുടെ ഹെലികോപ്റ്ററിന് ലാന്‍ഡിങ്ങിനുള്ള അനുമതിയും നിഷേധിച്ചിട്ടുണ്ട്. റാലി റദ്ദാക്കാനുള്ള കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത് സമയത്തിന്റെ പരിമിതിയാണ്.
അതേസമയം, തെരഞ്ഞെടുപ്പിനിടയിലെ നാടകീയ സംഭവങ്ങള്‍ക്കിടെ കോണ്‍ഗ്രസ് നേതാവ് പപ്പു യാദവിന് ഇന്‍കം ടാക്‌സ് വകുപ്പ് നോട്ടീസയച്ചു. പണം വിതരണം ചെയ്‌തെന്ന് ആരോപിച്ചാണ് നോട്ടീസയച്ചിരിക്കുന്നത്. അടുത്ത വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് നോട്ടീസില്‍ പറയുന്നു.
അതേസമയം, പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് പണിതുനല്‍കിയതിനാണ് തനിക്കെതിരെ ഐ.ടി. നോട്ടീസ് അയച്ചിരിക്കുന്നതെന്ന് പപ്പു യാദവ് ആരോപിച്ചു. അതൊരു കുറ്റകൃത്യമാണെങ്കില്‍ ഈ കുറ്റകൃത്യം തുടരാനാണ് തന്റെ തീരുമാനമെന്ന് പപ്പു യാദവ് എക്‌സില്‍ കുറിച്ചു.
Content Highlight: Amit Shah’s rally; District administration cancels Tejashwi Yadav’s election campaign meeting