പാട്‌ന: ബീഹാറിലെ സീമാഞ്ചല്‍ പ്രദേശത്തുള്ളവരെ നുഴഞ്ഞുകയറ്റക്കാരെന്ന് വിശേഷിപ്പിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി എ.ഐ.എം.ഐ.എ മേധാവി അസദുദ്ദീന്‍ ഒവൈസി.
സീമാഞ്ചല്‍ മേഖലയിലെ ജനങ്ങളെ ബി.ജെ.പി നേതൃത്വം നിരന്തരമായി അപകീര്‍ത്തിപ്പെടുത്തിപ്പെടുത്തുകയാണെന്ന് ഒവൈസി കുറ്റപ്പെടുത്തി. സീമാഞ്ചലിലെ നുഴഞ്ഞുകയറ്റക്കാരെ കുടിയിറക്കുമെന്നും ശക്തമായ നടപടിയെടുക്കുമെന്നുമാണ് അമിത് ഷാ പറഞ്ഞത്.
ബീഹാറില്‍ എത്തുമ്പോഴെല്ലാം മോദിയും അമിത് ഷായും സീമാഞ്ചലിലെ ജനങ്ങളെ അപകീര്‍ത്തിപ്പെടുത്തുകയും അവരെ നുഴഞ്ഞുകയറ്റക്കാര്‍ എന്നുവിളിച്ച് അവഹേളിക്കുകയുമാണ്. ഇവിടെ ആരും ബംഗ്ലാദേശികളല്ലെന്നും എല്ലാവരും ഇന്ത്യക്കാരാണെന്നും ഒവൈസി പറഞ്ഞു.

ബി.ജെ.പിയെ ഭയപ്പെടരുതെന്നും തെരഞ്ഞെടുപ്പിലൂടെ അവര്‍ക്ക് മറുപടി നല്‍കണമെന്നും ഒവൈസി ആഹ്വാനം ചെയ്തു. ബീഹാറിലെ ബല്‍റാംപുര്‍ നിയമസഭാ മണ്ഡലത്തില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിലാണ് ഒവൈസി ബി.ജെ.പിക്കും നരേന്ദ്ര മോദിക്കും അമിത്ഷായ്ക്കും എതിരെ ആഞ്ഞടിച്ചത്.
തങ്ങള്‍ അമിത് ഷായെയും മോദിയെയും പരാജയപ്പെടുത്തും. നിങ്ങളുടെ വോട്ട് ലഭിച്ചാല്‍ ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും പരാജയപ്പെടുത്താനാകുമെന്നും ബര്‍സോയിലെ പി.ഡബ്ല്യു.ഡി ഗ്രൗണ്ടില്‍ നടത്തിയ റാലിയില്‍ ഒവൈസി പ്രതികരിച്ചു.
ബീഹാറിലെ തെരഞ്ഞെടുപ്പ് മുന്നിക്കണ്ട് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ബി.ജെ.പി വര്‍ഗീയമായ മാര്‍ഗങ്ങള്‍ ഉപയോഗിക്കുകയാണ്. സമുദായങ്ങളെ തമ്മില്‍ വിഭജിക്കുകയാണ് ബി.ജെ.പിയുടെ രാഷ്ട്രീയമെന്നും അതിനെ നിരസിക്കണമെന്നും ഒവൈസി ആഹ്വാനം ചെയ്തു.



