കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാടുകളുടെ എല്ലാ ഘട്ടത്തിലും വിമര്‍ശനം ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ തന്നെ, കെ.എസ്.ആര്‍.ടി.സിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നടപ്പിലാക്കുകയാണെങ്കില്‍ അത് ചരിത്രപരമായ ഒരു തീരുമാനമായിരിക്കും.
തുല്യത എന്നത് എല്ലാവര്‍ക്കും ഒരേ അളവില്‍ നല്‍കുന്നതല്ല, മറിച്ച് പിന്നില്‍ നില്‍ക്കുന്നവനെ മുന്നിലുള്ളവനൊപ്പം എത്തിക്കാന്‍ കൂടുതല്‍ പിന്തുണ നല്‍കുന്നതാണ് | അമിത് പ്രസാദ് എഴുതുന്നു.
കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ അന്തരീക്ഷത്തില്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇന്ന് വളരെ സജീവമാണ്. എന്നാല്‍ ഇത്തരം ചര്‍ച്ചകള്‍ പൊതുസമൂഹത്തില്‍ വരുമ്പോള്‍, ഇങ്ങനെ ചെയ്യുമ്പോള്‍ അവിടെ തുല്യത നടപ്പിലാക്കപ്പെടുന്നു എന്ന സങ്കല്‍പ്പത്തിന് വിരുദ്ധമായ കാഴ്ചപ്പാട് അല്ലേ ഇവിടെ നടപ്പിലാക്കപ്പെടുന്നത്?
സ്ത്രീയും പുരുഷനും തുല്യരാണെങ്കില്‍ എന്തിനാണ് സ്ത്രീകള്‍ക്ക് മാത്രം സൗജന്യം എന്ന ലളിതയുക്തിയിലാണ് ഈ ചോദ്യം നിലകൊള്ളുന്നത്.
എന്നാല്‍ ആനുപാതികമായി സ്ത്രീകളുടെ തൊഴിലില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ എത്ര പങ്കാണ് പുരുഷന്മാര്‍ക്ക് ലഭിക്കുന്നത്? പുരുഷന്മാര്‍ക്ക് ലഭിക്കുന്ന വരുമാനത്തിന്റെ എത്ര ഭാഗമാണ് സ്ത്രീകള്‍ക്ക് നമ്മുടെ തൊഴിലിടങ്ങളില്‍ ലഭിക്കുന്നത്? അതിനെപ്പറ്റി എപ്പോഴെങ്കിലും നാം ചര്‍ച്ച ചെയ്യാറുണ്ടോ?
യഥാര്‍ത്ഥ തുല്യത എന്നത് കേവലം ഗണിതശാസ്ത്രപരമായ തുല്യതയല്ല, മറിച്ച് ആനുപാതികമായ തുല്യതയാണ് എന്ന യാഥാര്‍ത്ഥ്യം ഇത്തരം വാദങ്ങളില്‍ വിസ്മരിക്കപ്പെടുന്നു.
സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നത് അവര്‍ക്ക് നല്‍കുന്ന ഒരു വെറും ‘സൗജന്യമല്ല’, മറിച്ച് തൊഴിലിടങ്ങളില്‍ അവര്‍ നേരിടുന്ന ചരിത്രപരമായ വേതന അസമത്വത്തിനുള്ള ഭാഗികമായ പരിഹാരമാണ്.
കേരളത്തിലെ ടെക്‌സ്‌റ്റൈല്‍സുകള്‍, ടൈലറിങ് ഷോപ്പുകള്‍, കശുവണ്ടി-കയര്‍ ഫാക്ടറികള്‍, നിര്‍മാണ മേഖലകള്‍, കരിങ്കല്‍ ക്വാറികള്‍ എന്നിവിടങ്ങളിലെല്ലാം സ്ത്രീകള്‍ പുരുഷന്മാരെപ്പോലെയോ അതിലധികമോ കഠിനാധ്വാനം ചെയ്യുന്നുണ്ട്.
എന്നാല്‍ പുരുഷന്മാര്‍ക്ക് അവരുടെ കായിക അധ്വാനം എന്നുള്ള നിലയില്‍ വലിയ തുകയും ലഭിക്കുന്നു. ഇത്തരത്തില്‍ ആഗോളതലത്തിലും പ്രാദേശികമായും നിലനില്‍ക്കുന്ന വലിയൊരു യാഥാര്‍ത്ഥ്യമാണ് ലിംഗഭേദ വേതന വ്യത്യാസം. ഇതിനൊപ്പം വീട്ടുജോലിയും കുട്ടികളെ വളര്‍ത്തലുമടങ്ങുന്ന വേതനമില്ലാത്ത അധ്വാനവും സ്ത്രീകള്‍ ചെയ്യുന്നുണ്ട്.
കെ.എസ്.ആര്‍.ടി.സിയില്‍ സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര അനുവദിക്കപ്പെടുമോ, അനുവദിക്കാനുള്ള സാഹചര്യം നടപ്പിലാക്കാന്‍ പറ്റുന്ന ഒരു സര്‍ക്കാര്‍ ആണോ എന്നുള്ളതെല്ലാം സംശയം തന്നെയാണ്.
എങ്കിലും അത് നടപ്പിലാക്കിയാല്‍ നല്ല കാര്യം തന്നെയാണ്. കാരണം ഇത് സ്ത്രീകള്‍ക്ക് ഒരു ശമ്പള വര്‍ധനവായി കണക്കാകാം സ്ത്രീകള്‍ക്ക് ലഭിക്കാതിരിക്കുന്ന തൊഴിലിടങ്ങളിലെ കൂലി കൂട്ടി കൊടുക്കുന്നതായി നടപ്പിലാക്കപ്പെടേണ്ടതാണ്.
അതിനൊപ്പം തന്നെ ഇതിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സി പൂട്ടിപ്പോവും, കെ.എസ്.ആര്‍.ടി.സി ലാഭമുണ്ടാവില്ല എന്നുള്ള നിലപാട് അങ്ങേയറ്റം ജനവിരുദ്ധമായ നിലപാടുമാണ്.
1990ല്‍ ഇന്ത്യയില്‍ നവ ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പിലാക്കപ്പെടുന്ന ഘട്ടത്തില്‍ ഇന്ത്യയിലെ ഇടതുപക്ഷം ശക്തമായി ഉന്നയിച്ച വാദം ഇന്ന് പൊതുജനങ്ങള്‍ക്കിടയില്‍ ശക്തമായിരിക്കുകയാണ്
എല്ലാ പ്രവര്‍ത്തനങ്ങളെയും ലാഭ ഈച്ചയുടെ അടിസ്ഥാനത്തില്‍ നിരീക്ഷിക്കപ്പെടുന്നു ലാഭമില്ലാത്ത എന്തുകാര്യവും എന്തോ മോശം കാര്യം എന്നുള്ള നിലയിലേക്ക് മാറുന്നു.
എന്നാല്‍ നാം മനസ്സിലാക്കേണ്ട പ്രധാന ഘടകങ്ങളില്‍ ഒന്ന് നമ്മുടെ രാജ്യം ചരിത്രപരമായി തീരുമാനങ്ങളുടെ ഭാഗമായി ഒരു ലാഭനഷ്ടങ്ങളുടെ കണക്കുകളില്‍ പൗരനെ വിലയിരുത്താറില്ല. കാരണം ഇത് ഒരു ക്ഷേമരാഷ്ട്രമാണ്. ജനങ്ങള്‍ക്ക് ക്ഷേമം ഉറപ്പുവരുത്തുക എന്നതാണ് നമ്മുടെ അടിസ്ഥാന ഉദ്ദേശം.
ഒരു സര്‍ക്കാറും അതിന്റെ ഒരു പ്രവര്‍ത്തനത്തെയും ലാഭേച്ഛയുടെ അടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ വേണ്ടി പാടില്ല. ഒരു സര്‍ക്കാര്‍ സ്‌കൂള്‍ നഷ്ടത്തിലായാല്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാതിരിക്കുകയോ, സര്‍ക്കാര്‍ ആശുപത്രി നഷ്ടത്തിലായി പോയതിന്റെ പേരില്‍ അവിടെ ആളുകളെ ചികിത്സിക്കാതിരിക്കയോ ചെയ്യാറില്ല.
പൊതുഗതാഗതവും ഇതേ രീതിയില്‍ കാണേണ്ട ഒന്നാണ്. പൊതുഗതാഗതത്തില്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന ഇളവുകള്‍ ലാഭനഷ്ടക്കണക്കുകള്‍ക്കപ്പുറം, കൂടുതല്‍ സ്ത്രീകളെ തൊഴില്‍ മേഖലയിലേക്ക് വരാന്‍ പ്രേരിപ്പിക്കുന്ന ഒരു സാമൂഹിക നിക്ഷേപമാണ്.
ഇത്തരത്തില്‍ സ്ത്രീകള്‍ക്ക് നടപ്പിലാക്കപ്പെടുന്ന ഈ സൗജന്യ യാത്ര എന്ന സങ്കല്‍പം തന്നെ തുല്യത ഉറപ്പുവരുത്തുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനമാണ് എന്നതില്‍ സംശയമില്ല.
സ്ത്രീകള്‍ക്ക് സൗജന്യ പൊതുഗതാഗതം ഏര്‍പ്പെടുത്തുന്നത് വഴി വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടായ നിരവധി ആഗോള-ദേശീയ മാതൃകകള്‍ നമ്മുടെ മുന്നിലുണ്ട്.
2020ല്‍ ലോകത്താദ്യമായി പൊതുഗതാഗതം പൂര്‍ണമായും സൗജന്യമാക്കിയ ലക്‌സംബര്‍ഗ് എന്ന യൂറോപ്യന്‍ രാജ്യം സ്ത്രീകളുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും സാമൂഹിക പങ്കാളിത്തം വലിയ തോതില്‍ ഉയര്‍ത്തി.
ലക്‌സംബര്‍ഗ്
ബ്രസീലിലെ വലിയ നഗരങ്ങളില്‍ സ്ത്രീകള്‍ക്കും കുറഞ്ഞ വരുമാനക്കാര്‍ക്കും യാത്രാ സബ്സിഡികള്‍ നല്‍കുന്നത് വഴി സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം വര്‍ധിച്ചതായി പഠനങ്ങള്‍ തെളിയിക്കുന്നു.
ബ്രസീല്‍
ഇന്ത്യയില്‍ തന്നെ ദല്‍ഹി, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചപ്പോള്‍ വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടായത്.
തമിഴ്നാട് സര്‍ക്കാരിന്റെ പഠനമനുസരിച്ച്, യാത്രാക്കൂലി ഇനത്തില്‍ ലാഭിക്കുന്ന തുക സ്ത്രീകള്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിനും പോഷകാഹാരത്തിനും മികച്ച ആരോഗ്യ സംരക്ഷണത്തിനുമായി ഉപയോഗിക്കുന്നു, ഇത് കുടുംബങ്ങളുടെ സാമ്പത്തിക നിലവാരം ഉയര്‍ത്തി.
യാത്ര സൗജന്യമായതോടെ സ്ത്രീകളുടെ യാത്രാ സ്വാതന്ത്ര്യവും സുരക്ഷിതത്വവും വര്‍ധിക്കുകയും പൊതുവിടങ്ങള്‍ കൂടുതല്‍ സ്ത്രീസൗഹൃദമായി മാറുകയും ചെയ്തു.
കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാടുകളുടെ എല്ലാ ഘട്ടത്തിലും വിമര്‍ശനം ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ തന്നെ, കെ.എസ്.ആര്‍.ടി.സിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നടപ്പിലാക്കുകയാണെങ്കില്‍ അത് ചരിത്രപരമായ ഒരു തീരുമാനമായിരിക്കും.
തുല്യത എന്നത് എല്ലാവര്‍ക്കും ഒരേ അളവില്‍ നല്‍കുന്നതല്ല, മറിച്ച് പിന്നില്‍ നില്‍ക്കുന്നവനെ മുന്നിലുള്ളവനൊപ്പം എത്തിക്കാന്‍ കൂടുതല്‍ പിന്തുണ നല്‍കുന്നതാണ്.
തൊഴിലിടങ്ങളിലെ കൂലി വര്‍ധനവ് നിയമം വഴി നടപ്പിലാക്കാന്‍ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ക്ക് ഒരു പരിധി വരെ പരിഹാരമാവാന്‍ കെ.എസ്.ആര്‍.ടി.സിയിലെ സൗജന്യ സ്ത്രീയാത്രകള്‍ക്ക് സാധിക്കും. ഇത് സ്ത്രീ ശാക്തീകരണത്തിന്റെ പുതിയൊരു വാതില്‍ തുറക്കുമെന്നതില്‍ യാതൊരു സംശയവുമില്ല.
ഇത്രയൊക്കെ പറയുമ്പോഴും ഇതിന്റെ പിന്നില്‍ കോണ്‍ഗ്രസ് മുതലാളിത്ത രാഷ്ട്രീയത്തിന്റെ ചതി ഒളിപ്പിച്ചുവെച്ചിട്ടുണ്ടോ എന്ന സംശയം കേരളത്തില്‍ എല്ലാ ഘട്ടത്തിലും ഇടതുപക്ഷം ഉയര്‍ത്തി കൊണ്ടിരികണം.
കെ.എസ്.ആര്‍.ടി.സി എന്ന പൊതുമേഖലാ സ്ഥാപനത്തെ പൂര്‍ണമായും സ്വകാര്യവത്കരിപ്പിക്കുന്നതിനും നഷ്ട സൂചികയുടെ കണക്കു കാണിച്ചു ആ സ്ഥാപനത്തെ തകര്‍ത്ത് സ്വകാര്യ കുത്തക സ്ഥാപനങ്ങള്‍ക്ക് മുന്നിലേക്ക് വെക്കുന്നതിന് വേണ്ട പ്രവര്‍ത്തനവും ഇതിന്റെ പുറകില്‍ നടക്കുന്നുണ്ടെങ്കില്‍ കേരളം അതിശക്തമായ സമരത്തിന് സമീപകാല കേരളം സാക്ഷിയാവും.
കേവലം കമ്പോള യുക്തിയോടെ കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ അടക്കം അടച്ചുപൂട്ടിയ ചരിത്രമാണ് കേരളത്തില്‍ കോണ്‍ഗ്രസിനുള്ളത്. എല്ലാ സ്ഥാപനങ്ങളും ലാഭത്തോടെ മാത്രം പ്രവര്‍ത്തിപ്പിക്കുക എന്ന ഉദ്ദേശത്തോടെ നിയമന നിരോധനവും കരാര്‍ വ്യവസ്ഥയിലുള്ള തൊഴില്‍ ഇടങ്ങളിലെ നിയമനവും എല്ലാം നടപ്പിലാക്കിയിട്ടുള്ള കോണ്‍ഗ്രസില്‍ നിന്ന് ഇത്തരത്തിലുള്ള നയപരിപാടികള്‍ എത്രത്തോളം വിജയിപ്പിക്കാന്‍ ആകും എന്നത് സംശയകരമാണ്.
മുഖ്യമന്ത്രി വി.ഡി. സതീശന്‍
എന്നിരുന്നാലും ഡോ: ആസാദിന്റെ വരികള്‍ പോലെ,
‘ഞങ്ങള്‍ ചെയ്യുമ്പോള്‍ ശരിയും മറ്റുള്ളവര്‍ ചെയ്യുമ്പോള്‍ തെറ്റും എന്ന വിചാരവും വിശദീകരണവും തകര്‍ച്ചയുടെ തുടക്കമാണ്. ഒരു കുറ്റം ആരു ചെയ്താലും കുറ്റമാവണം. ഒരു ശരി ആരു ചെയ്താലും ശരിയാവണം. അത് സാമൂഹികമായ അബോധത്തിലും അവബോധത്തിലും വേരുകളാഴ്ത്തി വളര്‍ന്നു നില്‍ക്കണം ‘
Content highlight: Amit Prasad writes about free travel for women in KSRTC