പ്രത്യേക ക്ഷണം; ആര്‍.എസ്.എസ് പോഷകസംഘടനയുടെ ആസ്ഥാനത്തെത്തി മുത്തഖി
India
പ്രത്യേക ക്ഷണം; ആര്‍.എസ്.എസ് പോഷകസംഘടനയുടെ ആസ്ഥാനത്തെത്തി മുത്തഖി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th October 2025, 8:43 am

ന്യൂദല്‍ഹി: ഇന്ത്യയില്‍ സന്ദര്‍ശനം തുടരുന്ന താലിബാന്‍ നേതാവും അഫ്ഗാനിസ്ഥാന്‍ വിദേശകാര്യമന്ത്രിയുമായ ആമിര്‍ ഖാന്‍ മുത്തഖി ആര്‍.എസ്.എസ് പോഷകസംഘടനയുടെ ആസ്ഥാനത്തുമെത്തി.

ആര്‍.എസ്.എസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ചിന്താസ്ഥാപനമായ വിവേകാനന്ദ ഫൗണ്ടേഷന്‍ (വി.ഐ.എഫ്) ദല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് മുത്തഖി പങ്കെടുത്തത്. വി.ഐ.എഫിന്റെ പ്രത്യേക ക്ഷണം ലഭിച്ചതിന് പിന്നാലെയായിരുന്നു മുത്തഖിയുടെ സന്ദര്‍ശനം.

ശനിയാഴ്ച മുത്തഖി ഉത്തര്‍പ്രദേശ് സഹാറന്‍പൂരിലെ ദാറുല്‍ ഉലൂം ദയൂബന്ത് സന്ദര്‍ശിച്ചിരുന്നു. മതപണ്ഡിതരായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. അഫ്ഗാനിസ്ഥാനിലെ ഭരണമാറ്റത്തിനുശേഷം ഒരു മുതിര്‍ന്ന താലിബാന്‍ നേതാവ് ദാറുല്‍ ഉലൂം ദയൂബന്തില്‍ നടത്തുന്ന ആദ്യ സന്ദര്‍ശനമായിരുന്നു ഇത്.

ഇതിന് മുന്നോടിയായാണ് അഫ്ഗാന്‍ വിദേശകാര്യമന്ത്രി വി.ഐ.എഫ് ആസ്ഥാനത്ത് എത്തിയത്. പരിപാടിയുടെ ചിത്രങ്ങള്‍ വി.ഐ.എഫ് തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ സംഭവം ചര്‍ച്ചയായി. സാമ്പത്തികം, സംസ്‌കാരം, ചരിത്രം എന്നീ വിഷയങ്ങളില്‍ മുത്തഖി സംസാരിച്ചതായും ആര്‍.എസ്.എസിന്റെ പോഷക സംഘടന പറഞ്ഞു.

രവീന്ദ്രനാഥ് ടാഗോറിന്റെ കാബൂളിവാലയെ കുറിച്ചുള്ള മുത്തഖിയുടെ പരാമര്‍ശവും വി.ഐ.എഫ് ചൂണ്ടിക്കാട്ടി. മുത്തഖിയുടെ പ്രസംഗം പരിപാടിയില്‍ പങ്കെടുത്തവരില്‍ അതിയായ സന്തോഷം ഉണ്ടാക്കിയെന്നും സംഘടന പറഞ്ഞു.

ഏഴ് ദിവസത്തെ സന്ദര്‍ശത്തിനായാണ് മുത്തഖി ഇന്ത്യയിലെത്തിയത്. വെള്ളിയാഴ്ച ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി മുത്തഖി കൂടിക്കാഴ്ചയും നടത്തിയിരുന്നു. ഇതിനിടെ ദല്‍ഹിയില്‍ നടന്ന മുത്തഖിയുടെ വാര്‍ത്താസമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത് വലിയ വിവാദമായിരുന്നു.

ദല്‍ഹിയില്‍ വെള്ളിയാഴ്ച വൈകുന്നേരം വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ നിന്നാണ് വനിതാ മാധ്യമപ്രവര്‍ത്തകരെ മുത്തഖി പൂര്‍ണമായും ഒഴിവാക്കിയത്.

പിന്നാലെ വനിതാ പത്രപ്രവര്‍ത്തകരെ ഒഴിവാക്കിയത് വിവേചനപരവും നീതീകരിക്കാനാകാത്തതുമാണെന്ന് എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യയും ഇന്ത്യന്‍ വനിതാ പ്രസ് കോര്‍പ്സും (ഐ.ഡബ്ല്യു.പി.സി) വിമര്‍ശിച്ചിരുന്നു.

എന്നാല്‍ സാങ്കേതിക പ്രശ്‌നത്തെ തുടര്‍ന്നാണ് പത്രസമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ വിലക്കിയതെന്നാണ് മുത്തഖി നല്‍കിയ വിശദീകരണം. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിന് പങ്കില്ലെന്നായിരുന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.

Content Highlight: Amir Muttaqqi in VIF