ഈ മുടി വിഗ്ഗാണോ എന്നൊക്കെ ചോദിച്ച് മമ്മൂക്ക കളിയാക്കുമായിരുന്നു: ആമിന നിജാം
Entertainment
ഈ മുടി വിഗ്ഗാണോ എന്നൊക്കെ ചോദിച്ച് മമ്മൂക്ക കളിയാക്കുമായിരുന്നു: ആമിന നിജാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 22nd May 2024, 3:47 pm

ഈ വര്‍ഷം സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ടര്‍ബോ. മമ്മൂട്ടി-വൈശാഖ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രം റിലീസിന് മുമ്പ് പല റെക്കോഡുകളും തകര്‍ത്തെറിയുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ആമിന നിജാം. ചിത്രത്തില്‍ നിരഞ്ജന എന്ന കഥാപാത്രത്തെയാണ് ആമിന അവതരിപ്പിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത പതിനെട്ടാം പടിയിലൂടെയാണ് ആമിന സിനിമാരംഗത്തേക്കെത്തുന്നത്.

ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് മമ്മൂട്ടി പലതും പറഞ്ഞ് കളിയാക്കുമായിരുന്നെന്നും, ഓരോ ദിവസവും ഓരോ ഇരട്ടപേരാണ് വിളിക്കാറെന്നും പറഞ്ഞു. മമ്മൂക്കയുടെ ഡ്രൈവിങ് സ്‌കില്ലൊക്കെ നേരിട്ട് കാണാന്‍ സാധിച്ചത് ഭാഗ്യമാണെന്നും ആമിന കൂട്ടിച്ചേര്‍ത്തു. ടര്‍ബോയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ജാങ്കോ സ്‌പേസ് ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് ആമിന ഇക്കാര്യം പറഞ്ഞത്.

‘ഷൂട്ടിങ് സ്ഥലത്ത് മമ്മൂക്കയുമായിട്ടാരുന്നു എനിക്ക് ഏറ്റവും കൂടുതല്‍ കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടായിരുന്നത്. ആദ്യത്തെ ദിവസം എന്നെ കണ്ടപ്പോള്‍ ഈ മുടി വിഗ്ഗാണോ എന്നാണ് മമ്മൂക്ക ചോദിച്ചത്. എന്റെ രൂപവും പൊക്കവുമൊക്കെ കണ്ട് മിനിയന്‍ എന്നാണ് വിളിച്ചത്. ഓരോ ദിവസവും ഓരോ പേരായിരുന്നു പുള്ളി വിളിച്ചിരുന്നത്.

രണ്ടുമൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ചെറുത് എന്നായിരുന്നു വിളിച്ചത്. ഷോട്ടിന്റെ സമയത്തൊക്കെ ചെറുതെവിടെ എന്നൊക്കെ എല്ലാവരോടും അന്വേഷിക്കും. എനിക്ക് ഏറ്റവും കൂടുതല്‍ കോമ്പിനേഷന്‍ സീനുകളുണ്ടായിരുന്നത് മമ്മൂക്കയുമായിട്ടായിരുന്നു. മമ്മൂക്കയുടെ ഡ്രൈവിങ് സ്‌കില്ലൊക്കെ അത്രയും അടുത്ത് നിന്ന് കാണാന്‍ പറ്റിയതൊക്കെ വലിയ ഭാഗ്യമാണ്,’ ആമിന പറഞ്ഞു.

Content Highlight: Amina Nijam shares the shooting experience with Mammootty in Turbo